വിലക്ക് നീങ്ങി; വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെത്തി

Posted on: January 10, 2021 10:21 pm | Last updated: January 10, 2021 at 10:21 pm

ജിദ്ദ | പ്രവേശന വിലക്ക് പിൻവലിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഉംറ സംഘം പുണ്യ ഭൂമിയിലെത്തി. ജനിതക മാറ്റം വന്ന കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതോടെ ഡിസംബർ 23നാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് ഹജ്ജ്- ഉംറ മന്ത്രാലയം നിർത്തിവെച്ചത്.

ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ സംഘമാണ് ജിദ്ദ  കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  എത്തിച്ചേർന്നത്. സഊദിയിലെത്തിയ തീർഥാടകർ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഉംറക്കായി ഇഹ്റാം ചെയ്ത് ഹറമിലെത്തിച്ചേരുക. ഇവർക്ക് മക്കയിലെ വിവിധ ഹോട്ടലുകളിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവർക്കാണ് ഉംറ നിർവഹിക്കാൻ അനുമതി നൽകിയിരിക്കുന്നത്. മാർച്ച് 31 ന്  അന്താരാഷ്ട്ര  വിമാന സർവീസുകൾക്കുള്ള പൂർണ വിലക്ക് നീങ്ങുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിച്ചേരും.

ALSO READ  ഉംറ രണ്ടാം ഘട്ടം ഞായറാഴ്ച മുതൽ; റൗളാ ശരീഫിലേക്കും സന്ദർശനാനുമതി