Connect with us

Eranakulam

പാലത്തിൽ തെന്നിവീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം പാലത്തിൽ തെന്നിവീണത് മുസ്‌ലിം ലീഗിന്റെ അമരക്കാരനായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌തൻ. മലബാറിന് പുറത്ത് മുസ്‌ലിം ലീഗിന്റെ മുഖമായ ഇബ്‌റാഹീം കുഞ്ഞിന്റെ വീഴ്ച പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യും. മലബാറിന് പുറത്തേക്ക് വളരാൻ ശ്രമിക്കുന്ന മുസ്‌ലിം ലീഗിന്, ഇബ്‌റാഹീം കുഞ്ഞിന്റെ അഴിമതി പ്രതിച്ഛായ വലിയ തിരിച്ചടിയാകും. നേരത്തേ മന്ത്രിമാരായിരുന്ന എം കെ മുനീറിനും നാലകത്ത് സൂപ്പിക്കുമെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. ഇത്രയും ഗുരുതരമായ കേസ് ഒരു ലീഗ് മന്ത്രിക്കെതിരെ ഉണ്ടാകുന്നത് തന്നെ ആദ്യ സംഭവമാണ്.

പാണക്കാട് കുടുംബത്തിന്റെ പിന്തുണയോടെ പാർട്ടിയുടെ അധികാര കേന്ദ്രമായി മാറിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ശത്രുക്കളും ഏറെയുണ്ടായിരുന്നു. അപ്പോഴെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു ലീഗിലെ രണ്ടാം നിര നേതാവായ ഇബ്‌റാഹീം കുഞ്ഞ്. ഒന്നിലേറെ അധികാര കേന്ദ്രം ലീഗിൽ പതിവില്ലെങ്കിലും മലബാറിന് പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ തന്നെ പിന്തുണയോടെ ആ നിലയിലേക്ക് വളരാൻ കഴിഞ്ഞ നേതാവായാരുന്നു ഇബ്‌റാഹിം കുഞ്ഞ്. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധമാണ് അദ്ദേഹത്തിന് അധികാര രാഷ്ട്രീയത്തിലേക്ക് വഴി തുറന്നത്. 2005 ലെ ഐസ്‌ക്രീം കേസ് വിവാദത്തെ തുടർന്ന് ഒടുവിൽ രാജിവെക്കേണ്ടി വന്ന കുഞ്ഞാലിക്കുട്ടി പാർട്ടിയിലെ അതികായരായ നേതാക്കളെ വെട്ടി തന്റെ വകുപ്പ് ഏൽപ്പിച്ചത് അധികരാത്തിൻ മുൻ പരിചയമില്ലാതിരുന്ന ഈ രണ്ടാംനിര നേതാവിനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയേക്കാൾ സീനിയറായ നേതാക്കൾ മന്ത്രിസഭയിലും നിയമസഭയിലുമുണ്ടായിരുന്നു. മൂന്നാം തവണ എത്തിയ എം എൽ എമാരെയും മറികടന്നാണ് തുടക്കക്കാരനായ ഇബ്‌റാഹീം കുഞ്ഞിനെ പ്രധാന വകുപ്പുകളിലൊന്നായ വ്യവസായം ഏൽപ്പിച്ചത്.

ലീഗിലെ മുതിർന്ന നേതാക്കളെയും രാഷ്ട്രീയ വിദഗ്ധരെയും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. പിന്നീട് വന്ന യു ഡി എഫ് മന്ത്രിസഭയിൽ സി എച്ചിന്റെ പുത്രൻ എം കെ മുനീറിന് പോലും അപ്രധാന വകുപ്പ് ലഭിച്ചപ്പോൾ തന്റെ വിശ്വസ്തന് കുഞ്ഞാലിക്കുട്ടി പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കിയിരുന്നു. ഇതോടൊയാണ് കുഞ്ഞാലിക്കുട്ടിയുടെ തണലിൽ മുസ്‌ലിം ലീഗിലെ പ്രമുഖരെ മറികടന്ന് ഇബ്‌റാഹീം കുഞ്ഞ് പുതിയൊരു അധികാര കേന്ദ്രമായി മാറിയത്.
കുഞ്ഞാലിക്കുട്ടിയുടെ ആശീർവാദത്തോടെ ടി എ അഹമ്മദ് കബീർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വെട്ടിയാണ് ഇബ്‌റാഹീം കുഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായത്. ഇത് അദ്ദേഹത്തിന് പാർട്ടിയിൽ ശത്രുക്കളെ ഉണ്ടാക്കിയിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ പിൻബലത്തിലാണ് ഇബ്‌റാഹീംകുഞ്ഞ് ഇതിനെ മറികടന്നത്. എന്നാൽ മന്ത്രിയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ ശൈലിക്കെതിരെ ലീഗിന്റെ പല എം എൽ എമാരും പാരാതിയുമായി രംഗത്തെത്തിയിരുന്നു.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡ്, പാലം നിർമാണ കരാറുകളെക്കുറച്ചായിരുന്നു കൂടുതൽ പരാതികളും. കൊച്ചിയിലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിലുള്ള പ്രവർത്തനത്തിലൂടെ പാർട്ടിയിൽ വളർന്ന ഇബ്‌റാഹീം കുഞ്ഞ് മുസ്‌ലിം ലീഗിൽ സ്വത്വ രാഷ്ട്രീയത്തിനപ്പുറം പണക്കൊഴുപ്പിന് പ്രാധാന്യം ലഭിച്ച കാലത്താണ് തന്റെ അധികാരമുറപ്പിച്ചത്. തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴും മേഖലയിൽ നിന്ന് ആരും എതിരുണ്ടായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ പാർട്ടിയിലെ സ്വാധീനം പ്രകടമാക്കുന്നതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം