Connect with us

Kerala

പാലായെ ചൊല്ലി എന്‍ സി പി പിളര്‍പ്പിലേക്ക്

Published

|

Last Updated

തിരുവനന്തപുരം പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ എന്‍ സി പി പിളര്‍പ്പിലേക്ക്. ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എന്‍ സി പി നേതാക്കളായ എ കെ ശശീന്ദ്രനും മാണി സി കാപ്പനും വിത്യസ്ത നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമവായ വാതിലുകള്‍ അടയുന്നത്. നാളെ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അനുകൂലമായ ഒരു ഉറപ്പുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ടി പി പീതാംബരന്റേയും മാണി സി കാപ്പന്റേയും നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫിലേക്ക് പോകും. എ കെ ശശീന്ദ്രനും കൂട്ടരും എല്‍ ഡി എഫില്‍ ഉറച്ച് നില്‍ക്കും. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒരു വ്യക്തതയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പാലാ സീറ്റ് എന്‍ സി പിക്ക് തന്നെ വേണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. പാലാ ഒരിക്കലും വിട്ടുനല്‍കില്ല. പാലാക്ക് പകരം മറ്റൊരു സീറ്റ് എന്‍ സി പിയുടെ പരിഗണനയിലില്ല. എന്‍ സി പിയിലെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി ഇടപെടുന്നതില്‍ സന്തോഷമേയുള്ളു. താന്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് എ കെ ശശീന്ദ്രനും മാണി സി കാപ്പനും വിത്യസ്ത സമയങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. പാലാ ഇത്തവണയും വേണമെന്ന് കാപ്പന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അനുകൂലമായ ഒരു മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.