വാളയാര്‍ കേസില്‍ വെറുതെ വിട്ട പ്രതി തൂങ്ങിമരിച്ച നിലയില്‍

Posted on: November 4, 2020 3:14 pm | Last updated: November 4, 2020 at 5:20 pm

പാലക്കാട് | വാളയാര്‍ കേസില്‍ വെറുതെ വിട്ട പ്രതിയെ ചേര്‍ത്തലയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. അമ്മയോടൊപ്പം ബേങ്കില്‍ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

2017ലാണ് വാളയാറിലെ ദളിത് സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസിലെ പ്രതികളായ പ്രദീപ്കുമാറടക്കം അഞ്ച് പേരെ പാലക്കാട് പോക്സ് കോടതി വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടന്നുവരികയാണ്.

പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ വിചാരണ അടുത്ത ദിവസം നടക്കാനിരിക്കെയാണ് പ്രദീപ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.