Kerala
ഇടുക്കിയില്‍ തന്നെ മത്സരിക്കും, ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് എല്‍ ഡി എഫിന് ഗുണം ചെയ്തു: റോഷി അഗസ്റ്റിന്‍
ഇടുക്കി | നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ റോഷി പാലായില്‍ ജനവിധി തേടിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, നിലവില്‍ മണ്ഡലം മാറേണ്ട സ്ഥിതി ഇല്ലെന്നാണ് റോഷി അഗസ്റ്റിന്റെ അഭിപ്രായം. ഇരുപത് വര്‍ഷത്തോളമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകില്ലെന്നും അഞ്ചാം തവണയും ഇടുക്കി തന്നെ തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും റോഷി പറഞ്ഞു. ഏത് മണ്ഡലത്തിലായാലും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം മതി എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടാനെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെന്ന എന്‍ സി പി ഉള്‍പ്പെടെയുള്ള ഘടകകഷികളുടെ ആരോപണത്തെ റോഷി നിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയത് ഗുണം ചെയ്തിട്ടുണ്ടെന്ന് മനസിലാകും. അതേസമയം, ഇടുക്കി നിയോജക മണ്ഡലത്തില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരായ്മ മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.



