Connect with us

Kerala

കെ വി വിജയദാസ് എം എല്‍ എ അന്തരിച്ചു

Published

|

Last Updated

തൃശൂര്‍ | കോങ്ങാട് എം എല്‍ എ. കെ വി വിജയദാസ് അന്തരിച്ചു. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന്
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 61 വയസായിരുന്നു. ഡിസംബര്‍ 11 ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും കൊവിഡാനന്തര

ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി ഗുരുതരാവസ്ഥയിലെത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് എം എല്‍ എയെ വിധേയനാക്കുകയും ചെയ്തിരുന്നു.

വേലായുധന്‍ – താത്ത ദമ്പതികളുടെ മകനായി 1959 ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.

സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ വിജയദാസ് തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് സിപിഎം ചിറ്റൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

1990-ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു.

1996-ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ലാണ് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവര്‍ത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

---- facebook comment plugin here -----

Latest