Connect with us

Gulf

മുഖ്യമന്ത്രിയും സ്പീക്കറും ഇടപെട്ടു; ഒന്നരപതിറ്റാണ്ടിന്റെ ജയില്‍ വാസത്തിന് ശേഷം അലി നാടണഞ്ഞു

Published

|

Last Updated

ജിദ്ദ | ഒന്നര പാതിറ്റാണ്ടായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന് ഒടുവില്‍ മോചനം. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഇടപെട്ടതോടെയാണ് മലപ്പുറം തെന്നല സ്വദേശി കളംവളപ്പില്‍ അലി നാടണഞ്ഞത്.

2005 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയില്‍ പോലീസ് പരിശോധനക്കിടെ അലിയെ പിടികൂടുകയായിരുന്നു. തന്റെ വാഹനത്തില്‍ യാത്ര ചെയ്ത രണ്ട് പാകിസ്ഥാന്‍ സ്വദേശികളില്‍ നിന്നും പോലീസ് മയക്ക് പിടികൂടിയതോടെയാണ് അലി കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേര്‍ക്കും ശിക്ഷ വിധിച്ചു. പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് 25 വര്‍ഷവും വാഹന സൗകര്യം ഒരുക്കിയെന്ന കാരണത്താല്‍ അലിക്ക് 15 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ അകപെട്ടതോടെ സ്‌പോണ്‍സറും കയ്യൊഴിഞ്ഞു. ജയിലില്‍ കഴിയുന്നതിനിടെ ആറ് വര്‍ഷം മുമ്പ് വൃക്കകള്‍ തകരാറിലാവുകയും ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് നടത്തിവരികയുമായിരുന്നു. ബന്ധുക്കല്‍ മക്ക ഗവര്‍ണ്ണര്‍ക്ക് ദയാ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനിടെ 2019 ഏപ്രിലില്‍ ജിദ്ദയിലെത്തിയ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു മുന്‍പില്‍ ബന്ധുക്കള്‍ അലിയുടെ രോഗ വിവരം ധരിപ്പിക്കുകയും ഉടന്‍ തന്നെ സ്പീക്കര്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്നും ജിദ്ദയിലെ ശുമൈസി ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് അലിയെ മാറ്റുകയായിന്നു.

നീണ്ട ജയില്‍വാസത്തിനിടെ അലിയുടെ പാസ്പോര്‍ട്ട് ജയിലില്‍നിന്ന് കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തുനല്‍കി. എന്നാല്‍ കൊവിഡ് യാത്രാ വിലക്ക് മൂലം യാത്ര അനിശ്ചിതത്വത്തിലാവുകയും കോണ്‍സുലേറ്റ് നല്‍കിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ നേരില്‍ കണ്ട ജിദ്ധയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സംഭവം ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം അലിയെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ജിദ്ദ കോസുലേറ്റിലെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ വൈ. സാബിറിന് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ കൊവിഡ് കൂടി സ്ഥിരീകരിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. രോഗം ഭേദമായി തര്‍ഹീലില്‍ തിരിച്ചെങ്കിലും തര്‍ഹീലില്‍ വെച്ചുണ്ടായ വീഴ്ചയില്‍ തുടയെല്ല് പൊട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയതിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഒന്നര മാസത്തെ ചികിത്സക്ക് ശേഷം വെള്ളിയാഴ്ച്ചയാണ് അലി നാട്ടിലെത്തിയത്.

പരീക്ഷണങ്ങള്‍ അതിജീവിച്ച് അലി നാട്ടിലെത്തിയ സന്തോഷത്തിലാണ് കുടുംബങ്ങളും, നാട്ടുകാരും. അലിയുടെ വൃക്ക മാറ്റിവെക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.

Latest