സൗരവ് ഗാംഗുലിയെ സി പി എം നേതാവ് വീട്ടിലെത്തി സന്ദര്‍ശിച്ചു

Posted on: December 31, 2020 6:38 pm | Last updated: December 31, 2020 at 6:38 pm

കൊല്‍ക്കത്ത |  ബി സി സി ഐ അധ്യക്ഷനും ടീം ഇന്ത്യയുടെ മുന്‍ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സി പി എം നേതാവും മുന്‍ മന്ത്രിയുമായ അശോക് ഭട്ടാചാര്യ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ സൗരവ് ഗാംഗുലി ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്ന അഭ്യഹങ്ങള്‍ക്കിടയിലാണ് അശോക് ഭട്ടാചാര്യയുടെ സന്ദര്‍ശനം.

രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടാണ് സന്ദര്‍ശനം. നിരവധി വിഷയങ്ങള്‍ ഗാംഗുലിയുമായി ചര്‍ച്ച ചെയ്തെന്നും രാഷ്ട്രീയ പ്രവേശനം നടത്തരുതെന്ന് ഉപദേശിച്ചതായും കൂടിക്കാഴ്ച സംബന്ധിച്ച് അശോക് ഭട്ടാചാര്യ പ്രതികരിച്ചു. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെടാതിരിക്കുകയാണ് നല്ലത്. ഞാനദ്ദേഹത്തോട് പറഞ്ഞു, ക്രിക്കറ്റാണ് താങ്കളെ ജനപ്രീതിയുടെ കൊടുമു
ടിയില്‍ എത്തിച്ചതെന്ന്. രാജ്യത്തെ ജനങ്ങള്‍ക്ക് അതില്‍ തുടരുന്നതിലാണ് താല്‍പര്യമെന്ന് അറിയിച്ചതായും അശോക് ഭട്ടാചാര്യ പറഞ്ഞു.

സിലിഗുരി മുനിസിപ്പിലാറ്റിയുടെ മുന്‍ ചീഫ് അഡ്മിനിസ്ട്രേറ്ററുമായിരുന്ന അശോക് ഭട്ടാചാര്യക്ക് ഗാംഗുലിക്ക് വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം കാണാനെത്തിയത്.
ഗാംഗുലിയായിരിക്കും ബംഗാളിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അശോക് ഭട്ടാചാര്യ നടത്തിയ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്.