National
പി ഡി പിയില്‍ നിന്ന് മൂന്ന് നേതാക്കള്‍കൂടി രാജിവെച്ചു

ശ്രീനഗര്‍ | കശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പി ഡി പിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്ന് മൂന്ന് നേതാക്കള്‍കൂടി രാജിവെച്ചു. ദമാന്‍ ഭാസിന്‍. ഫല്ലെയ്ല്‍ സിങ്, പ്രീതം കോട്വാള്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് രാജിവെച്ചത്. ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി പാര്‍ട്ടി മാറിയെന്നാരോപിച്ചാണ് രാജി. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബെഹ്ബൂബ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മൂന്ന് നേതാക്കള്‍ ഒരു മാസം മുമ്പ് പി ഡി പി വിട്ടിരുന്നു.
അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മതനിരപേക്ഷ ബദലായി പി ഡി പിയെ കണ്ടാണ് ഇത്രയും കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ രാജിക്കത്തില്‍ പറയുന്നു. വര്‍ഗീയവും വിഭാഗീയവുമായ നീക്കങ്ങളെ തടയാനുള്ള കഴിവ് മുഫ്തി മുഹമ്മദ് സയീദിന് ഉണ്ടായിരുന്നു. അനുയായികളായ തങ്ങള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി മാറിയ ഇന്നത്തെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറഞ്ഞു.