Connect with us

Ongoing News

2020 ട്രംപിനെ ഇറക്കിവിട്ട വർഷം

Published

|

Last Updated

കൊവിഡ് മഹാമാരി ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പോയവർഷത്തിൽ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും വാർത്ത വന്നത് അമേരിക്കയിൽ നിന്നായിരുന്നു. കടുത്ത കുടിയേറ്റ, മുസ്‌ലിംവിരുദ്ധനായ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ജനം വിധിയെഴുതിയെന്നായിരുന്നു അത്. ഈ വാർത്ത വർഷാവസാനം ജനാധിപത്യ, മതേതര ലോകം ആഘോഷിച്ചു. നാല് വർഷം മുമ്പ് ട്രംപിന്റെ വരവോടെ ലോകത്തുണ്ടായ വിദ്വേഷത്തിലും വർഗീയതയിലും വിഭാഗീയതയിലും ഊന്നിയ രാഷ്ട്രീയ ക്രമത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ വരും വർഷങ്ങളിൽ പൂവണിയട്ടെ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റേതാകും ഇനിയുള്ള നാല് വർഷക്കാലം. അമേരിക്കയുടെ അമരത്ത് ബൈഡൻ എത്തുന്നതോടെ എല്ലാം ശരിയാകുമെന്ന സ്വപ്‌നമൊന്നുമില്ലെങ്കിലും ട്രംപ് എന്ന വലിയ തെറ്റ് തിരുത്തിയെന്നത് ശുഭ സൂചന തന്നെയാണ്.

നവംബർ മൂന്നിനായിരുന്നു ലോകം ഉറ്റുനോക്കിയ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പോസ്റ്റൽ വോട്ടിലൂടെ നല്ലൊരു ശതമാനം വോട്ടർമാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വൈകി. കേവല ഭൂരിപക്ഷമായ 270 ഇലക്‌ട്രൽ വോട്ട് ആര് നേടുമെന്നത് സംബന്ധിച്ച് ദിവസങ്ങളോളം ആശങ്ക ഉയർന്നു. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പലയിടങ്ങളിലും ഫലസൂചനകൾ മാറിമറിഞ്ഞു. ഇതോടെ വിജയം അവകാശപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ബൈഡനും രംഗത്തെത്തി. അന്തിമ ഫല സൂചന ബൈഡന് അനുകൂലമായതോടെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ട്രംപ് കോടതിയിലെത്തി. വൈറ്റ് ഹൗസ് ഒഴിയില്ലെന്നും താൻ തന്നെയാണ് അടുത്ത പ്രസിഡന്റെന്നും ട്രംപ് വീമ്പ് പറഞ്ഞു.
അന്തിമ ഫലം വന്നതോടെ ബൈഡന് 306 ഇലക്‌ട്രൽ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഇതോടെ ട്രംപും പാർട്ടിയും തണുത്തു. ട്രംപിന്റെ അനുയായികൾ നടത്തിയ അക്രമാസക്തമായ കോലാഹലങ്ങൾ പൊടുന്നനെ അപ്രത്യക്ഷമായി. ക്രമക്കേട് ആരോപണം കോടതി തള്ളിയതോടെ ട്രംപ് പരാജയയം ഉൾക്കൊണ്ടു തുടങ്ങി.

വൈറ്റ്ഹൗസിൽ നിന്ന് ഇറങ്ങാമെന്ന് സമ്മതിച്ചു. ഒരു പ്രസിഡന്റ് തുടർച്ചയായ രണ്ട് ടേമിൽ തുടരുകയെന്ന പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കൻ ചരിത്രമാണ് ട്രംപ് തിരുത്തിയത്. അല്ലെങ്കിൽ ബൈഡൻ മാറ്റിയെഴുതിയത്. ട്രംപിന്റെ വംശീയതയും തീവ്ര വലതുപക്ഷ നിലപാടും യു എസ് ജനതക്ക് നാല് വർഷം കൊണ്ട് മടുത്തു. വിഭാഗീയതക്ക് പകരം മനുഷ്യത്വം പറയാത്ത ഭരണകൂടം വൈറ്റ്ഹൗസിൽ വേണ്ടെന്ന് അമേരിക്കൻ ജനത തറപ്പിച്ചു പറയുകയായിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ വന്നതോടെ തിരഞ്ഞെടുപ്പിന് വാശിയേറിയിരുന്നു. മഹാമാരി തടയുന്നതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും അദ്ദേഹത്തിന്റെ സമീപനം ശരിയല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ബൈഡൻ സാധിച്ചു. ട്രംപിന്റെ എടുത്തുചാട്ടങ്ങളും കടുത്ത നിലപാടുകളും അമേരിക്കയുടെ ആത്മാവിനെ തകർക്കുമെന്ന് പറഞ്ഞ ബൈഡനെ വിലകുറഞ്ഞ ആരോപണത്തോടും വ്യക്തിഹത്യയോടും കൂടെയായിരുന്നു ട്രംപ് എതിരിട്ടത്.

ഡെമോക്രാറ്റികിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ ബൈഡൻ തിരഞ്ഞെടുത്തതോടെ കൂടുതൽ ജനപിന്തുണ ബൈഡനെ തേടിയെത്തി.

 

തുടക്കവും ഒടുക്കവും മഹാമാരിയിൽ

ചൈനയിലെ വുഹാനിൽ ആരംഭിച്ച് അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും പടർന്ന കൊവിഡ് 19 എന്ന മഹാമാരിയുടെ പേരിലാകും ചരിത്രത്തിൽ പോയ വർഷം രേഖപ്പെടുത്തിയേക്കുക.

ഇറാനെ ചൊടിപ്പിച്ച രണ്ട് കൊലകൾ

ഇറാന്റെ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയും ആണവശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌രിസാദഹും കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്‌റാഈലുമാണ് ഇതിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം.

ഹോങ്കോംഗ് പ്രക്ഷോഭത്തിന് പൂട്ടിട്ട ചൈന

അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിൽ പടർന്നുപിടിച്ച ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ ചൈന വിജയിച്ചു. ദേശീയ സുരക്ഷാ നിയമം പാസ്സാക്കി പ്രക്ഷോഭകരെ വിരട്ടുകയായിരുന്നു.

ഇസ്റാഈലും അറബ് രാജ്യങ്ങളും

ഫലസ്തീനോടുള്ള കൂറ് മാറ്റിവെച്ച് അറബ് രാജ്യങ്ങൾ ഇസ്റാഈലിനോട് അടുത്തു. ട്രംപിന്റെ മധ്യസ്ഥതയിൽ യു എ ഇ, ബഹ്റൈൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ ഇസ്റാഈലുമായി ബന്ധം സ്ഥാപിച്ചു.

അർമേനിയൻ – അസെരി യുദ്ധം

നഗൊർണോ – കാരാബാഖ് തർക്ക ഭൂമിയെ ചൊല്ലി അർമേനിയയും അസർബൈജാനും യുദ്ധം ആരംഭിച്ചു. മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ കൈയേറിയ മേഖലയിൽ നിന്ന് അർമേനിയ പിന്മാറി.

അഫ്ഗാനിൽ നിന്ന് സമാധാന വാർത്ത

താലിബാനും അമേരിക്കയും സമാധാന കരാറിലെത്തി. ഫെബ്രുവരി 29ന് ദോഹയിൽ വെച്ചായിരുന്നു സുപ്രധാന കൂടിക്കാഴ്ച. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്ക അറിയിച്ചു.

തിളച്ചുമറിഞ്ഞ ബ്ലാക് ലൈവ്സ് മാറ്റർ

യു എസില്‍ കറുത്ത വർഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പോലീസ് കൊലപ്പെടുത്തിയത് പ്രതിഷേധാഗ്നിക്ക് കാരണമായി. പ്രതിഷേധം വിവിധ രാജ്യങ്ങളിലേക്ക് പടർന്നു. ട്രംപിന്റെ വീഴ്ചക്ക് ഇത് കാരണായി.

മാക്രോണിന്റെ ഇസ്‌ലാംവിരുദ്ധ നിലപാട്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്‌ലാംവിരുദ്ധ പരാമർശം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണായി. അറബ് രാജ്യങ്ങളിൽ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നു.

നടുക്കമായി ബൈറൂത്ത് സ്ഫോടനം

ആഗസ്റ്റ് നാലിന് ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ലോകത്തെ ഞെട്ടിച്ച സ്‌ഫോടനമുണ്ടായി. നിയമവിരുദ്ധമായി ശേഖരിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ 204 പേരാണ് കൊല്ലപ്പെട്ടത്. 6,500 പേർക്ക് പരുക്കേറ്റു.

പടർന്ന് പിടിച്ച് ആസ്‌ത്രേലിയൻ കാട്ടുതീ

ലോകചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ആസ്‌ത്രേലിയയിലുണ്ടായത്. 2019ന്റെ അവസാനം റിപ്പോർട്ട് ചെയ്ത കാട്ടുതീ ജനുവരിയിലും നിയന്ത്രണവിധേയമാക്കാനായില്ല. ന്യൂ സൗത്ത് വെയ്ൽസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കോടി ഹെക്ടറാണ് തീപ്പിടിത്തത്തിൽ കത്തിനശിച്ചത്.

തിരിച്ചുകിട്ടിയ ഹാഗിയ സോഫിയ

തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ മസ്ജിദ് പതിറ്റാണ്ടുകൾക്ക് ശേഷം വിശ്വാസികൾക്ക് തുറന്ന് കൊടുത്തു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഇതിന് നേതൃത്വം നൽകിയത്. നേരത്തേ പള്ളിയായിരുന്ന ഹാഗിയ സോഫിയ മുസ്തഫ അത്താതുർക്കിന്റെ കാലത്താണ് മ്യൂസിയമാക്കി മാറ്റിയത്. ജൂലൈ പത്തിന് മ്യൂസിയം പള്ളിയാക്കണമെന്ന് സർക്കാർ തീരുമാനിച്ചു.

---- facebook comment plugin here -----

Latest