Covid19
92 രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചു

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഡ് വാകിനായ കൊവാക്‌സിന് വേണ്ടി 92 രാജ്യങ്ങള്‍ സമീപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. ഇതിനകം തന്നെ ബംഗ്ലാദേശ്, നേപ്പാല്‍, ഭൂട്ടാന്‍ അട്ടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും.ശ്രീലങ്ക, അഫ്ഗാസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍. പാക്കിസ്ഥാനും വാക്‌സിനായി ഇന്ത്യയെ സമീപിച്ചതായാണ് വിവരം.
50 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഓക്സ്ഫഡ് – ആസ്ട്രസെനിക്ക വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
ലോകത്തെ കൊവിഡ് കേസില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീല്‍ വാക്‌സിനായി പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. കൊവിഡ് വാക്സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക.