Articles
ഈ വഴിയേ വികസനമൊഴുകും

ഗെയ്ൽ പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായിരിക്കുകയാണ്. വിവിധ വെല്ലുവിളികളെയും അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചു കൊണ്ടാണ് കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 510 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് വാതക ശേഷിയുള്ള പൈപ്പ്‌ലൈന്‍ പദ്ധതി കേരള വികസനത്തിന് വലിയ കുതിപ്പ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ വാണിജ്യ വ്യാവസായിക വളര്‍ച്ചക്കും നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുമുള്ള സാഹചര്യമാണ് ഈ പദ്ധതി വഴി സംജാതമായിരിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും കരുത്തുപകരുന്ന ഗെയ്ൽ പദ്ധതി അതിന്റെ മുഴുവന്‍ ശേഷിയും പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാറിന് നികുതി വരുമാനത്തില്‍ 500 കോടി മുതല്‍ 720 കോടി വരെ ലഭിക്കും. സാധാരണക്കാരുടെ ജീവിതത്തിന് വലിയ ആശ്വാസവും സഹായവുമാണ് ഗെയ്ൽ പദ്ധതി വഴി ലഭിക്കാന്‍ പോകുന്നത്.
പൈപ്പ്ഡ് ഗ്യാസും കംപ്രസ്ഡ് ഗ്യാസും ഉപയോഗിക്കുന്നതുവഴി പാചക വാതകത്തിനും വാഹനങ്ങള്‍ക്കുള്ള ഇന്ധനത്തിനും വലിയ വിലക്കുറവാണ് ഉണ്ടാകാന്‍ പോകുന്നത്. എന്നുമാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായ പ്രകൃതിവാതകം കേരളത്തിന്റെ ഊര്‍ജ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കും.
നിരവധി വെല്ലുവിളികളാണ് ഈ പദ്ധതി നേരിട്ടത്. ഗെയ്ൽ പൈപ്പ്‌ലൈന്‍ പദ്ധതി ഭൂഗര്‍ഭ ബോംബാണെന്നുവരെ പ്രചാരണമുണ്ടായി. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനും നീക്കങ്ങള്‍ ഉണ്ടായി. ഗെയ്ൽ പൈപ്പ്‌ലൈന്‍ പദ്ധതി ഒരു കോര്‍പറേറ്റ് മൂലധന പദ്ധതിയാണെന്ന പ്രചാരണവും നടന്നു. കേരളത്തിന്റെ വ്യാവസായിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വമ്പിച്ച സംഭാവന നല്‍കാന്‍ സാധ്യതയുള്ള പദ്ധതിയെ തകര്‍ക്കുകയെന്ന അജന്‍ഡയായിരുന്നു ഈ നീക്കങ്ങള്‍ക്കെല്ലാം പിറകിലുണ്ടായിരുന്നത്. ഇന്ത്യയിലെ 22ഓളം സംസ്ഥാനങ്ങളില്‍ ഏകദേശം പതിനൊന്നായിരത്തിലേറെ കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ ഗെയ്ൽ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യത്തെയും പദ്ധതിക്കെതിരെ കലാപം ചെയ്യുന്നവര്‍ ഓര്‍ത്തില്ല. എല്ലാം അതിജീവിച്ചുകൊണ്ട് ഇന്ന് പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാചക വാതകത്തിന് തുടര്‍ച്ചയായി വിലകൂട്ടിയും സബ്‌സിഡി വിലക്ക് പാചക വാതകം ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന സാഹചര്യത്തിലാണ് ഗെയ്ൽ പൈപ്പ്‌ലൈന്‍ പദ്ധതി വഴി കുറഞ്ഞ വിലക്ക് വീട്ടാവശ്യത്തിന് സി എന്‍ ജി എത്തിക്കാനുള്ള നീക്കം നടന്നത്.
2016ല്‍ ഇടതു സര്‍ക്കാര്‍ ഗെയ്ൽ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന സ്ഥലമെടുപ്പ് നടപടികള്‍ സുഗമമാക്കാനുള്ള നീക്കങ്ങളാരംഭിച്ചു. 2007 മുതലാരംഭിച്ച ഗെയ്ൽ പദ്ധതി പൂര്‍ത്തിയാകാതിരുന്നതിന്റെ കാരണം പൈപ്പിടാനുള്ള സ്ഥലം ലഭ്യമാക്കുന്നതിലുള്ള കാലതാമസം തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഭൂമി ലഭ്യമാകാതെ പദ്ധതി വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയായിരുന്നു. യു ഡി എഫ് ഭരണകാലത്ത് 40 കിലോമീറ്റര്‍ മാത്രമാണ് പൈപ്പിടല്‍ പൂര്‍ത്തിയായത്. 2013 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട പുതുവൈപ്പിനില്‍ സ്ഥാപിച്ച ടെര്‍മിനലുകള്‍ വന്‍ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇടതു സര്‍ക്കാര്‍ വാതക പൈപ്പിടല്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളാരംഭിച്ചത്. 4,500 കോടി രൂപ മുടക്കി കേന്ദ്ര സര്‍ക്കാറിന്റെ എല്‍ എന്‍ ജി കമ്പനിയായ പെട്രോനെറ്റ് പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍ എന്‍ ജി ടെര്‍മിനലുകള്‍ അതിന്റെ പ്രവര്‍ത്തന ശേഷിയുടെ 10 ശതമാനം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. ഇത് വലിയൊരു ദേശീയ നഷ്ടം തന്നെയായിരുന്നു. അഞ്ച് മില്യന്‍ ടണ്‍ ലിറ്റര്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിന്ന് എല്‍ എന്‍ ജി ഉപയോഗപ്പെടുത്തിയിരുന്നത് ഫാക്ടും ബി പി സി എല്ലും മാത്രമായിരുന്നു. ഇപ്പോള്‍ കൊച്ചി-മംഗളൂരു-ബെംഗളൂരു പദ്ധതികള്‍ പൂര്‍ത്തിയായതോടെ ടെര്‍മിനലുകളുടെ 40 ശതമാനത്തിലേറെ ശേഷി ഉപയോഗിക്കാന്‍ കഴിയും.
ഇത് വലിയ രീതിയിലുള്ള വികസന സാധ്യതകളാണ് കേരളത്തിന് തുറന്നു തരുന്നത്. പാരിസ്ഥിതിക മലിനീകരണം ഭയന്ന് നിലച്ചുപോയ 2,000 മെഗാവാട്ടിന്റെ ചിമേനി പദ്ധതി എല്‍ എന്‍ ജി ഉപയോഗിച്ച് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നത് കേരളത്തിന്റെ ഊര്‍ജ വികസനത്തില്‍ വലിയൊരു നേട്ടമായിരിക്കും. മലിനീകരണം കുറക്കാനും പരിസ്ഥിതി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും എല്‍ എന്‍ ജി ഉപയോഗിക്കുന്നതുവഴി കഴിയും. ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ക്ലീന്‍ എനര്‍ജിയായ എല്‍ എന്‍ ജിയിലേക്ക് മാറാന്‍ കഴിയുമെന്നത് വലിയ പാരിസ്ഥിതിക സൗഹൃദ അന്തരീക്ഷവും വികസനസാധ്യതയും സൃഷ്ടിക്കും. ഈയൊരു സാഹചര്യം ഊര്‍ജ സ്വയംപര്യാപ്തത ഉറപ്പുനല്‍കിക്കൊണ്ട് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യവും ഒരുക്കും. ഗെയ്ൽ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിന് സമാന്തരമായി ഒരു വ്യവസായ ഇടനാഴി തന്നെ രൂപംകൊള്ളാനുള്ള സാധ്യതയാണുള്ളത്.
സാധാരണക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ വിലക്ക് പാചകവാതക ലഭ്യത പൈപ്പ്ഡ് ഗ്യാസ് വഴി ഉറപ്പുവരുത്താനാകും. കൊച്ചിയില്‍ ആരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചെറുപട്ടണങ്ങളില്‍ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയും.
ഇടതുപക്ഷ സര്‍ക്കാര്‍ ഗെയ്ൽ പൈപ്പ്‌ലൈന്‍ പദ്ധതി വഴി കേരളത്തിന്റെ ഭാവി വികസന സാധ്യതകളെ കണക്കിലെടുത്തു കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഭൂമിക്ക് ന്യായവിലയുടെ 50 ശതമാനം തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കുകയും ജനവാസ മേഖലകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റിലേക്ക് നീങ്ങുകയും ചെയ്തു. അഞ്ചോ പത്തോ സെന്റുകാരുടെ ഭൂമി ഏറ്റെടുക്കുന്ന അവസ്ഥയാണെങ്കില്‍ 20 മീറ്റര്‍ തന്നെ ഏറ്റെടുക്കുന്ന നടപടിയില്‍ ഇളവുകള്‍ നല്‍കാനും ഗെയ്ൽ അധികൃതരോട് ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമാണ് ഗെയ്‌ലിന് ലഭിക്കുന്നതെന്നും ഉടമാവകാശം സ്ഥലം ഉടമകള്‍ക്കു തന്നെയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. ഗെയ്ൽ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള എല്ലാ ആപത്ശങ്കകളും ദൂരീകരിച്ചു. ജനസാന്ദ്രതാ ക്ലാസിഫിക്കേഷന്‍ അനുസരിച്ചുള്ള ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളിലുള്ള പൈപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തി. ഇതിനാവശ്യമായ മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പദ്ധതിക്കെതിരെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വികസന പദ്ധതികളെ അട്ടിമറിക്കാന്‍ അണിയറയില്‍ കളിച്ചവര്‍ക്കും മറുപടി നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ ഗെയ്ൽ പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്.
കെ ടി കുഞ്ഞിക്കണ്ണന്‍