Connect with us

Articles

രേഖകള്‍ പറയുന്നു; അഴിമതിയാണെങ്ങും

Published

|

Last Updated

അഴിമതിയും കൈക്കൂലിയും ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങിലും ഇന്ന് കാണാന്‍ കഴിയും. എന്നാല്‍ ഈ രാജ്യങ്ങളെയെല്ലാം പിറകിലാക്കി ഇക്കാര്യത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യം. കടുത്ത അഴിമതിയും വ്യാപകമായ കൈക്കൂലിയും ഏത് രാജ്യത്തെയും പിന്നോട്ടാണ് നയിക്കുക എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിശ്വസനീയമായ ഒരു സാര്‍വദേശീയ സര്‍വേയിലാണ് രാജ്യത്തിനപമാനകരമായ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു രാജ്യത്തെ കടുത്ത ദാരിദ്ര്യം അവിടെ മോഷണവും കവര്‍ച്ചയും വര്‍ധിപ്പിക്കുമെന്ന് പറയാറുണ്ട്. ഒരു പരിധിവരെ അത് ശരിയുമാണ്. എന്നാല്‍ അഴിമതിയും കൈക്കൂലിയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭാഗമായി ഉണ്ടാകുന്നതല്ല. കുറുക്കു വഴിയില്‍ വന്‍ ധനസമ്പാദനമാണ് ഇതിന്റെ ലക്ഷ്യം. നിയമവും നീതിയും കൈക്കൂലിയുടെ മുന്നില്‍ മുട്ടുമടക്കുന്നു. ആത്യന്തികമായി അത് രാജ്യത്തിന്റെ മാന്യമായ സ്ഥാനം ഇല്ലാതാക്കുകയും നഗ്നമായ ക്രിമിനലിസത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യും.

കൈക്കൂലിയില്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഭൂരിപക്ഷം പേരും പൊതു സേവനങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദി ഗ്ലോബല്‍ കറപ്ഷന്‍ ബാരോമീറ്റര്‍ (ജി സി ബി) ഏഷ്യയുടെ കൂടി പങ്കാളിത്തത്തോടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേരും കൈക്കൂലി നല്‍കിയത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ്. 32 ശതമാനം പേര്‍ സ്വന്തക്കാരെ ഉപയോഗിച്ച് സ്വാധീനിക്കുകയും ചെയ്തു.

ഈ വര്‍ഷം ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ 2,000 പേരിലാണ് ഇന്ത്യയില്‍ സര്‍വേ നടത്തിയത്. ആഗോളതലത്തില്‍ 17 രാജ്യങ്ങളിലായി 20,000 പേരില്‍ പഠനം നടത്തി. ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന കൈക്കൂലി നിരക്ക് (39 ശതമാനം). ഇന്ത്യക്ക് പിന്നിലായി കൂടുതല്‍ കൈക്കൂലി നിരക്ക് കംബോഡിയയിലാണ് (37 ശതമാനം). ഇന്തോനേഷ്യ (30 ശതമാനം) മൂന്നാം സ്ഥാനത്താണ്. ഏറ്റവും കുറവ് കൈക്കൂലി നിരക്ക് മാല ദ്വീപിലും ജപ്പാനിലുമാണ്. ദക്ഷിണ കൊറിയയില്‍ 10 ശതമാനവും നേപ്പാളില്‍ 12 ശതമാനവുമാണ് നിരക്കെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ പൊതുമേഖലയില്‍ കൈക്കൂലി പകര്‍ച്ചവ്യാധി പോലെയാണ് പരക്കുന്നത്. വേഗം കുറഞ്ഞ ഭരണ പ്രക്രിയ, അനാവശ്യമായ ചുവപ്പുനാട, നിയമക്കുരുക്കുകള്‍ എന്നിവയാണ് ആളുകളെ മറ്റു രീതികളിലൂടെ സേവനങ്ങള്‍ നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മന്ദഗതിയിലുള്ളതും സങ്കീര്‍ണവുമായ ഉദ്യോഗസ്ഥ സംവിധാനം, അനാവശ്യമായി ചുവപ്പുനാടയില്‍ കുരുങ്ങുന്നത്, കൃത്യമല്ലാത്ത നിയന്ത്രണങ്ങള്‍ എന്നിവയാണ് അനധികൃതമായും അഴിമതിയിലൂടെയും കാര്യങ്ങള്‍ സാധിപ്പിച്ചെടുക്കുന്നതിന് ബദല്‍ പരിഹാരങ്ങള്‍ തേടാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വജന പക്ഷപാതവും കൈക്കൂലിയും തടയുന്നതിന് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറും വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വളരെ വേഗത്തില്‍ പൊതുസേവനങ്ങള്‍ ലഭ്യമാകാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ സജ്ജമാക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൈക്കൂലി ചോദിക്കുന്നത് റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് 63 ശതമാനം പേരും വിശ്വസിക്കുന്നു. ഇത് കൈക്കൂലിക്കെതിരെയുള്ള പോരാട്ടത്തെ വ്യാപകമായി ദുര്‍ബലപ്പെടുത്തുകയാണ്.

ഇന്ത്യ, മലേഷ്യ, തായ്‌ലാന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലൈംഗിക ചൂഷണവും വ്യാപകമാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ദരിദ്ര സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വ്യാപകമായി വിധേയരാക്കുന്നു. ഇത്തരത്തിലുള്ള അഴിമതി വളരെ ഗൗരവപൂര്‍വം കാണേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ചൂഷണത്തിനു ശേഷം ചിത്രങ്ങളും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തി ഈ ചൂഷണം തുടരുന്ന സ്ഥിതിയും ചിലസ്ഥലങ്ങളിലുണ്ട്.

ഇന്ത്യയില്‍ 89 ശതമാനം പേരും സര്‍ക്കാര്‍ മേഖലയിലെ കൈക്കൂലി വലിയ പ്രശ്‌നമായി കാണുന്നവരാണ്. 18 ശതമാനം പേര്‍ വോട്ടിനു വേണ്ടി പണം വാഗ്ദാനം ചെയ്യപ്പെട്ടവരാണ്. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും സര്‍ക്കാര്‍ അഴിമതി തടയാന്‍ നടപടി കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നവരാണ്. ആഗോളതലത്തില്‍ നാലില്‍ മൂന്ന് പേരും അഴിമതിയെ വലിയ പ്രശ്‌നമായി തന്നെ കാണുന്നു. അഞ്ചില്‍ ഒരാള്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങളില്‍ എപ്പോഴും കൈക്കൂലി നല്‍കുന്നവരുമാണ്.

ഇന്ത്യയിലും അതുപോലുള്ള മറ്റു പല രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കൈക്കൂലിയുടെയും അഴിമതിയുടെയും നേര്‍ചിത്രമാണ് ഈ റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നത്. വളരെ ഗൗരവമായി നമ്മുടെ ഭരണാധികാരികള്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയവുമാണിത്. അഴിമതിയും കൈക്കൂലിയും തടയാന്‍ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ ഇന്നുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐ പി സി) മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരെയുള്ള അനേകം കുറ്റാന്വേഷണ സംവിധാനങ്ങളും ഏജന്‍സികളും ഇവിടെ നിലവിലുണ്ട്. വിജിലന്‍സും ആന്റി കറപ്ഷന്‍ ബ്യൂറോയും പോലുള്ള സംവിധാനങ്ങളും രാജ്യത്തുള്ളതാണ്. എന്നാല്‍ ഇതിനെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ് അഴിമതിയും കൈക്കൂലിയും ഇവിടെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്. കൈക്കൂലിയെ കര്‍ശനമായി നേരിടുകയും ക്രിമിനലുകളെ ശിക്ഷിക്കുകയും ചെയ്യേണ്ട പോലീസും ഭരണകൂടവും അഴിമതിക്കാര്‍ക്ക് വ്യാപകമായി പച്ചക്കൊടി കാട്ടുന്ന ചിത്രമാണ് ഇപ്പോള്‍ രാജ്യത്ത് തെളിഞ്ഞ് വരുന്നത്.

അഴിമതിയും കൈക്കൂലിയും മറ്റു പല മേഖലകളോടൊപ്പം രാഷ്ട്രീയ രംഗത്തും ഇന്ത്യയില്‍ കൊടികുത്തി വാഴുകയാണ്. ഭരണകൂടങ്ങള്‍ പലതും സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും പേരില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതില്‍ വൈമുഖ്യം കാട്ടുന്നതും നമുക്ക് കാണാന്‍ കഴിയും. പാര്‍ലിമെന്റിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്നതിന് ലക്ഷങ്ങള്‍ നല്‍കി സീറ്റ് തരപ്പെടുത്തുന്ന സമ്പ്രദായം മറ്റു ചില രാജ്യങ്ങളോടൊപ്പം ഇന്ന് ഇന്ത്യയിലും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വന്‍തുക മുടക്കി സീറ്റുകള്‍ കരസ്ഥമാക്കുന്ന നിയമസഭാ, പാര്‍ലിമെന്റ് മെമ്പര്‍മാര്‍ അഴിമതിയുടെയും കൈക്കൂലിയുടെയും അപ്പോസ്തലന്മാരായി മാറുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കും വിവിധ നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രിമിനലുകളാണെന്ന വസ്തുത ഈ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. ലോകത്ത് പാര്‍ലിമെന്റില്‍ കൂടുതല്‍ ക്രിമിനലുകളുള്ള രാജ്യങ്ങളില്‍ ഒന്നും ഇന്ത്യയാണ്.

അഴിമതിയും കൈക്കൂലിയും രാഷ്ട്രീയ രംഗത്ത് നിന്നാണ് ആദ്യം തുടച്ചുനീക്കേണ്ടത്. ഇതിനായി കര്‍ശനമായ നിയമങ്ങളുണ്ടാക്കാനുള്ള ഇച്ഛാശക്തിയും ധീരതയും ഭരണ നേതൃത്വമാണ് പുറത്തെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ നമ്മുടെ ഭരണാധികാരികള്‍ അറച്ചുനില്‍ക്കുകയാണ്. അഴിമതിക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില നടപടികള്‍ കൈക്കൊണ്ടിട്ടും സര്‍ക്കാറിന്റെ പിന്തുണ ലഭിക്കാത്തതു കൊണ്ട് നടപ്പാക്കാന്‍ കഴിയാതിരിക്കുകയാണ്. ഇന്ന് ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരില്‍ പലരും അഴിമതി ആരോപണത്തിന് വിധേയരായവരാണെന്ന വസ്തുത കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. രാജ്യത്തിന് എല്ലാ നിലയിലുമുള്ള പുരോഗതി കൈവരിക്കണമെങ്കില്‍ കൈക്കൂലിയും അഴിമതിയും അവസാനിപ്പിക്കണം. ഈ യാഥാര്‍ഥ്യം ജനങ്ങളും ഭരണാധികാരികളും ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest