Connect with us

National

മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന റീല്‍ പങ്കുവെച്ചു; സൂറത്തില്‍ കണ്ടന്റ് ക്രിയേറ്റര്‍ അറസ്റ്റില്‍

രാഷ്ട്രപിതാവിന്റെ ചിത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആംഗ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നുവെന്നും, ഇത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി

Published

|

Last Updated

സൂറത്ത്  | ഗുജറാത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച 500 രൂപയുടെ കറന്‍സി നോട്ട് ഉപയോഗിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ഇന്‍സ്റ്റാഗ്രാം റീല്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ടന്റ് ക്രിയേറ്റര്‍ അറസ്റ്റിലായി. 47 കാരിയായ സിമ്രന്‍ പട്ടേലാണ് സൂറത്ത് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്ക് പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.

ഗാന്ധി ജയന്തിയുടെ തലേദിവസമായ ഒക്ടോബര്‍ ഒന്നിനാണ് ഇവര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സൂറത്തിലെ അഡജാന്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി) ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ധര്‍മ്മേഷ് ഗാമി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയിലാണ് പോലീസ് നടപടി . അറസ്റ്റിനുശേഷമുള്ള വിവരങ്ങള്‍ സൂറത്ത് പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. വീഡിയോയില്‍ മാപ്പ് പറയുന്ന സിമ്രന്‍ പട്ടേലിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്.രാഷ്ട്രപിതാവിന്റെ ചിത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആംഗ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നുവെന്നും, ഇത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി. സമാനമായ രീതിയില്‍ ദേശീയ നേതാക്കളെയും സാമൂഹിക ചിഹ്നങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പങ്കുവെക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Surat police arrested Instagram content creator Simran Patel for posting a defamatory reel using a 500 rupee note with Mahatma Gandhi image. The action followed a complaint by social activist Dharmesh Gami under IT Act Section 67. Police warned the public against insulting national symbols online

 

---- facebook comment plugin here -----

Latest