Connect with us

Articles

ചെറുകിട സംരംഭകര്‍ക്ക് വഴിവെട്ടണം

Published

|

Last Updated

കേരളം ദൈവത്തിന്റെ സ്വന്തം നാടായി നിലനിന്നതിനു പിന്നില്‍ കാലക്രമ പ്രകാരമുള്ള കാലാവസ്ഥ മാത്രമല്ല, മറിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന, മണ്ണും ജലവും മലിനമാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ കേരളീയര്‍ വെച്ചുപൊറുപ്പിക്കാറില്ല എന്നതും കൂടിയായിരുന്നു. അക്കാരണത്താല്‍ തന്നെ വ്യവസായികളെ സംബന്ധിച്ചിടത്തോളം അടുത്ത കാലം വരെയും കേരളം അവരുടെ ഇഷ്ട പ്രദേശമായിരുന്നില്ല.

കേരളം അടുത്തിടെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയിരിക്കുന്നു. നിലവില്‍ രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളെയാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. എട്ടാമത്തെ സംസ്ഥാനമായി കേരളവും. ജില്ലാ തലത്തില്‍ ബിസിനസ് പരിഷ്‌കരണ കര്‍മപദ്ധതിയുടെ പ്രാഥമിക മൂല്യനിര്‍ണയം, ബിസിനസ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകാരം, ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ക്കായുള്ള നിബന്ധനകള്‍ ലഘൂകരിക്കല്‍, കമ്പ്യൂട്ടര്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം നടപ്പാക്കല്‍ തുടങ്ങിയ കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതു കൊണ്ടാണ് കേരളത്തിന് ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചത്. ഇക്കാരണത്താല്‍ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പൊതു വിപണിയില്‍ നിന്ന് കേരളത്തിന് 2,261 കോടി രൂപ അധിക വായ്പ എടുക്കാമെന്ന ആശ്വാസവുമാണ് സര്‍ക്കാറിനുള്ളത്.

അതേസമയം പൊതുജനാരോഗ്യം, പൊതുഗതാഗതം, ഊര്‍ജം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പേ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുള്ള കേരളത്തിന് ഇക്കാലമത്രയും വ്യവസായ രംഗത്ത് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടായിരിക്കും?
കേരളം എന്തുകൊണ്ട് അടുത്തകാലം വരെ വ്യവസായ സൗഹൃദമായില്ല എന്ന് പരിശോധിക്കുമ്പോള്‍ എത്തിച്ചേരാനാകുന്ന ചില നിഗമനങ്ങളുണ്ട്. കേരളത്തിലെ മണ്ണും പ്രകൃതിയും ജനവാസ യോഗ്യവും ജൈവസമ്പുഷ്ടവുമാണ്. അക്കാരണത്താല്‍ കാര്‍ഷിക യോഗ്യവുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനവാസം ഏറെയുള്ള സംസ്ഥാനവുമാണ്. അതോടൊപ്പം കേരളം വ്യാവസായിക ദുരന്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും കാണാനാകും.

കേരളത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ച വന്‍കിട കുത്തക വ്യവസായ സ്ഥാപനങ്ങളിലൊന്നായിരുന്നു മാവൂര്‍ റയോണ്‍സ് ഫാക്ടറി. മാവൂര്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത 500 ഏക്കറിലധികം വരുന്ന ഭൂമിയാണ് റയോണ്‍സിനു വേണ്ടി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. തന്നെയുമല്ല ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഈറ്റ, മുള, യൂക്കാലി തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത് നാമമാത്ര വില ഈടാക്കിയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കുത്തക കമ്പനിക്ക് ഭൂമിയും അസംസ്‌കൃത വസ്തുക്കളും സൗജന്യ സമാനമായ രീതിയില്‍ നല്‍കി. ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത് സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് കടന്നു വരുന്നതിനും ഇത്തരമൊരു പ്രവര്‍ത്തനത്തിലൂടെ സാധിക്കും എന്നതായിരുന്നു.
റയോണ്‍സ് ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം പേര്‍ക്ക് നേരിട്ടും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതേസമയം കമ്പനിയുടെ ഏകദേശം 40 കിലോമീറ്റര്‍ ചുറ്റളവില്‍ വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയ പരിസ്ഥിതിനാശം സംഭവിക്കുകയും അത്രയും പ്രദേശത്തെ മനുഷ്യര്‍ പലവിധ രോഗങ്ങള്‍ക്ക് ഇരയാകുകയും ചെയ്തുവെന്നത് യാഥാര്‍ഥ്യമാണ്.

കമ്പനിയില്‍ നിന്ന് പ്രതിദിനം ചാലിയാറിലേക്ക് ഒഴുകി എത്തിയിരുന്ന വിഷജലം ബേപ്പൂര്‍ മുതല്‍ അരീക്കോട് വരെയുള്ള ഏകദേശം 30 കിലോമീറ്റര്‍ ദൂരം ചാലിയാറിനെ വിഷമയമാക്കി നിലനിര്‍ത്തിയിരുന്നു എന്നതും നിഷേധിക്കാനാകാത്ത കാര്യമാണ്. കമ്പനിക്കെതിരായി നിരവധിയായ തൊഴില്‍ സമരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും അതൊന്നും കമ്പനിയുടെ പ്രവര്‍ത്തനം പരിപൂര്‍ണമായി നിര്‍ത്തിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ലെന്ന് വ്യക്തം. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചതായി മാനേജ്‌മെന്റിനും സര്‍ക്കാറിനും പ്രഖ്യാപിക്കേണ്ടി വന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലുള്ള തൊഴിലാളി സംഘടനകളുടെ സമരം മൂലമല്ല. കമ്പനിയില്‍ നിന്ന് പുറന്തള്ളുന്ന വിഷവായു ശ്വസിച്ചും വിഷജലം കുടിച്ചും വിഷജലത്തില്‍ കുളിച്ചും ക്യാന്‍സര്‍ രോഗിയായി മാറിയ അനേകരില്‍ ഒരുവനായ കെ എ റഹ്മാന്‍ ( മാവൂര്‍, എടവണ്ണപ്പാറ) എന്ന വയോധികന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബഹുജന സമരമായിരുന്നു അതിന്റെ പ്രധാന കാരണം. സമരത്തില്‍ ആദ്യാവസാനം അടിയുറച്ചു നിന്നവരിലേറെയും ക്യാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും അടിപ്പെട്ടവരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു എന്ന യാഥാര്‍ഥ്യവും സര്‍ക്കാര്‍ തിരിച്ചറിയേണ്ടത് തന്നെയാണ്.

കേന്ദ്ര ധനവിനിയോഗ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് പരിസ്ഥിതി നിയമങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളിലും ഇളവുകള്‍ പ്രഖ്യാപിക്കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ അസാധാരണ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ശക്തമായ പരിസ്ഥിതി നിയമങ്ങളും മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങളും മാലിന്യ നിര്‍മാര്‍ജന നിയമങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങള്‍ വരുത്തിവെച്ച വിപത്തുകള്‍ എന്തെല്ലാമായിരുന്നു എന്ന് പരിശോധിക്കാന്‍ ഒരു വേള സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു.
പ്ലാച്ചിമടയിലെ കോള കമ്പനിക്കു മുമ്പിലും നിലമ്പൂരിലെ ലാറ്റക്‌സ് കമ്പനിക്കു മുമ്പിലും കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയത്തിനതീതമായി സമരം ചെയ്തത് എന്തിന് വേണ്ടിയായിരുന്നെന്ന കാര്യം സംസ്ഥാന വ്യവസായ വകുപ്പ് പഠിക്കാന്‍ തയ്യാറാകേണ്ടിയിരുന്നു.
കേരളം കണ്‍സ്യൂമര്‍ സ്റ്റേറ്റാണെന്നാണ് കാലങ്ങളായി സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതേസമയം കേരളം ഒരു കാലത്ത് കാര്‍ഷിക സംസ്ഥാനമായിരുന്നു എന്ന യാഥാര്‍ഥ്യം എല്ലാവരും വിസ്മരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, ജൈവ സമൃദ്ധമായ, വിജന ഭൂമിയില്ലാത്ത കൊച്ചു കേരളത്തിലേക്ക് പരിസ്ഥിതി നിയമങ്ങള്‍ അവഗണിക്കുന്ന വന്‍കിട വ്യവസായങ്ങളെയോ ബഹുരാഷ്ട്ര കമ്പനികളെയോ അല്ല ക്ഷണിച്ചു വരുത്തേണ്ടത്. മറിച്ച് ജനഹിതം മാനിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ചെറുകിട വ്യവസായ സംരംഭങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരേണ്ടത്. അതിനാവശ്യമായ സൗഹൃദാന്തരീക്ഷവും ഉദ്യോഗസ്ഥ മനോഭാവവും സൃഷ്ടിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

നിലവില്‍ ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളത്തെ ഉത്പാദന സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനാവശ്യമായ ശ്രമങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും അനുബന്ധ വ്യവസായങ്ങളും വളര്‍ന്നു വരുന്നതിന് തടസ്സമായ കാര്യങ്ങളെ നിഷ്‌കാസനം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.
കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷിവകുപ്പ് ജീവനക്കാരെ പ്രാപ്തരാക്കുകയും വ്യവസായ ശാലകള്‍ സന്ദര്‍ശിച്ച് സ്ഥാപനം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സാങ്കേതിക ജ്ഞാനം നല്‍കാന്‍ തയ്യാറുള്ളവരായി വ്യവസായ വകുപ്പ് ജീവനക്കാരെ മാറ്റിയെടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെയും സംസ്ഥാനത്തെ കൃഷിയും അനുബന്ധ വ്യവസായങ്ങളും വളര്‍ന്നു വരുമെന്ന പൂര്‍ണ വിശ്വാസമാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുള്ളത്. വന്‍കിട വ്യവസായങ്ങളെ ക്ഷണിച്ചു വരുത്തുന്നത് സര്‍ക്കാറിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരവും പൊതുവിപണിയില്‍ നിന്ന് കൂടുതല്‍ പണം കടമെടുക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതത്ര ഗുണകരമല്ല. അക്കാരണത്താല്‍ തന്നെ കേരളത്തില്‍ വളര്‍ന്നു വരേണ്ടത് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ അല്ല, മറിച്ച് ചെറുകിട വ്യവസായ സംരംഭങ്ങളാണ്. വൈകിയാണെങ്കിലും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest