Connect with us

Editorial

കൊവിഡിന്റെ വകഭേദം പുതിയ വെല്ലുവിളി

Published

|

Last Updated

ഒരു വര്‍ഷത്തെ പരീക്ഷണത്തിനൊടുവില്‍ കൊവിഡിനെതിരെ ആരോഗ്യ വിദഗ്ധര്‍ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് ജനിതക മാറ്റത്തോടെ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കൊവിഡ്. സെപ്തംബറില്‍ ലണ്ടനിലാണ് കൂടുതല്‍ അപകടകാരിയായ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. നവംബറില്‍ കൊവിഡ് ബാധിതരായവരില്‍ പകുതിയോളം പേരിലും ഈ വൈറസ് ബാധിച്ചു. ഡിസംബര്‍ പകുതി ആയപ്പോഴേക്കും മൂന്നില്‍ രണ്ട് രോഗികളിലേക്കും പടര്‍ന്നു. പഴയ വൈറസിനേക്കാള്‍ വേഗത്തിലാണ് പുതിയ വൈറസ് വ്യാപിക്കുന്നത്. ഇറ്റലി, ഡെന്മാര്‍ക്ക്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്.

പുതിയ വൈറസ് എത്രത്തോളം മാരകമാണെന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. 1917 മുതല്‍ 1919 വരെ പടര്‍ന്നു പിടിച്ച സ്പാനിഷ് പനിയുടെ രണ്ടാം തരംഗം ഒന്നാമത്തേതിനേക്കാള്‍ അപകടകാരിയായിരുന്നു. പുതിയ കൊവിഡ് വൈറസിനെതിരെ ലോക രാഷ്ട്രങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടന്‍ ഒരു മാസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി. ജനങ്ങള്‍ പൊതു ആഘോഷങ്ങള്‍ ഒഴിവാക്കി ആഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ജര്‍മനി നാല് ആഴ്ചത്തേക്കും ഫ്രാന്‍സ് രണ്ടാഴ്ചത്തേക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാനഡ, സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങള്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. സഊദി മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയതിനു പുറമെ കര അതിര്‍ത്തിയും തുറമുഖ അതിര്‍ത്തിയും അടച്ചിട്ടുണ്ട്.

യു കെയില്‍ നിന്ന് എത്തുന്നവര്‍ക്കായി ഇന്ത്യന്‍ ഭരണകൂടവും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. എല്ലാ യാത്രക്കാരും അവരുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരം വ്യക്തമാക്കുകയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോറം പൂരിപ്പിക്കുകയും ആര്‍ ടി പി സി ആര്‍ പരിശോധനക്ക് വിധേയമാകുകയും വേണം. പോസിറ്റീവായാല്‍ രോഗത്തിന്റെ തീവ്രതയനുസരിച്ച് ഹോം ഐസൊലേഷന്‍ ഉള്‍പ്പെടെ നിലവിലുള്ള ചികിത്സാ പ്രോട്ടോകോള്‍ പിന്തുടരേണ്ടതാണ്. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ പതിവു ചികിത്സാ പ്രോട്ടോകോളുകള്‍ക്ക് പുറമെ പ്രത്യേക ഐസൊലേഷന്‍ യൂനിറ്റിലേക്ക് മാറ്റും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയുള്ള നാലാഴ്ചക്കുള്ളില്‍ യു കെയില്‍ നിന്ന് വന്ന എല്ലാ യാത്രക്കാരെയും മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.

അതിനിടെ കൊവിഡ് മുക്തരില്‍ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍. ഡല്‍ഹിയില്‍ 13 പേര്‍ക്കും അഹമ്മദാബാദില്‍ 44 പേര്‍ക്കും മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധയേറ്റു. രോഗം ബാധിച്ച പത്ത് പേര്‍ മരണപ്പെടുകയും ചെയ്തു. പലര്‍ക്കും കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നു. മ്യൂക്കര്‍മൈക്കോസിസ് ബാധ പുതിയതോ അത്ര മാരകമോ അല്ലെങ്കിലും കൊവിഡ് രോഗികളിലും ക്യാന്‍സര്‍, പ്രമേഹ ബാധിതരിലും അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരായവരിലും ഇത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട് ലോകമാകെ പടര്‍ന്നു പിടിച്ച ഒന്നാം ഘട്ട കൊവിഡിന്റെ മുമ്പില്‍ തന്നെ ആഗോള ജനത ഇപ്പോഴും പകച്ചു നില്‍ക്കുകയാണ്. ഈ വൈറസിനെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള സകല ശ്രമങ്ങളും വൈദ്യശാസ്ത്രം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഫലവത്തായിട്ടില്ല. എന്നാണ് ഈ വൈറസിന്റെ പിടിയില്‍ നിന്ന് ലോകം മോചിതമാകുകയെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമില്ല. ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് പ്രത്യക്ഷപ്പെട്ടതോടെ ഈ രോഗത്തെ തുടച്ചുമാറ്റുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇനിയും കാലതാമസമെടുക്കും. തികഞ്ഞ ജാഗ്രതയും കരുതല്‍ നടപടികളുമെടുത്തില്ലെങ്കില്‍ രണ്ടാം കൊവിഡ് വ്യാപനം ലോകത്താകെ ഉണ്ടായെന്നു വരാം. വാക്‌സിന്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെത്രത്തോളം ഫലപ്രദമാണെന്ന് കണ്ടറിയേണ്ടതുണ്ട്. മാത്രമല്ല, 760 കോടി വരുന്ന ലോകജനതക്ക് വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണമെന്ന ചോദ്യവും അവശേഷിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞതനുസരിച്ച് അടുത്ത വര്‍ഷം പകുതിയോടെ 25 കോടി വാക്‌സിനുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക. എങ്കില്‍ ബാക്കി വരുന്ന 105 കോടി ഇന്ത്യക്കാര്‍ക്ക് ലഭ്യമാകണമെങ്കില്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരില്ലേ?

കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പാര്‍ശ്വഫലങ്ങളും ആരോഗ്യ മേഖലയെ അലട്ടുന്നു. ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങി പല രാഷ്ട്രങ്ങളിലും വാക്‌സിന്‍ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിട്ടുണ്ട്. ഗുരുതരമായ പാര്‍ശ്വഫലം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചൈനീസ് വാക്‌സിനായ സിനോവാകിന്റെ അവസാനഘട്ട പരീക്ഷണം ബ്രസീലില്‍ നിര്‍ത്തിവെക്കുകയുണ്ടായി. റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് തളര്‍ച്ച, പേശീവേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടു. അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോടെകും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് ബ്രിട്ടനില്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വകഭേദത്തിന് ഈ വാക്‌സിന്‍ ഫലപ്രദമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. വൈദ്യശാസ്ത്രം അഭൂതപൂര്‍വമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും പുതുതായി കടന്നു വരുന്ന മാരക രോഗങ്ങള്‍ക്കു മുമ്പില്‍ ഇന്നും പകച്ചു നില്‍ക്കേണ്ടി വരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കും നിഗമനങ്ങള്‍ക്കുമപ്പുറമാണ് ലോകത്തിന്റെ ചലനവും കാര്യങ്ങളുടെ കിടപ്പും.