Connect with us

Editorial

വിവാദങ്ങളെ അതിജീവിച്ച് തിളക്കമാര്‍ന്ന വിജയം

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പിണറായി സര്‍ക്കാറിനും ഇടത് ജനാധിപത്യ മുന്നണിക്കും ഏറെ ആശ്വാസമേകുന്നതാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. പിണറായി സര്‍ക്കാറിനെതിരെ യു ഡി എഫും ബി ജെ പിയും അന്വേഷണ ഏജന്‍സികളെ മറയാക്കി കേന്ദ്ര സര്‍ക്കാറും ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം നടത്താന്‍ ഇടത് മുന്നണിക്കായി. നഗരസഭകളില്‍ മാത്രമാണ് യു ഡി എഫിന് നേരിയ മുന്‍തൂക്കമുള്ളത്. സ്വര്‍ണക്കടത്ത് കേസും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവും കോടിയേരിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടി കനത്ത ആക്രമണമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് യു ഡി എഫും ബി ജെ പിയും മാസങ്ങളായി നടത്തിവരുന്നത്. ഈ ആരോപണങ്ങളൊന്നും കേരളീയ സമൂഹം മുഖവിലക്കെടുത്തില്ലെന്ന് ഇടതു നേതൃത്വത്തിന് ആശ്വസിക്കാം.
ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന ഇടതു മുന്നണിക്ക് ഈ ലക്ഷ്യത്തില്‍ കൂടുതല്‍ ഊര്‍ജസ്വലമായ പ്രയാണം തുടരാന്‍ തിരഞ്ഞെടുപ്പ് ഫലം അവസരമൊരുക്കും. ആരോപണങ്ങള്‍ ജനം തള്ളുമെന്നും വികസന നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ നേരത്തേയുള്ള വിലയിരുത്തല്‍. അത് യാഥാര്‍ഥ്യമായതോടെ പാര്‍ട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ മേധാവിത്വത്തിന് കരുത്തേറുകയും കേന്ദ്ര ഏജന്‍സികളുടെ കടന്നുകയറ്റത്തെ ശക്തമായി തടയാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജം കൈവരികയും ചെയ്യും.

ആറ് കോര്‍പറേഷനുകളില്‍ അഞ്ചിലും ഇടതുപക്ഷം വിജയിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും മിന്നുന്ന വിജയം നേടാനും ഇടതുപക്ഷത്തിനായി. 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിലും 941 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108ലും എല്‍ ഡി എഫ് ആധിപത്യം നേടി. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ യു ഡി എഫിനാണ് മേല്‍ക്കൈ. 86 മുനിസിപ്പാലിറ്റികളില്‍ 45 എണ്ണത്തില്‍ യു ഡി എഫ് ഭരണമുറപ്പിച്ചു. 35 എണ്ണത്തിലാണ് എല്‍ ഡി എഫിന്റെ വിജയം.
നിയമസഭയില്‍ അടുത്ത ഊഴം കാത്തിരിക്കുന്ന യു ഡി എഫിന് വിശിഷ്യാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. വിവാദങ്ങളില്‍ കയറിപ്പിടിച്ച് ഇടതു മുന്നണിയുടെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോയില്ല. സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ പ്രതിച്ഛായക്ക് സ്വര്‍ണക്കടത്ത് കേസോടെ മങ്ങലേറ്റുവെന്ന പ്രചാരണത്തിന്റെ മുനയൊടിയുകയും ചെയ്തു. കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടത് കനത്ത നഷ്ടമായി. ഇത് മധ്യകേരളത്തില്‍ യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ചക്ക് ഇടയാക്കി. പാലാ നഗരസഭ യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തതിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും എല്‍ ഡി എഫ് നടത്തിയ മുന്നേറ്റത്തിലും ജോസ് കെ മാണി പക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണ്. ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിലാണ് ജോസ് വിഭാഗവുമായി യു ഡി എഫ് ഇടഞ്ഞത്. യു ഡി എഫിന്റെ ഈ നിലപാടിനെതിരെ അന്നേ മുന്നണിയില്‍ എതിര്‍ ശബ്ദമുയര്‍ന്നതാണ്. ഇനി അത് ശക്തമാകും. ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി 25 വര്‍ഷത്തെ ഇടവേളക്കു ശേഷം ചുവപ്പണിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യവും യു ഡി എഫിന് ദോഷം ചെയ്തു. മുല്ലപ്പള്ളി ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഗണ്യമായൊരു വിഭാഗത്തിന് ഈ സംബന്ധം ഇഷ്ടമായിരുന്നില്ല. തീവ്രവാദികളുമായുള്ള കൂട്ടുകെട്ട് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് അവര്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പാര്‍ട്ടി ഒളിഞ്ഞും തെളിഞ്ഞും ആ ബന്ധം തുടര്‍ന്നത്.ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനായില്ല. പല മണ്ഡലങ്ങളിലും യു ഡി എഫുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടും പാലക്കാട്ട് ഭരണത്തുടര്‍ച്ച നേടിയതും പന്തളം നഗരസഭ എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതും ഒഴിച്ചാല്‍ പാര്‍ട്ടിയുടെ പ്രകടനം പൊതുവെ നിറംമങ്ങിയതാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷ നടപ്പായില്ലെന്നു മാത്രമല്ല, 2015ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പിറകോട്ട് പോകുകയും ചെയ്തു. കഴിഞ്ഞ തവണ 35 സീറ്റുകള്‍ നേടിയ കോര്‍പറേഷനില്‍ ഇത്തവണ പാര്‍ട്ടിയുടെ അംഗസംഖ്യ 34 ആണ്. 20 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ പത്ത് സീറ്റുകളില്‍ ഒതുങ്ങിയത് പാര്‍ട്ടിയുടെ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിട്ടും ബി ജെ പിക്ക് നേട്ടമുണ്ടാക്കാനാകാത്തത് പാര്‍ട്ടി വൃത്തങ്ങളെ അമ്പരിപ്പിക്കുന്നു. പാര്‍ട്ടിയുടെ നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം അണികളുടെ കൊഴിഞ്ഞു പോക്കിന് ഇടയാക്കുന്നുണ്ട്. ബി ജെ പിയുടെ മുന്‍ മീഡിയാ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ ഇതിനിടെ പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു. പ്രവീണിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ബി ജെ പി നേതൃത്വം കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിഷ്പ്രയാസം പിടിക്കാമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷക്ക് കോര്‍പറേഷന്‍ ഫലം മങ്ങലേല്‍പ്പിക്കുന്നു.

തൃശൂര്‍ കോര്‍പറേഷനില്‍ ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന്റെ തോല്‍വിയും പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയിരുന്നത്. മിഷന്‍ 28 പ്ലസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ പാര്‍ട്ടി തൃശൂരില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 2015ലെ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ നേടിയ ആറ് സീറ്റുകളുടെയും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനേട്ടവും നല്‍കിയ ആത്മവിശ്വാസത്തില്‍ ഇത്തവണ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാര്‍ട്ടി. എന്നാല്‍ ഇത്തവണയും ആറ് സീറ്റുകള്‍ നേടാനേ ആയുള്ളൂ. വര്‍ഗീയ, വിദ്വേഷ രാഷ്ട്രീയം കേരളത്തിന് പഥ്യമല്ലെന്ന് ഇനിയെങ്കിലും പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞെങ്കില്‍.

Latest