Kerala
സത്യവാചകം ചൊല്ലി അധികാരമേറ്റ് ജനപ്രതിനിധികള്‍

തിരുവനന്തപുരം | സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നപടികള്‍ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും രാവിലെ പത്ത് മുതല്‍ സത്യപ്രതിജ്ഞ നടപടികള്‍ തുടങ്ങി. കോര്‍പറേഷനില്‍ രാവിലെ 11നാണ് സത്യപ്രതിജ്ഞ തുടങ്ങിയത്. മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം നടക്കും. ശക്തായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.
അതത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യവാചകം ചൊല്ലിയത്. ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും കലക്ടറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിമാരാണ് സത്യവാചകം ചൊല്ലികൊടുക്കുക.
അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളില്‍ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.
ക്വാറന്റീനിലായിരുന്ന വയനാട് ജില്ലാ കലക്ടര്‍ അഥീല അബ്ദജുല്ല പി പി ഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പി പി ഇ കിറ്റ് ധരിച്ചെത്തിയത്. കൊവിഡ് നിരീക്ഷണത്തിലുള്ള അംഗങ്ങള്‍ പി പി ഇ കിറ്റ് ധരിച്ചെത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ എത്തുന്ന അംഗങ്ങള്‍ ഏറ്റവും അവസാനം സത്യവാചകം ചൊല്ലും.