ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യും; പത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ചു

Posted on: January 14, 2021 7:04 am | Last updated: January 14, 2021 at 10:35 am

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യും.ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനം. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.

ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. 197 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തെ അനുകൂലിച്ചില്ല. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം.

രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വന്നത്.