Connect with us

Articles

പ്രക്ഷോഭങ്ങളുടെ വഴിയും വെളിച്ചവും

Published

|

Last Updated

വിവാദ പൗരത്വ നിയമ ഭേദഗതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 140ലധികം ഹരജികളാണ് സുപ്രീം കോടതിയുടെ മുമ്പിലുള്ളത്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നതിലെ ഭരണഘടനാ വിരുദ്ധതയെ ചോദ്യം ചെയ്യുന്നതാണ് ഹരജികള്‍. കോടതിക്ക് പുറത്താണെങ്കില്‍, മഹാമാരിയില്‍ വഴിമുട്ടിപ്പോയ പ്രക്ഷോഭ നിലങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ കാത്തിരിപ്പുണ്ട്. പരമ്പരാഗത സാമൂഹിക ഘടനയുടെ സംരക്ഷണവും സാംസ്‌കാരികത്തനിമയും ഉയര്‍ത്തിക്കാട്ടി സി എ എ വിരുദ്ധ സമരം ശക്തമാക്കി അസം സംഘടനകള്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അടിപതറിത്തുടങ്ങിയ ഭരണകൂടം സമരത്തെ പൊളിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള ശ്രമങ്ങളിലേക്ക് കടക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അരങ്ങേറിയ പ്രതിഷേധങ്ങളെ ആദ്യമേ നിഷ്ഠൂരമായി നേരിടുകയായിരുന്നു ഡല്‍ഹി പോലീസ്. 2019 ഡിസംബര്‍ 13ന് ആരംഭിച്ച ജാമിഅ മില്ലിയ്യയിലെ സമാധാനപരമായ പ്രതിഷേധത്തെ രണ്ട് ദിനം പിന്നിട്ടപ്പോള്‍ ഒരനുമതിക്കും കാത്തുനില്‍ക്കാതെ ക്യാമ്പസില്‍ അതിക്രമിച്ചു കയറി അര്‍ധ സൈനിക വിഭാഗവും ഡല്‍ഹി പോലീസും ചേര്‍ന്ന് ഭീകരമായി ആക്രമിച്ചു. ഇതിന് പിന്നില്‍ സ്ഥാപിതവും മുന്‍വിധിയോടെയുമുള്ള ഭരണകൂട താത്പര്യങ്ങളായിരുന്നു പ്രവര്‍ത്തിച്ചത്. കടുത്ത മുസ്‌ലിം വിരുദ്ധതയും എത്രമേല്‍ ജനാധിപത്യ സമര മാര്‍ഗമെങ്കിലും കാര്‍മികര്‍ മുസ്‌ലിംകളാണെന്നതിന്റെ പേരില്‍ ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള എളുപ്പവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസിന് ഭരണഘടനക്ക് വേണ്ടിയുള്ള ചരിത്ര പ്രധാന സമരത്തെ നിഷ്‌കരുണം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ധനമേകുന്നതായി. പൂര്‍ണ തോതില്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ മാത്രം ഡല്‍ഹി പോലീസിനെ വര്‍ഗീയവത്കരിക്കുക കൂടി ചെയ്തതിനാല്‍ കാര്യങ്ങള്‍ കുറെക്കൂടി പ്രയാസം കുറഞ്ഞതുമായി.

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം സമം ദേശവിരുദ്ധം എന്ന സമവാക്യത്തെ ഇക്കാലയളവിനിടയില്‍ ബി ജെ പി അനുകൂല മാധ്യമങ്ങളെ ഉപയോഗിച്ച് സംഘ്പരിവാര്‍ മുഖ്യധാരാ ബോധത്തിലേക്ക് അടിച്ചുകയറ്റിയിട്ടുണ്ട് എന്ന് സൂക്ഷ്മ വായനയില്‍ ബോധ്യമാകും. മാധ്യമ വായനയില്‍ മാത്രമല്ല, ഔദ്യോഗിക വ്യവഹാരങ്ങളില്‍ വരെ അതൊരു ദേശവിരുദ്ധ അട്ടിമറിയാണെന്ന പ്രചാരണത്തെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം സംഘടിത ബോധ നിര്‍മിതിക്ക് വെള്ളം പാരാന്‍ സുപ്രീം കോടതി വിധിയും അറിയാതെയെങ്കിലും തുണയായി. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ശഹീന്‍ബാഗ് മോഡല്‍ സമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്. അപ്പോഴും പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായതുമില്ല.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമാധാനപരമായി സമരം ചെയ്യാനുള്ള പൗരാവകാശത്തെ ശരിവെക്കുന്ന നിലപാടാണ് വിവിധ ഹൈക്കോടതികള്‍ സ്വീകരിച്ചത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ലംഘിക്കുന്നതും പൗരന്റെ അസ്തിത്വത്തെ നിരാകരിക്കുന്നതുമായ നിയമ ഭേദഗതിയെ തെരുവില്‍ ചോദ്യം ചെയ്യാമെന്ന് തന്നെ ഭരണഘടനാ കോടതികള്‍ ആണയിട്ടു. ഒരുവേള ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങളിലൂടെ നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് ഓര്‍മപ്പെടുത്താന്‍ ബോംബെ ഹൈക്കോടതി മുന്നോട്ടു വരികയും ചെയ്തു. അലഹബാദ്, മദ്രാസ്, കര്‍ണാടക, മേഘാലയ ഹൈക്കോടതികള്‍ പൗരത്വ സമരത്തോടൊപ്പം നിന്ന കാഴ്ച സംഘ്പരിവാര്‍ ചാര്‍ത്തുന്ന ദേശവിരുദ്ധ മുദ്രയെ വലിച്ചുകീറുന്നതാണ്.

മേലിലും പൗരത്വ പ്രക്ഷോഭത്തോട് ഭരണകൂടം ഏതുവിധമാണ് പ്രതികരിക്കുക എന്നതിന് ഡല്‍ഹി വംശഹത്യയും അനന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്ന പോലീസ് നടപടികളും തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. പൗരത്വ സമരക്കാര്‍ സൃഷ്ടിച്ച കലാപം എന്നാണ് ആസൂത്രിത വംശഹത്യയെ ഡല്‍ഹി പോലീസും സംഘ്പരിവാര്‍ മാധ്യമങ്ങളും വിശേഷിപ്പിച്ചു വരുന്നത്. അക്രമാസക്ത പാത സ്വീകരിക്കാതെ മുന്നോട്ടുപോയ സമരത്തെയും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെയും കണ്ണിചേര്‍ക്കാന്‍ ഡല്‍ഹി പോലീസ് പടച്ചുണ്ടാക്കിയ തിരക്കഥ വെച്ച് സിനിമ പിടിച്ചാല്‍ വെള്ളിത്തിരയില്‍ കാലങ്ങള്‍ ഓടുമായിരിക്കും. അത്രയേറെ ഭാവനാ സമ്പന്നമാണത്. നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കാത്തതും സത്യത്തോടും നീതിയോടും ഒത്തുപോകാത്തതുമായ കുറ്റപത്രങ്ങളാണ് ഡല്‍ഹി പോലീസ് ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സമര്‍പ്പിച്ചതൊക്കെയും.
കലാപത്തിനിടെ കട കത്തിച്ചു എന്നാണ് ഫിറോസ് ഖാന്‍ എന്ന യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മറ്റു പല കേസുകളിലെയും പോലെ തന്നെ കുറ്റപത്രത്തില്‍ ദൃക്‌സാക്ഷിയായി ഒരു പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചിരിക്കുന്നു. കട ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് പരാതിക്കാരന്റെ ഭാഷ്യം. കുറ്റകൃത്യം നടന്നു എന്ന് പറയുന്നിടത്ത് ദൃക്‌സാക്ഷിയായി ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടതെന്ന് ചോദിച്ച ഡല്‍ഹി ഹൈക്കോടതി പരാതിക്കാരന്റെ വാദം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും കുറ്റാരോപിതന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചു എന്നാരോപിക്കപ്പെട്ട താഹിര്‍ ഹുസൈനെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇര്‍ശാദ് അഹ്മദിനെ അറസ്റ്റ് ചെയ്തത്. അവിടെയും ദൃക്‌സാക്ഷികളായി രണ്ട് പോലീസ് ഉദ്യോഗസ്ഥരുണ്ട് കുറ്റപത്രത്തില്‍. രണ്ട് പേരും ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നെന്ന് മാത്രമല്ല പ്രതിയെ തിരിച്ചറിഞ്ഞിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. പക്ഷേ, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൂന്ന് ദിവസം വേണ്ടിവന്നെന്നു മാത്രം! ഡല്‍ഹി പോലീസ് വ്യാജമായി നിര്‍മിക്കുന്ന കഥകളാണിതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ദൃക്‌സാക്ഷികള്‍ പിന്നീട് സ്ഥാപിക്കപ്പെട്ടതാണെന്ന് രോഷം പ്രകടിപ്പിക്കുകയുമുണ്ടായി. ദൃക്‌സാക്ഷികളുണ്ടാകല്‍ കേസില്‍ ശക്തമായ തെളിവാണെന്നിരിക്കെ തങ്ങള്‍ പടച്ചുണ്ടാക്കിയ കള്ളക്കഥകള്‍ക്ക് വിശ്വാസ്യതയുടെ മൂടുപടമണിയിക്കാനും നിരപരാധികളായ മുസ്‌ലിംകള്‍ക്ക് മേല്‍ കുരുക്ക് മുറുക്കാനും നടത്തിയ ഹീനമായ ഇടപെടലുകളെ പലപ്പോഴും കോടതികള്‍ പുറത്തുകൊണ്ടുവരികയായിരുന്നു.
ഉപഭോക്താവിനെ കൃത്യമായി പരിശോധിക്കാതെ മൊബൈല്‍ സിം കാര്‍ഡ് വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. അത് മനസ്സിലാക്കാം. എന്നാല്‍ അതെപ്പോഴാണ് യു എ പി എ ചുമത്താകുന്ന ഭീകര പ്രവൃത്തിയാകുന്നത്. അതിനുള്ള ഉത്തരം ലഭിക്കാന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും. നൂല്‍ബന്ധങ്ങളുണ്ടാക്കി മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്നതിലൂടെ തീര്‍ക്കുന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തോടുള്ള പ്രതികാരമല്ലാതെ മറ്റെന്താണ്.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുമ്പ് കലാപ ഗൂഢാലോചനാ കേസിലെ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ കുറ്റാരോപിതരെ കുറിച്ചും സാക്ഷികളാരെന്നതിനെ കുറിച്ചും വ്യക്തമാക്കി പോലീസ് പത്രപ്രസ്താവന നടത്തുന്നത് ഹൈക്കോടതിക്ക് വിലക്കേണ്ടി വന്നതും ഇവിടെ പ്രസ്താവ്യമാണ്. പോലീസ് ബോധപൂര്‍വം രൂപപ്പെടുത്തിയ അസത്യങ്ങളും അര്‍ധ സത്യങ്ങളുമായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചത്. കുറ്റം സംശയാതീതമായി തെളിയിക്കപ്പെടാത്ത കാലത്തോളം കുറ്റാരോപിതര്‍ നിരപരാധികളാണ്. സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതും കുറ്റാരോപിതര്‍ക്കാണ്. അങ്ങനെയിരിക്കെ കുറ്റാരോപിതരെ സമൂഹം കുറ്റവാളികളായികാണാനും ജീവന് ഭീഷണിയാകും വിധം ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കാനുമിടയാക്കുന്ന പോലീസ് സമീപനത്തെയായിരുന്നു കോടതി വിലക്കിയത്.

വിവിധ കേസുകളുടെ അനുബന്ധ കുറ്റപത്രങ്ങളില്‍ പ്രതിപക്ഷത്തെ സമുന്നത രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പേരുള്‍പ്പെടുത്തിയ ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാറിന് പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കുകയും നീതി സങ്കല്‍പ്പങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയുമാണ് ചെയ്തത്. തെളിവുകളില്ലാതെ “വെളിപ്പെടുത്തലുകളു”ടെ അടിസ്ഥാനത്തില്‍ മാത്രം പ്രതിചേര്‍ക്കപ്പെട്ട നേതാക്കളുടെ പൊതു സവിശേഷത അവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ചവരാണ് എന്നതാണ്. അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ കലാപത്തിന് പ്രേരിപ്പിച്ചതിനോ അതില്‍ പങ്കാളികളായതിനോ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്ന്, വിദ്വേഷ പ്രസംഗകര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിക്ക് നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ഡല്‍ഹി പോലീസ് വിശദീകരിക്കുകയുണ്ടായി. അതിലേറെ പക്ഷപാതിത്വം നിറഞ്ഞതും പോലീസ് സേനക്ക് തീരാകളങ്കം വരുത്തുന്നതുമാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ ഉത്തരവ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചില ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്തത് ഹിന്ദു സമുദായത്തിന്റെ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും അതിനാല്‍ അന്വേഷണ സംഘത്തെ “ശരിയായി നയിക്കണ”മെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. അതോടെ തങ്ങളുടെ വഴിയും നിറവുമേതെന്ന് വ്യക്തമായി പറയുകയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ സ്വന്തം പോലീസ്. കര്‍ഷക രോഷം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇതിനകം ആരംഭിച്ചുകഴിഞ്ഞ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ രണ്ടാം ഘട്ടത്തോട് ഭരണകൂട സമീപനം എന്തായിരിക്കുമെന്ന് കൂടുതല്‍ ആലോചിക്കേണ്ടതില്ല. അപ്പോള്‍ പിന്നെ ഭരണകൂട ഭീകരത അതിന്റെ രാക്ഷസരൂപം പൂണ്ട് എന്ത് നെറികേടിന് തിരികൊളുത്തിയാലും അണയാത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് മാത്രമേ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനാകൂ എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.

Latest