Connect with us

Ongoing News

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍

Published

|

Last Updated

മഡ്ഗാവ് | ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഐ എസ് എല്ലിലെ 46ാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ തകര്‍ത്ത് എ ടി കെ മോഹന്‍ ബഗാന്‍. രണ്ടാം പകുതിയിലാണ് എ ടി കെ രണ്ട് ഗോളുകളും നേടിയത്. അതിലൊന്ന് നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ലംബോട്ടിന്റെ സെല്‍ഫ് ഗോളാണ്. 51ാം മിനുട്ടില്‍ റോയ് കൃഷ്ണയാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം പരുക്കന്‍ കളി കൂടിയാണ് എ ടി കെ പുറത്തെടുത്തത്. നിരവധി മഞ്ഞക്കാര്‍ഡുകളും എ ടി കെക്ക് ലഭിച്ചു.

ഒന്നാം പകുതിയില്‍ എ ടി കെ മോഹന്‍ ബഗാനാണ് കടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. ആക്രമണോത്സുക കളി പുറത്തെടുത്ത എ ടി കെയെ പിന്നോട്ടിറങ്ങി പ്രതിരോധിക്കുന്നതിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ശ്രമിച്ചത്. അതിനാല്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് ഗോള്‍ നേടാന്‍ എ ടി കെക്ക് ഒന്നാം പകുതിയില്‍ സാധിച്ചുമില്ല. ഗോള്‍മുഖത്തേക്ക് പന്തുമായി എ ടി കെ ഇരമ്പിയാര്‍ത്തെങ്കിലും കരുത്തുറ്റ ആക്രമണമായി അത് കലാശിച്ചില്ല. 45, 39, 25 മിനുട്ടുകളില്‍ എ ടി കെയുടെ കാള്‍ മക്ഹഫിനും സുഭാഷിഷ് ബോസിനും ഡേവിഡ് വില്യംസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

മത്സരത്തിലെ ഗോള്‍ ദാരിദ്ര്യത്തിന് എ ടി കെയുടെ റോയ് കൃഷ്ണയാണ് അറുതിവരുത്തിയത്. 51ാം മിനുട്ടില്‍ തിരിയുടെ ഷോട്ട് അതിഗംഭീര ഹെഡറിലൂടെ റോയ് കൃഷ്ണ നോര്‍ത്ത് ഈസ്റ്റിന്റെ വലയിലാക്കുകയായിരുന്നു. ഏറെ വൈകാതെ 58ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലംബോട്ടിന്റെ സെല്‍ഫ് ഗോളും എ ടി കെക്ക് ലഭിച്ചു. 59ാം മിനുട്ടില്‍ റഫറിയുമായി തര്‍ക്കിച്ച എ ടി കെയുടെ പ്രബീര്‍ ദാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 63ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഫെഡറിക്കോ ഗാലിഗോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച ആദ്യ മഞ്ഞക്കാര്‍ഡ് ആയിരുന്നു ഇത്. ഏറെ വൈകാതെ 68ാം മിനുട്ടില്‍ എ ടി കെയുടെ പ്രൊണയ് ഹല്‍ഡറിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും ആശ്വാസഗോൾ നേടാൻ പോലും നോർത്ത് ഈസ്റ്റിന് സാധിച്ചില്ല.

Latest