Kerala
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥികളില്‍ കൂടുതലും വനിതകള്‍

പത്തനംതിട്ട | പത്തനംതിട്ടയില്‍ ത്രിതല പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ കൂടുതലും വനിതകള്‍. സംവരണത്തിലൂടെ വനിതാ വാര്‍ഡുകള്‍ പകുതിയിലധികം വരുന്നതോടൊപ്പം ജനറല്‍ വാര്‍ഡുകളിലും വനിതകള്‍ സ്ഥാനാര്‍ഥികളായുണ്ട്. പത്തനംതിട്ട ജില്ലയിലെ 3699 സ്ഥാനാര്‍ഥികളില്‍ 2007 വനിതകളുണ്ട്. 1692 പുരുഷന്‍മാരാണ് മത്സരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1042 മണ്ഡലങ്ങളില്‍ 553 വനിതാ സംവരണമാണ്.
ജില്ലാ പഞ്ചായത്തിലൊഴികെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വനിതാ സ്ഥാനാര്‍ഥികളാണ് കൂടുതല്‍. ജില്ലാ പഞ്ചായത്തിലെ 16 മണ്ഡലങ്ങളില്‍ എട്ടെണ്ണം വനിതാ സംവരണമാണ്. 26 വനിതകളാണ് മത്സരിക്കാനുള്ളത്. 34 പുരുഷന്‍മാരുണ്ട്. 53 ഗ്രാമപഞ്ചായത്തുകളില്‍ 2803 സ്ഥാനാര്‍ഥികളില്‍ 1533 വനിതകളാണ് മത്സരിക്കാനുള്ളത്. 788 വാര്‍ഡുകളില്‍ 412 വനിതാ സംവരണ വാര്‍ഡുകളാണ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 189 സ്ത്രീകളാണ് മത്സരിക്കുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 106 ഡിവിഷനുകളില്‍ 342 സ്ഥാനാര്‍ഥികളാണ് ആകെ മത്സരിക്കുന്നത്. ബ്ലോക്കുകളില്‍ 57 വനിതാ സംവരണ വാര്‍ഡുകളുണ്ട്. നാല് നഗരസഭകളിലേക്ക് മത്സരരംഗത്തുള്ളതില്‍ 235 വനിതകളുണ്ട്. 132 വാര്‍ഡുകളില്‍ 494 സ്ഥാനാര്‍ഥികളാണ് ആകെയുള്ളത്. 67 വനിതാ സംവരണ വാര്‍ഡുകളാണ് നഗരസഭകളിലുള്ളത്.