Connect with us

National

അരിപ്പയിലൂടെ അരിച്ചിറങ്ങുന്ന ത്രിവര്‍ണം കാവിയാകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് എം പി ശശി തരൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുന്നു. സമാവറില്‍ നിന്ന് ഒഴുകുന്ന ത്രിവര്‍ണത്തിലുള്ള പാനീയം അരിപ്പയില്‍ നിന്ന് കാവിയായി പാത്രത്തില്‍ വീഴുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെ സംബന്ധിച്ചാണോ തരൂര്‍ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യമുയരുന്നുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെ വരച്ചതാണ് ഈ ചിത്രം. നിലവിലെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെ മികച്ച രീതിയില്‍ ചിത്രീകരിച്ചതാണ് ഈ ചിത്രമെന്ന് ഇതിന്റെ അടിക്കുറിപ്പില്‍ പറയുന്നു. അക്ഷരങ്ങളേക്കാള്‍ കൂടുതല്‍ കലാ സൃഷ്ടി സംസാരിക്കുന്നു എന്നും അടിക്കുറിപ്പുണ്ട്.

ഈ അടിക്കുറിപ്പുകളോടു കൂടിയ ചിത്രമാണ് ആദ്യം തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. നിലവിലെ സ്ഥിതിയില്‍ രാജ്യം അതിവേഗം ഹിന്ദുത്വയിലേക്ക് നീങ്ങുന്നത് സൂചിപ്പിക്കാനാണ് ഈ ചിത്രം തരൂര്‍ പങ്കുവെച്ചതെന്നും വാദമുണ്ട്.

നേരത്തേ, കോണ്‍ഗ്രസിന്റെ ഹിന്ദുത്വ ചായ്വിനെതിരെ തരൂര്‍ ശക്തമായി രംഗത്തുവന്നിരുന്നു. ബി ജെ പിയാകേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ അതിവേഗം ബി ജെ പിയിലേക്ക് കൂടുമാറുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ചിത്രം തരൂര്‍ പങ്കുവെച്ചത്.

Latest