Pathanamthitta
തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ തിരികെ നല്‍കണമെന്ന് പോലിസ്

പത്തനംതിട്ട | തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ തിരികെ നല്‍കണമെന്ന അപ്രതീക്ഷിതമായ ഉത്തരവുമായി പോലീസ്. സാധാരണ തിരഞ്ഞെടുപ്പു സമയങ്ങളില്‍ മാത്രമാണ് ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവര്‍ ഇതു തിരികെ നല്‍കേണ്ടത്. എന്നാല്‍ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തോക്ക് പിടിച്ചുവാങ്ങാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. തോക്ക് ലൈസന്‍സുള്ളവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സറണ്ടര്‍ ചെയ്യണമെന്ന് വാക്കാലുള്ള അറിയിപ്പുമായി പോലീസ് എത്തിയിരിക്കുന്നത്. എന്നാല്‍,പോലീസിന്റെ നിര്‍ദേശം അനവസരത്തിലും അനാവശ്യവുമാണെന്നും ഹൈക്കോടതി നിര്‍ദേശങ്ങളുടെ ലംഘനവുമാണെന്ന് തോക്ക് ഉടമകള്‍ പറയുന്നു. 350 ഓളം പേര്‍ക്ക് ജില്ലയില്‍ തോക്ക് ലൈസന്‍സുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ടുമാസമായി തോക്ക് സറണ്ടര്‍ ചെയ്തിരുന്നു. ഇതു തിരികെ ലഭിച്ചിട്ട് രണ്ടാഴ്ച ആയിട്ടില്ല. പെരുമ്പെട്ടി, കീഴ് വായ്പൂര് പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് തോക്ക് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഉടമകള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍, സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവരുടെ തോക്കുകള്‍ ഇക്കാലയളവില്‍ വാങ്ങിവയ്ക്കണമെന്നാണ് നിര്‍ദേശം. സാധാരണഗതിയില്‍ ലൈസന്‍സുള്ള എല്ലാവരില്‍ നിന്നും തിരഞ്ഞെടുപ്പു കാലത്ത് തോക്ക് വാങ്ങിവയ്ക്കാറുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം അറിയിപ്പിന് പ്രസക്തിയില്ലെന്നാണ് തോക്കുടമകളുടെ വാദം. അറിയിപ്പ് നല്‍കേണ്ട അധികാരി ജില്ലാ കലക്ടറാണ്. കലക്ടറും ജില്ലാ പോലീസ് മേധാവിയും അടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. രണ്ട് പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ നിര്‍ദേശം പിന്നാലെ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നാണ് സൂചന.
കാട്ടുപന്നി ശല്യം രൂക്ഷമായ ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി ജാഗ്രതാസമിതികള്‍ രൂപീകരിച്ചു വരികയാണ്. ഇത്തരത്തില്‍ ജാഗ്രതാസമിതി തീരുമാനപ്രകാരം ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്നവരെ എം പാനല്‍ ചെയ്തുവരികയാണ്. ഇതിനിടെയിലാണ് തോക്ക് പിടിച്ചുവാങ്ങാനുള്ള പോലീസ് നീക്കം. നിര്‍ദേശിക്കപ്പെട്ട സാഹചര്യങ്ങളില്‍ തോക്ക് തിരികെ വാങ്ങിയാലും ഇത് പോലീസ് സ്റ്റേഷനുകളില്‍ സൗജന്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, തോക്കുമായി ചെല്ലുന്നവരോട് തോക്ക് സൂക്ഷിക്കുന്ന സ്വകാര്യ ഏജന്‍സിയിലേക്കാണ് പോലീസ് പറഞ്ഞുവിടുന്നത്. പോലീസ് സ്റ്റേഷനുകളില്‍ തോക്ക് സൂക്ഷിക്കാന്‍ സൗകരങ്ങള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നു. ലൈസന്‍സ്ഡ് ഏജന്‍സി ഒരു മാസത്തേക്ക് തോക്ക് സൂക്ഷിക്കുന്നതിന് 200, 300 രൂപ ഈടാക്കുന്നുണ്ട്.