വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് തുറന്നു കൊടുത്തു

Posted on: January 9, 2021 10:17 am | Last updated: January 9, 2021 at 10:53 pm

കൊച്ചി | വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 11മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്ന് നല്‍കും.വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്.

മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവുമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
മണിക്കൂറില്‍ 13,000 വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനജംഗ്ഷനാണിത്. ഇവിടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂര്‍. വൈറ്റില എന്നീ ജംഗ്ഷനുകളില്‍ 2008-ലാണ് മേല്‍പ്പാലം പണിയാന്‍ തീരുമാനമായത്. അന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സര്‍ക്കാര്‍ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവന്‍ വച്ചതും. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിംഗ് മികവോടെയും വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്.