Kerala
കോഴിക്കോട് ഷിഗെല്ല രോഗം വ്യാപിച്ചത് വെള്ളത്തിലൂടെ

കോഴിക്കോട് | ജില്ലയില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഷിഗെല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല.
കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കാണ് ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. ഇതില്‍ 10 പേര്‍ കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടാംപറന്പിലെ ചോലയില്‍ വീട്ടില്‍ അദ്‌നാന്‍ ഷാഹുല്‍ ഹമീദ്(11) മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്.