Connect with us

Articles

'മേഡ് ഇൻ ഇസ്റാഈലി'ലെ ചതി

Published

|

Last Updated

മൈക് പോംപിയോ സി ഐ എയുടെ തലപ്പത്തായിരുന്നു. ഇപ്പോൾ യു എസ് വിദേശകാര്യ സെക്രട്ടറിയാണ്. അറബ് രാജ്യങ്ങളിൽ ചിലത് ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ച നീക്കുപോക്കുകളിൽ മുൻപന്തിയിൽ നിന്നത് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജെയേർഡ് കുഷ്‌നർ ആയിരുന്നെങ്കിലും പിന്നിൽ കളിച്ചത് മുഴുവൻ പോംപിയോ ആയിരുന്നു. തോറ്റിട്ടും തോൽവി സമ്മതിക്കാതെ മുടന്തൻ ന്യായങ്ങൾ എഴുന്നള്ളിക്കുന്ന പ്രസിഡന്റിന്റെ അധികാരമേതുമില്ലാത്ത അടുപ്പക്കാരൻ മാത്രമാണിപ്പോൾ അദ്ദേഹം. സാങ്കേതികമായി മാത്രം വിദേശകാര്യ സെക്രട്ടറി. അങ്ങനെയൊരാൾ നടത്തുന്ന വിദേശ സന്ദർശനങ്ങളെ “ഫേർവെൽ വിസിറ്റ്” എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. ഇസ്‌റാഈലിൽ കഴിഞ്ഞ ദിവസം അത്തരമൊരു പര്യടനം നടത്തി മൈക് പോംപിയോ. വലിയ പ്രധാന്യമാണ് ആ പര്യടനത്തിന് കിട്ടിയത്. യു എസ് വിദേശകാര്യ സെക്രട്ടറിമാരിലാർക്കും ലഭിക്കാത്ത പ്രാധാന്യം. പിൻഗാമിക്കായി ഒഴിഞ്ഞു കൊടുക്കുക മാത്രം മുമ്പിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഇസ്‌റാഈൽ സന്ദർശനം ഇത്രമാത്രം തലക്കെട്ടുകൾ നേടിയത് എന്തുകൊണ്ടാണ്?

മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, മൈക് പോംപിയോ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ സമുച്ചയങ്ങൾ സന്ദർശിച്ചു. ചരിത്രത്തിലാദ്യമാണ് ഉന്നത യു എസ് ഉദ്യോഗസ്ഥൻ ഈ അധിനിവേശ ഭൂമിയിൽ പോകുന്നത്. രണ്ട്, ആരുടേതെന്ന് ഇന്നും തീർപ്പ് കൽപ്പിച്ചിട്ടില്ലാത്ത ജൂലാൻ കുന്നുകളിൽ അദ്ദേഹം ചെന്നു. മൂന്ന്, ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുന്നതിനുള്ള ആഗോള ബി ഡി എസ് (ബോയ്‌കോട്ട്, ഡിവെസ്റ്റ്, സാംഗ്ഷൻ) പ്രസ്ഥാനത്തെ സെമറ്റിക് വിരുദ്ധ ക്യാൻസർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഫലസ്തീൻ മണ്ണിലേക്ക് മാത്രമല്ല, മേഖലയിലാകെ ഇസ്‌റാഈൽ നടത്തുന്ന ക്രൂരമായ ഭൂമിക്കൊള്ളകളെ നിർലജ്ജം പിന്താങ്ങുകയാണ് മൈക് പോംപിയോ ചെയ്തത്. പ്രസിഡന്റ് ട്രംപിന്റെ അഭിലാഷമാണ് താൻ നിറവേറ്റുന്നതെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റുമാരുടെ സയണിസ്റ്റ് ദാസ്യത്തിന്റെ കൊടിപ്പടം ഒരു കാലത്തും താഴാറില്ല. ആര് വന്നാലും അതങ്ങനെ വാനിലുയർന്നു പറക്കും. ബിൽ ക്ലിന്റണായാലും ബരാക് ഒബാമയായാലും ജൂത ലോബീംഗിന് വഴിപ്പെടുന്നതിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇനി വരാൻ പോകുന്ന ജോ ബൈഡനായാലും അതു തന്നെയാകും സ്ഥിതി.

യു എസ് ചരിത്രത്തിലെ ഏറ്റവും ശുഷ്‌കാന്തിയുള്ള സയണിസ്റ്റ് താങ്ങിയാരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ- ഡൊണാൾഡ് ട്രംപ്. ബിസിനസുകാരനായ അദ്ദേഹത്തിന് പണ്ടേ ഇസ്‌റാഈലുമായി കച്ചവട പങ്കാളിത്തമുണ്ട്. ഇസ്‌റാഈൽ തലസ്ഥാനം ടെൽ അവീവിൽ നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയത്തിൽ ഒപ്പിടുന്നത് മുൻ പ്രസിഡന്റുമാരെല്ലാം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. യു എൻ പ്രമേയത്തിന്റെയും ഇസ്‌റാഈൽ രൂപവത്കരണത്തിലേക്ക് നയിച്ച ബാൽഫർ പ്രഖ്യാപനത്തിന്റെ തന്നെയും ലംഘനമായത് കൊണ്ടും ആ നടപടി അമേരിക്കയെ ലോകത്തിന് മുമ്പിൽ നാണക്കേടിലാക്കും എന്ന് തിരിച്ചറിഞ്ഞത് കൊണ്ടും നേരത്തേയുള്ളവരെല്ലാം ആ പ്രമേയം കോൾഡ് സ്റ്റോറേജിൽ വെച്ചു. എന്നാൽ ട്രംപ് അത് പുറത്തെടുത്ത് ഒപ്പുവെച്ചു. നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് പതിച്ചു നൽകിയത്. നീതിയുക്തമായ അതിർത്തികളോടെ ഫലസ്തീൻ സാധ്യമാകാൻ യു എസ് ഒരിക്കലും അനുവദിക്കില്ലെന്ന് ലോകത്തിന് മുന്നിൽ അഹന്തയോടെ ആക്രോശിക്കുകയാണ് ആ ഒപ്പിലൂടെ ട്രംപ് ചെയ്തത്. ആ ട്രംപിന്റെ കീഴിലുള്ള വിദേശകാര്യ സെക്രട്ടറി കുറേക്കൂടി മുന്നോട്ട് പോയിരിക്കുന്നു. നിയുക്ത പ്രസിഡന്റിനുള്ള വ്യക്തമായ സന്ദേശമാണിത്. ഇസ്‌റാഈലിന്റെ അതിർത്തി വ്യാപനത്തെ പിന്തുണക്കാൻ താങ്കൾ ബാധ്യസ്ഥനാണെന്ന സന്ദേശം. നയം മാറ്റമാകാം. അത് ജൂതരാഷ്ട്രത്തിന്റെ കാര്യത്തിൽ വേണ്ടെന്ന സന്ദേശം.

മേഡ് ഇൻ ഇസ്‌റാഈൽ

വെസ്റ്റ് ബാങ്കിൽ ചെന്ന് മൈക് പോംപിയോ പറഞ്ഞ ഒരു വാചകം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. “ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ വസ്തുക്കളും “മേഡ് ഇൻ ഇസ്‌റാഈൽ” എന്ന് അറിയപ്പെടും. ആർക്കും തടയാനാകില്ല”. ആയുധബലം കൊണ്ട് പിടിച്ചടക്കിയ മണ്ണിൽ നിന്ന് കൊണ്ടാണ് പോംപിയോ ഇത് പറയുന്നത്. ഈ വെല്ലുവിളിക്ക് മറുപടി പറയാൻ ഒരു അന്താരാഷ്ട്ര ഏജൻസിയുമില്ല. നട്ടെല്ലുറപ്പുള്ള ഒരു രാജ്യവുമില്ല. ഡൊണാൾഡ് ട്രംപ് ഇസ്‌റാഈലിനായി പ്രഖ്യാപിച്ച അധിനിവേശ പദ്ധതിയെയാണ് “ട്രംപ് പ്ലാൻ” എന്ന് വിളിക്കുന്നത്. 1967 മുതൽ ഇസ്‌റാഈൽ പിടിച്ചടക്കിയ മുഴുവൻ പ്രദേശങ്ങളും അവർക്ക് കാലാകാലത്തേക്കും പതിച്ചു നൽകുന്നുവെന്നതാണ് ട്രംപ് പ്ലാനിനെ അങ്ങേയറ്റം അപകടകരമാക്കുന്നത്. ഐക്യരാഷ്ട്ര സഭ ഫലസ്തീനിനെ രണ്ടായി വിഭജിച്ചത് 1947 നവംബർ 29നാണ്. ഇസ്‌റാഈൽ രാഷ്ട്രം ഔദ്യോഗികമായി നിലവിൽ വന്നത് 1948 മെയ് 15നും. ഇതിനിടക്കുള്ള സമയത്ത് സയണിസ്റ്റ് സായുധ ഗ്രൂപ്പുകളും സൈന്യവും ഫലസ്തീന്റെ 75 ശതമാനവും കൈയടക്കി കഴിഞ്ഞിരുന്നുവെന്നാണ് റാൽഫ് ഷൂമാനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. 7,80,000 ഫലസ്തീനികളെയാണ് ആട്ടിയോടിച്ചത്. 1967ൽ ഈജിപ്തിന്റെ നേതൃത്വത്തിൽ ഇസ്‌റാഈലിനെതിരെ നടന്ന അറബ് സൈനിക നീക്കം സമ്പൂർണ പരാജയമായിരുന്നു. വെറും 132 മണിക്കൂറിനുള്ളിൽ സിറിയയിൽ നിന്ന് ജൂലാൻ കുന്നുകളും ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഈജിപ്തിൽ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി. പിന്നീട് ഓസ്‌ലോ കരാറിന്റെ ഭാഗമായി വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളും ഗാസാ മുനമ്പും തിരിച്ചു നൽകി. ഈ ഓസ്‌ലോ കരാർ റദ്ദാക്കുന്നതിന് തുല്യമായിരുന്നു ട്രംപ് പ്ലാൻ.

ഇസ്‌റാഈൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങിയ ശേഷമേ ദ്വിരാഷ്ട്ര ചർച്ച തുടങ്ങാൻ തന്നെ പാടുള്ളൂ എന്ന് അനുശാസിക്കുന്ന യു എൻ പ്രമേയം 2334ന്റെ ലംഘനമാണ് ട്രംപ് പ്ലാൻ. ഈ പ്ലാനിനെയാണ് പോംപിയോ “പ്രസിഡന്റിന്റെ അഭിലാഷം” എന്ന് വിളിച്ച് ആഘോഷിക്കുന്നത്.

ജൂലാൻ കുന്നുകൾ

ഇനി ജൂലാൻ കുന്നുകളുടെ കാര്യം. ലബനാൻ, ഇസ്‌റാഈൽ, ജോർദാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന സിറിയൻ ഭൂവിഭാഗമാണ് ജൂലാൻ കുന്നുകൾ. ഇസ്‌റാഈൽ കൈയടക്കി വെച്ചിരിക്കുന്നുവെങ്കിലും ഒരു അന്താരാഷ്ട്ര ഏജൻസിയും ആ അധികാര പ്രഖ്യാപനത്തിന് അംഗീകാരം നൽകിയിട്ടില്ല. സിറിയയുടെ ഭാഗമായാണ് അന്താരാഷ്ട്ര ഏജൻസികൾ ഈ പ്രദേശത്തെ കാണുന്നത്. 12,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1967ലെ ആറ് ദിവസ യുദ്ധത്തിനൊടുവിൽ ഇസ്‌റാഈൽ പിടിച്ചെടുക്കുകയായിരുന്നു. 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ജറൂസലം അടക്കമുള്ള പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന് യു എൻ പ്രമേയം നിലനിൽക്കെ തന്നെ അമേരിക്കയുടെ പിന്തുണയോടെ അടക്കി ഭരിക്കൽ തുടരുകയാണ് ഇസ്‌റാഈൽ ചെയ്തത്. ജൂലാൻ കുന്ന് തിരിച്ചു പിടിക്കാൻ ഇറാന്റെ സഹായത്തോടെ 1970കളിൽ സിറിയ ചില സൈനിക നീക്കങ്ങൾ നടത്തിയപ്പോൾ അത് വലിയ പാതകമായി അമേരിക്കയും ഇസ്‌റാഈലും ആഘോഷിച്ചു. അതോടെ മധ്യസ്ഥർ വന്നു. ഒടുവിൽ പർപ്പിൾ ലൈൻ എന്നറിയപ്പെടുന്ന വെടിനിർത്തൽരേഖ രൂപവത്കരിക്കപ്പെട്ടു. ഫലത്തിൽ ജൂലാൻ കുന്നുകൾ ഇസ്‌റാഈലിന്റെ കൈയിൽ തന്നെയാകുകയായിരുന്നു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ൽ ജൂലാൻ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്‌റാഈലിനോട് “നിയമപരമായി” കൂട്ടിച്ചേർക്കുകയും അവിടെ ജൂത കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. വീറ്റോ അധികാരമുള്ള അമേരിക്കയുടെ പിന്തുണയുള്ളപ്പോൾ യു എൻ പ്രമേയങ്ങൾക്ക് കടലാസ് വില പോലുമില്ല. അതുകൊണ്ട് മൈക് പോംപിയോ ജൂലാൻ കുന്നുകൾക്ക് മുകളിൽ നിന്ന് വിളിച്ചു പറയുന്നു: പ്രസിഡന്റ് ട്രംപ് പറഞ്ഞാൽ മാറ്റമില്ല. ഈ മണ്ണ് ഇസ്‌റാഈലിന്റെ ഭാഗമാണ്.

ബഹിഷ്‌കരണം

മൈക് പോംപിയോയുടെ മറ്റൊരു ആക്രോശം ബി ഡി എസിന് എതിരെയാണല്ലോ. ആ പ്രസ്ഥാനത്തെ ക്യാൻസർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2005ൽ തുടങ്ങിയതാണ് ബി ഡി എസ് പ്രസ്ഥാനം. ബോയ്‌കോട്ട്, ഡിവസ്റ്റ്, സാൻഗ്ഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ബി ഡി എസ്.
ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക, അവിടെ നിക്ഷേപം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുക, ഉപരോധം സൃഷ്ടിക്കുക എന്നതാണ് മുദ്രാവാക്യം. ബ്രിട്ടനിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇസ്‌റാഈലുമായുള്ള കരാറുകൾ റദ്ദാക്കിയത് ഈ പ്രസ്ഥാനത്തിന്റെ ഇടപെടൽ മൂലമാണ്. ബൊളീവിയ അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഔദ്യോഗിക കരാറുകളിൽ നിന്ന് തന്നെ പിൻവാങ്ങി. നിരവധി കമ്പനികൾ ഇസ്‌റാഈലിൽ നിന്ന് അവരുടെ നിക്ഷേപം പിൻവലിച്ചു. ഗാസാ കൂട്ടക്കുരുതിക്ക് പിറകേ ഇസ്‌റാഈലിലെ വിദേശ നിക്ഷേപം 46 ശതമാനം കണ്ടാണ് ഇടിഞ്ഞത്. സ്റ്റീഫൻ ഹോക്കിംഗ്, ആഞ്ചലാ ഡേവിസ് തുടങ്ങിയവർ അക്കാദമിക് ബഹിഷ്‌കരണത്തിന് നേതൃത്വം നൽകി. നിരവധി കലാകാരൻമാർ സാംസ്‌കാരിക ബഹിഷ്‌കരണത്തിന് തയ്യാറായി. ഇസ്‌റാഈൽ ഉത്പന്നങ്ങളെ തങ്ങളുടെ ഉപഭോഗത്തിൽ നിന്ന് പുറത്താക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. മഹാത്മാ ഗാന്ധിയുടെ അഹിംസ, നിസ്സഹകരണം, ദ. ആഫ്രിക്കയിലെ വർണ വിവേചനത്തിനെതിരായ പോരാട്ടം. ഇവയാണ് ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം.

ബഹിഷ്‌കരണം അതിശക്തമായ സമരരൂപമാണെന്ന തിരിച്ചറിവ് കൊണ്ടു തന്നെയാണ് ഈ 2020ലും പോംപിയോമാർ അതിനെതിരെ ആക്രോശിക്കുന്നത്. സമരങ്ങൾ അധികാരികളെ എക്കാലവും അലോസരപ്പെടുത്തും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest