ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Posted on: November 7, 2020 7:01 am | Last updated: November 7, 2020 at 12:03 pm

ബെംഗളൂരു |  അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ശനിയാഴ്ച അവസാനിക്കും. ലഹരിയിടപാടുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇ ഡി സോണല്‍ ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വസതിയില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിവരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാന്‍ ഇ ഡി കൂടുതല്‍ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
അതേ സമയം ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നല്‍കിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരേ കേസെടുത്തേക്കും. ബനീഷിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍ സി ബി. കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ബിനീഷിന്റെ ബെംഗളൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം തുടങ്ങി. 2015 മുതല്‍ മുഹമ്മദ് അനൂപ് തുടങ്ങിയ ബിസിനസുകളെക്കുറിച്ചാണ് അന്വേഷണം. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ റസ്റ്റോറന്റ്, കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്ട്മെന്റ് എന്നിവയിലെ പങ്കാളികളെക്കുറിച്ചാണ് അന്വേഷണം തുടങ്ങിയത്.