Covid19
കേരളത്തിലും അതീവ ജാഗ്രത; മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍ | ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് രാജ്യത്ത് ജനിതമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയവരുടെ സ്രവ പരിശോധന ഫലത്താനായി കാത്തരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ പൂനെയില്‍ നിന്ന് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച കേസ് റിപ്പോര്‍ട്ട് ചെയ്താലും നമുക്ക് നേരിടാനാകും. കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിമാനത്താവളങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിലാണ് സ്ഥിരീകരിച്ചത്.
ബെംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി സി എം ബിയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും, പുനെ എന്‍ ഐ വിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.