Connect with us

Editorial

പാലൂട്ടിയ കൈകളെ വെട്ടിമാറ്റുന്ന ക്രൂരത

Published

|

Last Updated

മാതാ പിതാ ഗുരു ദൈവം എന്നാണ് തത്വം. ചെറുപ്പം മുതലേ കേട്ടും പഠിച്ചും വരുന്ന ആപ്തവാക്യം. എന്നാല്‍ ജന്മം നല്‍കി പാലൂട്ടി വളര്‍ത്തിയ മാതാവിനെയും വളര്‍ത്തി വലുതാക്കാന്‍ ചോര നീരാക്കി അധ്വാനിച്ച പിതാവിനെയും മക്കള്‍ നിഷ്‌കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. ബസ്‌സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പല നടകളിലുമെല്ലാം മാതാപിതാക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കള്‍ ധാരാളം. വൃദ്ധസദനങ്ങളുടെ എണ്ണത്തിലെ ഭീമമായ വര്‍ധന വിരല്‍ ചൂണ്ടുന്നതും മാതാപിതാക്കളെ ഒരു ഭാരമായി കാണുന്ന മക്കള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരുന്നു എന്നതിലേക്കാണ്.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ മകന്‍ വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് വയോധികനായ പിതാവ് വിശന്നു മരിക്കുകയും മാതാവ് മാനസിക രോഗിയായിത്തീരുകയും ചെയ്ത സംഭവം കേട്ട് കേരളീയര്‍ നടുങ്ങി കഴിഞ്ഞ ദിവസം. കോട്ടയം മുണ്ടക്കയത്ത് റെജി എന്ന യുവാവാണ് ഈ കൊടും ക്രൂരത കാണിച്ചത്. സമീപവാസികളോ ബന്ധുക്കളോ എത്തി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതിരിക്കാന്‍ വീടിനു മുമ്പില്‍ ഒരു പട്ടിയെയും കെട്ടിയിട്ടിരുന്നുവത്രെ. കൊടും പട്ടിണിമൂലം എത്രമാത്രം പ്രയാസവും ശാരീരിക ബുദ്ധിമുട്ടും അനുഭവിച്ചിരിക്കണം പൊടിയന്‍ എന്ന 80 വയസ്സ് പ്രായമുണ്ടായിരുന്ന ആ വയോധികന്‍. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതാണ് മരണ കാരണമെന്ന് ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ഭക്ഷണം ലഭിക്കാത്തതിനാല്‍ ആന്തരാവയവങ്ങള്‍ ചുരുങ്ങിയതായും സമീപ ദിവസങ്ങളിലൊന്നും തൊണ്ടയിലൂടെ ഭക്ഷണം ഇറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊടിയന്റെ ദാരുണമായ അവസ്ഥയും ദയനീയ അന്ത്യവും കണ്ടാണ് 75 വയസ്സുള്ള മാതാവ് മാനസിക രോഗിയായി മാറിയത്. രണ്ട് ദിവസം മുമ്പ് ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയതോടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിയുന്നത്.

സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോഴായി കേട്ടുകൊണ്ടിരിക്കുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹംസ എന്ന 62കാരനെ മക്കളും മരുമകളും ചേര്‍ന്ന് മര്‍ദിക്കുകയും സാരമായി പരുക്കേറ്റ അയാള്‍ മരിക്കുകയും ചെയ്തത് ഒരു മാസം മുമ്പാണ്. ആറ് മാസം മുമ്പ് പത്തനംതിട്ട കവിയൂരില്‍ എബ്രഹാം ജോസഫ് എന്ന വയോധികനെ മകന്‍ അനില്‍ മുളവടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന രംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ അയല്‍വാസികളില്‍ ഒരാളാണ് മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ചങ്ങനാശ്ശേരിയിലെ വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയെ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ തറയിലിട്ടു ചവിട്ടിയും ചുമരിനു പിടിച്ചു തള്ളിയും കൊലപ്പെടുത്തിയത് അടുത്തിടെയാണ്. സ്വത്തെല്ലാം നാല് മക്കള്‍ക്കായി എഴുതിവെക്കാന്‍ സന്മസ്സ് കാണിച്ച പിതാവിനെ മക്കള്‍ വീട്ടില്‍ നിന്നിറക്കി വിട്ടതും പിതാവിന്റെ കാല്‍മുട്ട് അടിച്ചൊടിക്കാന്‍ മകന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതും “സാംസ്‌കാരിക” കേരളത്തില്‍ തന്നെ.

ഏറെ കഷ്ടപ്പാട് സഹിച്ചും ചോര നീരാക്കിയുമാണ് മാതാപിതാക്കള്‍ മക്കളെ പോറ്റിവളര്‍ത്തുന്നത്. മക്കളുടെ സുഖത്തിനായി സ്വന്തം സുഖസന്തോഷങ്ങളെ അവര്‍ ത്യജിക്കുന്നു. സ്വയം പട്ടിണി കിടന്ന് അവരുടെ വിശപ്പകറ്റുന്നു. സ്വജീവന്‍ പോലും പണയപ്പെടുത്തുന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോയി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ ശേഷം ഒരു അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, തന്നെ പ്രതീക്ഷിച്ച് ഉറക്കമിളച്ചു കാത്തിരിക്കുന്ന മാതൃസ്‌നേഹത്തിന്റെ പ്രതീകമായ തന്റെ ഉമ്മയെ ചിത്രീകരിക്കുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കൃതിയില്‍. ഇതൊരു ഉമ്മയുടെ മാത്രം കഥയല്ല. അനേകം ഉമ്മമാരുടേതാണ്. മക്കള്‍ക്ക് നേരേ സ്‌നേഹം വഴിഞ്ഞൊഴുകുന്നതാണ് മിക്ക മാതാക്കളുടെയും ഹൃദയം. മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്നതോടൊപ്പം പ്രായമാകുമ്പോള്‍ അവര്‍ തങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന പ്രതീക്ഷയിലാണ് ഈ ത്യാഗങ്ങള്‍ അവര്‍ സഹിക്കുന്നത്. പക്ഷേ ഇതൊക്കെ കണ്ടറിഞ്ഞും മനസ്സിലാക്കിയും സ്‌നേഹം തിരിച്ചു നല്‍കാന്‍ സന്മസ്സ് കാണിക്കുന്ന മക്കളുടെ എണ്ണം തുലോം പരിമിതമാണിന്ന്.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് കാണിക്കേണ്ട ഘട്ടത്തില്‍ മാതാപിതാക്കളെ അനായാസം വലിച്ചെറിയുകയാണവര്‍. എല്ലാം കച്ചവടക്കണ്ണുകളോടെ കാണുകയും സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്ന ഇന്നത്തെ തലമുറയില്‍ മാതാപിതാക്കളുടെ സംരക്ഷണം ഒരധികപ്പറ്റായാണ് പലരും കണ്ടുവരുന്നത്. കേരളത്തില്‍ മക്കളുടെ ഉപദ്രവം സംബന്ധിച്ച പരാതിയുമായി തങ്ങളെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് ഇതിനിടെ സംസ്ഥാന വനിതാ കമ്മീഷന്‍ വെളിപ്പെടുത്തിയത്. പൂര്‍ണ സാക്ഷരത കൈവരിച്ചവരെന്ന് അവകാശപ്പെടുന്ന കേരളീയരുടെ സാംസ്‌കാരികാധപതനത്തിലേക്കാണ് വനിതാ കമ്മീഷന്റെ ഈ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് കൂണുപോലെ മുളച്ചു വരുന്ന വൃദ്ധസദനങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. മക്കളുടെ അവഗണനയും പീഡനവും സഹിക്കവയ്യാതെ വീട് വിട്ടിറങ്ങുകയും മക്കളുടെ കൈയാല്‍ വധിക്കപ്പെടുകയും ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന വര്‍ധനവും മറ്റൊന്നല്ല നമ്മെ ഓര്‍മപ്പെടുത്തുന്നത്.
പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിക്കുമെന്നൊരു ചൊല്ലുണ്ട്. തനിക്കും വരാനുണ്ട് ഇത്തരമൊരവസ്ഥ, ഏറെ താമസിയാതെ താനും പഴുത്തു വീഴാനുള്ളതാണെന്ന് പച്ചില ഓര്‍ക്കുന്നില്ലെന്നതാണ് ഈ പഴഞ്ചൊല്ലിലെ ഗുണപാഠം. വയോജനങ്ങളോട് അവഗണനയും നീരസവും കാണിക്കുന്ന യുവത്വത്തിനുമുണ്ട് ഇതില്‍ പാഠം. രണ്ടാം ശൈശവമെന്നാണ് വാര്‍ധക്യത്തെ വിശേഷിപ്പിക്കാറുള്ളത്. ശാരീരിക ചാപല്യങ്ങളും ബുദ്ധിപരമായ അപക്വതയുമൊക്കെ ഈ പ്രായത്തിന്റെ സവിശേഷതയാണ്. ഇത് മനസ്സിലാക്കി അവരോട് സൗമ്യമായും സ്‌നേഹമസൃണമായും പെരുമാറുകയാണ് മക്കളുടെ ബാധ്യത. ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണ് മാതാപിതാക്കള്‍ക്ക് നേരേയുള്ള സ്‌നേഹ നിരാസത്തിന്റെ മുഖ്യകാരണം. ബന്ധങ്ങളുടെ ഇഴയടുപ്പത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയോളം ആസ്വാദ്യകരമല്ല ജീവിതത്തില്‍ മറ്റൊന്നും. മരണത്തിനും അറുത്തെറിയാന്‍ കഴിയാത്തതാണല്ലോ മാതാപിതാക്കളുമായുള്ള ബന്ധം.

---- facebook comment plugin here -----

Latest