ബിഹാര്‍ മന്ത്രിയുടെ രാജി മുഖ്യമന്ത്രിയുമായി നടത്തിയ 30 മിനുട്ട് ചര്‍ച്ചക്കു ശേഷം; വിജയം കണ്ടത് പ്രതിപക്ഷ പ്രതിഷേധം

Posted on: November 19, 2020 8:58 pm | Last updated: November 19, 2020 at 11:57 pm

പാട്‌ന | ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രിയും ജെ ഡി (യു) എം എല്‍ എയുമായ മേവാലാല്‍ ചൗധരി രാജി സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ നടന്ന 30 മിനുട്ട് ചര്‍ച്ചക്കു ശേഷം. നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതിയായ മേവാലാല്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായതിനെ തുടര്‍ന്ന് മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ ഫഗു ചൗഹാന്‍ മന്ത്രിയുടെ രാജി സ്വീകരിച്ചു.

ഭഗല്‍പുര്‍ വൈസ് ചാന്‍സലറായിരിക്കെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മേവാലാലിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. നേരത്തെ, പ്രതിപക്ഷത്തായിരുന്ന ബി ജെ പി ആക്ഷേപമുയര്‍ത്തിയതോടെ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ മേവാലാലിനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ പി സി) വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മേവാലാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ആഗസ്റ്റ് 22ന് ചൗധരിക്ക് പാട്‌ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
മേവാലാലിന്റെ പത്‌നിയും മുന്‍ എം എല്‍ എയുമായ നീത ചൗധരി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐ പി എസ് ഓഫീസര്‍ അമിതാഭ് കുമാര്‍ ദാസ് 2019 ജൂണ്‍ രണ്ടിന് ഡി ജി പിക്ക് കത്തയച്ചിരുന്നു. സേബര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന അഴിമതികളെ കുറിച്ച് നീതക്ക് അറിവുണ്ടായിരുന്നുവെന്നും ഇത് അവരുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും 1994 ബാച്ച് ഐ പി എസ് ഓഫീസറായ അമിതാഭ് സംശയം പ്രകടിപ്പിക്കുന്നു.

അതിനിടെ, അഴിമതിക്കാരനായ ഒരാളെ മന്ത്രിസഭയില്‍ അംഗമാക്കിയതില്‍ പ്രധാന പ്രതി മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ജനങ്ങള്‍ നല്‍കിയ സമ്മതിക്ക് വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ രാജി ആവശ്യപ്പെട്ട് അദ്ദേഹം നാടകം കളിക്കുകയാണെന്നും തേജസ്വി ആരോപിച്ചു. മേവാലാലിന്റെ രാജി ജനങ്ങളുടെ വിജയമാണെന്നും പൊതുസമൂഹത്തിന്റെ സമ്മര്‍ദത്തിന് സര്‍ക്കാരിന് കീഴടങ്ങേണ്ടി വരികയായിരുന്നുവെന്നും സി പി ഐ എം എല്‍ സംസ്ഥാന സെക്രട്ടറി കുനാല്‍ പ്രതികരിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാറില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കിയെന്ന ആരോപണം ശക്തമാണ്.