കര്‍ഷക ആശങ്കകള്‍ക്ക് പരിഹാരമാകുന്നില്ല

വിവാദ നിയമം ഉപേക്ഷിക്കാനും കര്‍ഷക സംഘടനകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി അവരുടെ ആശങ്കകള്‍ ദുരീകരിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു നിയമ നിര്‍മാണത്തിനും ഉത്തരവിടുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. കോടതിയുടെ സ്റ്റേക്ക് ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ സ്റ്റേ എടുത്തു കളയേണ്ടി വരും.
Posted on: January 13, 2021 4:01 am | Last updated: January 13, 2021 at 1:35 pm

നിരാശാജനകമാണ് വിവാദമായ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഇന്നലത്തെ സുപ്രീം കോടതി നടപടി. ഭരണഘടനാ വിരുദ്ധമായതിനാല്‍ നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിക്കുകയും വിഷയം പഠിക്കുന്നതിന് നാലംഗ സമിതി രൂപവത്കരിക്കുകയുമാണ് കോടതി ചെയ്തത്. തിങ്കളാഴ്ച കര്‍ഷകരുടെ ഹരജി പരിഗണിക്കവെ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശം നടത്തിയിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. സര്‍ക്കാറും കര്‍ഷകരും അവരുടെ നിലപാടുകളില്‍ മാറ്റമില്ലാതെ നിലകൊള്ളുന്നതിനാല്‍ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ മരിച്ചുവീഴുന്നു. ചോര വീഴുന്ന കളിയാണിത്. പ്രശ്‌നം രമ്യമായി പരിഹരിച്ചേ തീരൂ. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എന്ത് ചര്‍ച്ചയാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രശ്‌നത്തിന്റെ ഗൗരവം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഈ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തം. അതേസമയം, നിയമം മരവിപ്പിക്കുന്നതുകൊണ്ട് തങ്ങള്‍ സംതൃപ്തരാകില്ലെന്നും നിയമം പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭ രംഗത്ത് ഉറച്ചു നില്‍ക്കുമെന്നും സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ വിവാദ നിയമം ഉപേക്ഷിക്കാനും കര്‍ഷക സംഘടനകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി അവരുടെ ആശങ്കകള്‍ ദുരീകരിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു നിയമ നിര്‍മാണത്തിനും ഉത്തരവിടുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. കോടതിയുടെ സ്റ്റേക്ക് ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ സ്റ്റേ എടുത്തു കളയേണ്ടി വരും. അതോടെ സര്‍ക്കാര്‍ നിയമം നടപ്പാക്കും. ഫലത്തില്‍ കര്‍ഷക സമരം മരവിപ്പിക്കാന്‍ മാത്രമേ കോടതി ഉത്തരവ് സഹായകമാകുകയുള്ളൂ.

സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ കര്‍ഷക നന്മയല്ല, ലോക വ്യാപാര സംഘടനയുടെയും ലോക ബേങ്കിന്റെയും സമ്മര്‍ദമാണ് പുതിയ നിയമ നിര്‍മാണത്തിനു പിന്നില്‍. കര്‍ഷകരെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥകളും കൃഷിക്ക് നല്‍കി വരുന്ന സര്‍ക്കാര്‍ സഹായങ്ങളും സ്വതന്ത്ര വ്യാപാരത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ അവയെല്ലാം എടുത്തു കളയാന്‍ ഈ ആഗോള സംഘടനകള്‍ വികസ്വര രാജ്യങ്ങളോട് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കാര്‍ഷിക മേഖലയില്‍ നിന്ന് സര്‍ക്കാറുകളെ അകറ്റുകയും കുത്തകകള്‍ക്ക് യഥേഷ്ടം കടന്നുകയറാന്‍ അവസരം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ വികസിത രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള ലോക വ്യാപാര സംഘടന ലക്ഷ്യമാക്കുന്നത്. പുതിയ കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് തോന്നുമെങ്കിലും നിയന്ത്രിത കമ്പോളങ്ങളുടെയും പൊതുവിതരണ സംവിധാനത്തിന്റെയും അന്ത്യമായിരിക്കും അതിന്റെ പരിണതിയെന്നാണ് വിദഗ്ധരുടെ പക്ഷം. കമ്പോള നിയന്ത്രണം സര്‍ക്കാറിന്റെ പിടിയില്‍ നിന്ന് വിടുമ്പോള്‍, കോര്‍പറേറ്റുകള്‍ അത് കൈയടക്കുകയും പൊതുവിതരണ സംവിധാനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിന് സാധ്യമാകാതെയാകുകയും ചെയ്യും.
നിയമത്തിലെ കരാര്‍ കൃഷി വ്യവസ്ഥ അപകടകരമാണ്. കരാര്‍ കൃഷിയില്‍ കമ്പനികള്‍ നല്‍കുന്ന വിത്താണ് കൃഷി ചെയ്യേണ്ടത്. രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിലുപരി കരാര്‍ കമ്പനികളുടെ താത്പര്യങ്ങളാണ് കൃഷിയുടെ ഇനം തിരഞ്ഞെടുക്കുന്നതില്‍ പരിഗണിക്കപ്പെടുക. കാര്‍ഷികവൃത്തിയുടെ പ്രാഥമിക കര്‍ത്തവ്യമായ ഭക്ഷ്യോത്പാദനത്തില്‍ നിന്ന് വ്യതിചലിച്ച് അന്താരാഷ്ട്ര മേഖലയിലെ വിപണി സാധ്യത കണക്കിലെടുത്തുകൊണ്ടുള്ള കൃഷിയായിരിക്കും കുത്തക കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. ഇത് രാജ്യം ഭക്ഷ്യക്കമ്മിയെ അഭിമുഖീകരിക്കാന്‍ ഇടയാക്കും. വിള വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. വൈവിധ്യമാര്‍ന്ന ആയിരക്കണക്കിന് നെല്‍വിത്തുകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. ഭാവിയില്‍ ആഗോള വിത്ത് കുത്തകക്കാരുടെ കൈവശമുള്ള വിത്തിനങ്ങളില്‍ മാത്രമായി അത് പരിമിതപ്പെടും. കാര്‍ഷിക രംഗത്തും ഭക്ഷ്യ സുരക്ഷയിലും ഈ വിധം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് പാര്‍ലിമെന്റിലോ കര്‍ഷക വേദികളിലോ ചര്‍ച്ചകള്‍ക്കവസരം നല്‍കാതെ കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍. കര്‍ഷകരുടെ ആകുലതകളും വേദനകളും കണക്കിലെടുത്ത് കുറേക്കൂടി ഫലപ്രദമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
അതിനിടെ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖല കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ്. കര്‍ണാടകയിലെ സിന്ധാപൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്ന് സോന മസൂരി അരി വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് റിലയന്‍സ് ഇതിന് തുടക്കം കുറിച്ചത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളായുള്ള സ്വാസ്ഥ്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് കമ്പനി (എസ് എഫ് പി സി)യുമായി സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില ഓഫര്‍ ചെയ്താണ് റിലയന്‍സിന്റെ ഏജന്റുമാര്‍ കരാറില്‍ ഒപ്പുവെച്ചത്. 1,865 രൂപയാണ് സോന മസൂരി അരി ക്വിന്റലിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില. അതേസയമം, ക്വിന്റലിന് 1,950 രൂപ നിരക്കില്‍ വാങ്ങാമെന്നാണ് എസ് എഫ് പി സിയുമായുള്ള റിലയന്‍സിന്റെ കരാര്‍. റായ്പൂര്‍ ജില്ലയില്‍ സിന്ധൂര്‍ താലൂക്കിലെ നെല്‍കര്‍ഷകരുടെ കൂട്ടായ്മയാണ് സ്വാസ്ഥ്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്.

ALSO READ  കൊവിഡിന്റെ വകഭേദം പുതിയ വെല്ലുവിളി

മോദി സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കോര്‍പറേറ്റ് തന്ത്രമായാണ് ഈ ഉയര്‍ന്ന വില വാഗ്ദാനത്തെ വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ കൂടിയ താങ്ങുവിലയും മറ്റു സൗകര്യങ്ങളും നല്‍കി കര്‍ഷകരെ പ്രലോഭിപ്പിച്ച് മണ്ടി മാര്‍ക്കറ്റുകള്‍ ഇല്ലാതാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പറേറ്റ് കമ്പനികള്‍ കൂടിയ വിലക്ക് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതോടെ പിടിച്ചു നില്‍ക്കാനാകാതെ പ്രാദേശിക മണ്ടി മാര്‍ക്കറ്റുകള്‍ പൂട്ടേണ്ടി വരും. അതോടെ കോര്‍പറേറ്റുകള്‍ അധിക വില നിര്‍ത്തലാക്കി കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുടങ്ങുമെന്നും കര്‍ഷക നേതാക്കള്‍ ആശങ്കിക്കുന്നു.