Connect with us

Malappuram

നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി; ആക്രമണത്തിൽ യുവാവിന് പരുക്ക്

Published

|

Last Updated

നിലമ്പൂർ | നിലമ്പൂർ ടൗണിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. നിലമ്പൂർ എയ്ഞ്ച് ലാന്റ് വീട്ടിൽ ആൻറണി അന്നമ്മ ദമ്പതികളുടെ മകൻ ക്ലിൻറനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

നിലമ്പൂർ ടൗണിൽ രാവിലെ ആറ് മണിയോടെയാണ് കാട്ടാനയിറങ്ങിയത്. ഒന്നര മണിക്കൂറോളം നിലമ്പൂരിനെ വിറപ്പിച്ച കാട്ടാന വേലികളും നിറുത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്തു.

നിലമ്പൂർ ഇൻഫെൻറ് ജീസസ് ദേവാലയത്തിന് മുന്നിൽ വെച്ചാണ് യുവാവിനെ ആന ആക്രമിച്ചത്. പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു. തുമ്പികൈക്കാണ് സ്കൂട്ടർ തട്ടിയിട്ടത്. വീണ്ടും അക്രമിക്കാൻ ഒരുങ്ങുപ്പോൾ ദേവാലയത്തിലെത്തിയ ആളുകൾ ബഹളം വെച്ചതോടെ ആന നിലമ്പൂർ ഒ  സി കെ ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തോൾ എല്ലിനും കൈകൾക്കും പരുക്കേറ്റ ക്ലിന്റനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിന്റെ ഭാഗത്തു നിന്നും എത്തിയ ഒറ്റ കൊമ്പൻ നിലമ്പൂർ വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി തുടർന്ന് വനം വകുപ്പിന്റെ കാര്യാലയത്തിന് പിൻഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് റോഡിലേക്ക് എത്തിയതും ഭീതി പരത്തി.  നിലമ്പൂർ സ്വദേശിയായ രാജീവിനു നേരെ ആന പാഞ്ഞടുത്തു. ആനയെ കണ്ട് ഓടിയ രാജീവിന് പിന്നാലെ ഓടിയ ആന മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ മാർക്കറ്റിലുള്ളവർ ബഹളം വെച്ചു. മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളജ് റോഡ് വഴിയാണ് ഇൻഫെന്റ് ദേവാലയത്തിന്റെ മുന്നിൽ ആനയെത്തിയത്. സി കെ ഓഡിറ്റോറിയത്തിന്റെ ഗേറ്റും തകർത്തിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതോടെ ആർ ആർ ടി ടീം, നിലമ്പൂർ നോർത്ത് സി എഫ് ഒ, മാർട്ടിൻ ലോവൽ, നഗരസഭാ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണൻ എന്നിവർ സ്ഥലത്ത് എത്തി. 8.15 ഓടെ ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.

നിലമ്പൂർ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ടൗണിലേക്ക് ആന എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കാവലിനായി ഏഴ് വാച്ചർമാരെ നിയമിക്കും. വനം വകുപ്പ് രാത്രി കാലപെട്രോളിംഗ് നടത്തുമെന്നും വൈദ്യുതി വേലി തകർന്ന ഭാഗത്ത് അവ പുനർനിർമ്മിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു. താൻ നിലവിളിച്ച് ഒച്ചയുണ്ടാക്കിയതുകൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ക്ലിൻറന്റ പിതാവും മുൻ വനപാലകനുമായ ആന്റണി പറഞ്ഞു. ഭാഗ്യം ഒന്നുകൊണ്ടാണ് ആനക്ക് മുന്നിൽ നിന്നും രക്ഷപ്പെട്ടതെന്ന് നിലമ്പൂർ സ്വദേശി രാജീവ് പറഞ്ഞു.

Latest