Connect with us

Editorial

അര്‍ണബ് സമാന്തര ഭരണ കേന്ദ്രമോ?

Published

|

Last Updated

ഞെട്ടലുളവാക്കുന്നതാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാര്‍ത്തോ ദാസ് ഗുപ്തയും റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും തമ്മില്‍ നടന്ന വാട്‌സ്ആപ്പ് ആശയവിനിമയങ്ങളുടെ രേഖകള്‍. റിപ്പബ്ലിക് ടി വിക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടെന്ന് വരുത്താന്‍ ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാട്ടുന്നതിന് രണ്ട് പേരും ഗൂഢാലോചന നടത്തിയെന്നത് മാത്രമല്ല, ബി ജെ പിയുടെ അപകടകരമായ രാഷ്ട്രീയ ഗൂഢാലോചനകളിലേക്കും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് ഇവരുടെ ആശയവിനിമയങ്ങള്‍. 40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ പുല്‍വാമ “ഭീകരാക്രമണ”ത്തെക്കുറിച്ച് അര്‍ണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നതാണ് ഇതിലേറെ അമ്പരിപ്പിക്കുന്ന വിവരം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാഭിപ്രായം മോദി സര്‍ക്കാറിന് അനുകൂലമല്ലെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ഉണ്ടായ ഘട്ടത്തില്‍ 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ഭീകരാക്രമണം നടക്കുന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് തിരിച്ച 78 ബസ്സുകള്‍ അടങ്ങിയ വാഹനവ്യൂഹത്തിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഒരാഴ്ച കഴിഞ്ഞ് ഇന്ത്യന്‍ സൈന്യം ബാലാകോട്ടില്‍ മിന്നലാക്രമണം നടത്തി. ഇതോടെ രാഷ്ട്രീയാന്തരീക്ഷം ബി ജെ പിക്കനുകൂലമായി മാറുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സജീവ ചര്‍ച്ചയാകേണ്ടിയിരുന്ന റാഫേല്‍ വിമാന ഇടപാട് പോലുള്ള വിഷയങ്ങള്‍ അപ്രസക്തമാകുകയും ബാലാകോട്ട് സൈനിക നടപടി മോദി സര്‍ക്കാറിന്റെ മികച്ച വിജയമായി കൊട്ടിഘോഷിക്കുകയും ചെയ്തു ബി ജെ പി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മള്‍ വിജയിച്ചുവെന്ന അര്‍ണബിന്റെ ആവേശത്തോടെയുള്ള ചാറ്റിംഗും, “വലിയ ആള്‍”ക്ക് ഇത് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പില്‍ അദ്ദേഹം നേട്ടമുണ്ടാക്കുമെന്നുമുള്ള പാര്‍ത്തോ ദാസ് ഗുപ്തയുടെ മറുപടിയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ബാലാകോട്ട് ആക്രമണത്തിന്റെ മൂന്ന് ദിവസം മുമ്പ്, “വലിയൊരു സംഭവം” നടക്കാന്‍ പോകുന്നുവെന്നും ഇത് സാധാരണ ആക്രമണത്തേക്കാള്‍ വലുതായിരിക്കുമെന്നും അര്‍ണബ് പാര്‍ത്തോ ദാസ് ഗുപ്തയെ അറിയിക്കുന്നതായും രേഖകള്‍ കാണിക്കുന്നു. അതീവ രഹസ്യമായി നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ആക്രമണത്തെപ്പറ്റി അര്‍ണബ് ഗോസ്വാമിക്ക് നേരത്തേ എങ്ങനെ വിവരം ലഭിച്ചു? പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയുമൊക്കെ ഓഫീസുമായി അര്‍ണബിന് വ്യക്തമായ ബന്ധമുണ്ടെന്നല്ലേ ഇത് കാണിക്കുന്നത്? സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭാ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ പിടിപാട്, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന രീതി തുടങ്ങിയ കാര്യങ്ങളുമുണ്ട് സന്ദേശത്തില്‍.
പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്നേ ചില സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ സൈനിക വ്യൂഹം കടന്നു പോകുന്ന സമയത്ത് എങ്ങനെ പതിവില്ലാതെ സിവിലിയന്‍ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചു? കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട സൈനിക വ്യൂഹത്തെ ഇത്തരം ഘട്ടങ്ങളില്‍ വ്യോമ മാര്‍ഗമാണ് കൊണ്ടുപോകാറുള്ളത്. അന്നെന്തുകൊണ്ട് പതിവിനു വിപരീതമായി റോഡ് മാര്‍ഗം കൊണ്ടുപോയി? ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല? ഇന്നും വ്യക്തമായ ഉത്തരമില്ല ഈ ചോദ്യങ്ങള്‍ക്ക്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബി ബി സി ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി

എടുത്തുകളയുന്നതുള്‍പ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഭരണപരമായ കാര്യങ്ങളും അര്‍ണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നും ചാറ്റിംഗ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
അര്‍ണബിന്റെ വിവാദ സന്ദേശങ്ങള്‍ പാക്കിസ്ഥാന്‍ നയതന്ത്രതലത്തില്‍ ആയുധമാക്കുന്നുണ്ട്. ഇന്ത്യയിലെ ഭരണകൂടം ബാലാകോട്ട് പ്രശ്‌നം എങ്ങനെയാണ് തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചതെന്ന് 2019ല്‍ യു എന്‍ പൊതുസഭയില്‍ താന്‍ വ്യക്തമാക്കിയതാണെന്നും മോദി സര്‍ക്കാറും ഇന്ത്യന്‍ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് യുദ്ധക്കൊതിയനായ ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്റെ സന്ദേശങ്ങള്‍ തുറന്നു കാണിക്കുന്നതെന്നുമാണ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനായി അപകടകരമായ സൈനിക നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബാലാകോട്ട് ആക്രമണം ബി ജെ പിയുടെ നാടകമായിരുന്നുവെന്നും വ്യാജ ഏറ്റുമുട്ടലുകളും തീവ്ര ദേശീയതയും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മോദി സര്‍ക്കാറിന്റെ തുറുപ്പു ചീട്ടുകളാണെന്ന പാക്കിസ്ഥാന്റെ നിലപാടിനെ ശരിവെക്കുന്നതാണ് അര്‍ണബിന്റെ ചാറ്റുകളെന്നുമാണ് പാക് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

അതീവ ഗുരുതരമായ മൂന്ന് കാര്യങ്ങളാണ് അര്‍ണബിന്റെ വാട്‌സ്ആപ്പ് ചാറ്റിലൂടെ വെളിപ്പെട്ടത്. രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നതാണ് ഒന്ന്. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്ന അര്‍ണബ് 40 പട്ടാളക്കാരുടെ മരണം ആഘോഷിച്ചതാണ് മറ്റൊന്ന്. റിപ്പബ്ലിക് ടി വിക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടെന്ന് വരുത്താന്‍ ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചതാണ് മൂന്നാമത്തേത്. മറ്റൊരു മീഡിയയുമായോ രാഷ്ട്രീയ നേതാവുമായോ ബന്ധപ്പെട്ടായിരുന്നു സമാന വിവരങ്ങള്‍ പുറത്തുവന്നതെങ്കില്‍ എന്തായിരിക്കും പുകില്? കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതാക്കളും അര്‍ണബിന്റെ കാര്യത്തില്‍ ഇപ്പോള്‍ നാവനക്കുന്നുമില്ല. വാട്‌സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതിന് പാക് പ്രസിഡന്റ് ഇംറാന്‍ ഖാനെ കുറ്റപ്പെടുത്തിയതല്ലാതെ ചോര്‍ന്ന രേഖകളിലെ ഒരു പരാമര്‍ശം പോലും അര്‍ണബ് നിഷേധിച്ചിട്ടില്ല. രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും വക്താക്കളെന്നവകാശപ്പെടുന്ന ബി ജെ പി നേതാക്കളുടെയും സംഘ്പരിവാര്‍ പ്രഭൃതികളുടെയും തനിനിറം ഒന്നുകൂടി വ്യക്തമാകാന്‍ സഹായകമാണ് അര്‍ണബിന്റെ ഈ ചാറ്റിംഗുകള്‍.