ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നത് മാഫിയ സംഘം; ജി സുധാകരന്‍

Posted on: January 7, 2021 7:43 pm | Last updated: January 7, 2021 at 9:05 pm

കൊച്ചി | എറണാകുളത്തെ വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന വി ഫോര്‍ കൊച്ചിക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എറണാകുളത്ത് പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ സംഘമുണ്ട്. പാലം തുറന്നതെന്ന് പറയുന്ന വി ഫോര്‍ കൊച്ചിയെല്ലാം ഇത്തരം മാഫിയ സംഘമാണ്. വികസന വിരോധികളാണ് അവര്‍. പാലം തുറന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. പാലാരിവട്ടം അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ഗ്യാംഗാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു. സമഗ്ര അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പാലം എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുന്നത് പണിത എന്‍ജിനീയര്‍മാരാണ്. പാലം പണി കണ്ട് നിന്നവരല്ല. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. ക്രിമിനല്‍ കുറ്റമാണ് പാലം തുറന്നവര്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത്. പണി കഴിഞ്ഞിട്ട് ഒരു മാസമായി. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ട് അറിയിച്ചതാണെന്നും സുധാകരന്‍ പറഞ്ഞു.