Connect with us

Kerala

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. അടുത്ത വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും തമിഴ്‌നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.