Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ കാണും
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡി സി സി പുനസ്സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഹൈക്കമാന്‍ഡ് ഇടപെട്ടേക്കുമെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയില്‍ സജീവമാക്കി നിര്‍ത്തണമെന്ന ഘടക കക്ഷികളുടെ ആവശ്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് എടുത്തേക്കും. എന്നാല്‍, സംസ്ഥാന നേതൃതലത്തില്‍ മാറ്റം വരുത്തുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ക്ക് സാധ്യത കുറവാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്ന ഔദ്യോഗിക യോഗവും നാളെ നടക്കും.
ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഇന്ന് ഡല്‍ഹിക്ക് തിരിക്കും
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡല്‍ഹിക്ക് യാത്ര തിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തേക്കുള്ള മുതിര്‍ന്ന നിരീക്ഷകനായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളാകും.



