Ongoing News
പത്തനംതിട്ടയിലെ കണക്കുകള്‍ നിരത്തി ജോസഫ് വിഭാഗം

പത്തനംതിട്ട | തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിനാണ് ജില്ലയില്‍ മുന്‍തൂക്കമെന്ന പ്രസ്താവന അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമാണന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ ജോസഫ് വിഭാഗത്തിന്റെ ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച 32 സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച 21 പേര്‍ മാത്രമാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുന്നതുമാണ്. എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റുകള്‍ അധികവും നല്‍കിയത്. ഇവിടങ്ങളില്‍ സി പി എം തന്നെ സ്ഥാനാര്‍ഥികളെയും നിശ്ചയിച്ചു. ചിഹ്നം ജോസ് വിഭാഗത്തിന്റേതായിരുന്നുവെന്നു മാത്രം. യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നുമുള്ള കെ പി സി സി തീരുമാനം പൂര്‍ണമായി നടപ്പിലാക്കണമെന്ന് വിക്ടര്‍ ആവശ്യപ്പെട്ടു.
വിമതരായി ജയിച്ചവരെ മുന്നില്‍ നിര്‍ത്തിയോ പിന്തുണ തേടിയോ ഭരണം പങ്കിടാനുള്ള തീരുമാനം ഉപേക്ഷിക്കണം. ഇതു ഭാവിയില്‍ യു ഡി എഫിനു ദോഷം ചെയ്യും. വിമതരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണിത്. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളില്‍ ഘടക കക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കാലുവാരലും റിബലുകളും കാരണമാണ് ഭൂരിഭാഗം വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിലും ജയിക്കാന്‍ കഴിയാതെ പോയത്. ഇപ്പോഴും എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള വോട്ടുനിലയില്‍ വലിയ വ്യത്യാസമില്ല. വിമതരും സ്വതന്ത്രരില്‍ നല്ലൊരു പങ്കും നേടിയ വോട്ടുകളും യു ഡി എഫിന്റേതാണ്. ഇതുകൂടി കണക്കാക്കിയാല്‍ യു ഡി എഫ് തന്നെയാണ് ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഘടകകക്ഷകികള്‍ക്ക് സീറ്റ് കൊടുത്ത പല വാര്‍ഡുകളിലും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തി.
പരാജയം യു ഡി എഫ് വിലയ്ക്കു വാങ്ങുകയായിരുന്നു. വാര്‍ഡ് തലത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഇല്ലായിരുന്നു. കൂട്ടായ ചര്‍ച്ചകളുണ്ടായില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചു പോകണമെന്ന് കോണ്‍ഗ്രസ് നേത്യത്വത്തോട് ആവശ്യപ്പെട്ടിട്ടും ആരും ഗൗനിച്ചില്ലന്നും യുഡി എഫ് ജില്ലാചെയര്‍മാന്‍ കൂടിയായ വിക്ടര്‍ ടി തോമസ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ബാബു വര്‍ഗീസ്, വി ആര്‍ രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.