Kerala
തിരഞ്ഞെടുപ്പ് ഫലം കുപ്രചാരകര്‍ക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമുള്ള മറുപടി: മുഖ്യമന്ത്രി

തിരുവനന്തപുരം | കുപ്രചാരകര്‍, വലതുപക്ഷ വൈതാളികര്‍, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമായി ബി ജെ പിയുടെ അവകാശവാദങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് നേടി യുഡിഎഫ് നേതാക്കളുടെ തട്ടകങ്ങളില്‍ പോലും വിജയം കൈവരിച്ചു. യുഡിഎഫിനെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയ പ്രദേശങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയിച്ചു. ജനങ്ങള്‍ നല്‍കിയ ശിക്ഷയാണിത്. യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.
ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയം. വര്‍ഗീയതക്കെതിരെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെ ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ ശ്രമം നടന്നു
കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. എന്നാല്‍ ജനം കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കി. ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ചെയ്ത കാര്യങ്ങളെക്കുറിച്ച് വിമര്‍ശനമുണ്ടായാല്‍ അത് പരിശോധിച്ച് തിരുത്തി പോകുന്നതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
2015ല്‍ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു. ഇപ്പോള്‍ 11 ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറില്‍ അഞ്ച് കോര്‍പറേഷന്‍ വിജയിച്ചുവെന്നും പിണറായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.