Connect with us

Travelogue

വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാട്

Published

|

Last Updated

രണ്ടായിരത്തി പതിമൂന്ന് ജൂലൈ അഞ്ചാം തീയതി രാവിലെ എട്ട് മണിക്ക് യമനിലെ സ്വൻആ ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങുമ്പോൾ, അന്യദേശത്തേക്കുള്ള കന്നി യാത്രയുടെ അനേകം ആശങ്കകൾ മനസ്സിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. “വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാട് ” എന്ന് തിരുദൂതർ (സ)യുടെ പ്രശംസ കിട്ടിയ നാട്ടിലാണിപ്പോൾ പറന്നിറങ്ങിയിരിക്കുന്നത്. ഈ മണ്ണിൽ എന്നെങ്കിലുമൊന്ന് കാലുകുത്തണമെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ യാത്രക്ക് നിമിത്തമുണ്ടാകുന്നത്.

വിമാനത്തിൽ നിന്നും പുറത്തിറങ്ങി. പുതിയ നാടും പരിസരവും പുത്തൻ അനുഭവങ്ങളിലേക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഷട്ടിൽ സർവീസ് ബസുകൾ യാത്രക്കാരെ ടെർമിനലിലേക്കെത്തിക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. നേർത്ത തണുപ്പുള്ള സുഖമുള്ള കാലാവസ്ഥ. നേരിയ കുളിർക്കാറ്റ് ഇടക്കിടെ വീശുന്നുണ്ട്. സ്വൻആയിൽ കാലാവസ്ഥ പൊതുവെ തണുപ്പുള്ളതാണ്. ഡിസംബർ ഫെബ്രുവരി കാലയളവിൽ പക്ഷേ കൊടും തണുപ്പാണ്.

രിബാത്വുസ്വഫ

വിമാനത്താവളത്തിന്റെ ചുറ്റുഭാഗങ്ങളിൽ വരണ്ടു നരച്ച മൺകൂനകൾ മൂടൽമഞ്ഞിനിടയിൽ മങ്ങിയ രേഖാചിത്രങ്ങളായി കിടക്കുന്നുണ്ട്. യമനി എയർഫോഴ്‌സിന്റെ മിലിട്ടറി വിമാനത്താവളത്തിനും ഇതേ റൺവേ തന്നെ ഉപയോഗിക്കുന്നത് കൊണ്ട്, റൺവേ അത്യാവശ്യം വലുപ്പമുണ്ടെങ്കിലും അന്താരാഷ്ട്ര ടെർമിനൽ നന്നേ ചെറുതാണ്. ആളുകളുടെ തിരക്ക് തീരെയില്ല. മുംബൈയിൽ നിന്നും “യമനിയ്യ” വിമാനത്തിൽ വന്ന ഏതാനും വിദ്യാർഥികളും മറ്റു യാത്രക്കാരും മാത്രം.
ടെർമിനലിന്റെ പ്രവേശന കവാടത്തിന് മുന്നിലായി മഞ്ഞ നിറത്തിലുള്ള ബോർഡ് ഏവരെയും അകർഷിക്കും. യമൻ നാടിനെ പരാമർശിച്ച് ഖുർആനിലെ സുറത്തു സബഇൽ വന്ന “നല്ല നാട് പൊറുക്കുന്ന റബ്ബ് “(ബൽദതുൻ ത്വയ്യിബ) എന്നർഥം വരുന്ന സൂക്തം ഞാനെന്റെ ക്യാമറയിൽ പകർത്തി.
ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ സമയം ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ചയാണ്. ഹളർമൗത്തിലെ ദാറുൽ മുസ്ഥഫയാണ് യാത്രാ ലക്ഷ്യം. സ്വീകരിക്കാൻ പ്രതിനിധി ആരിഫ് മഹ്ഫൂസ് എയർപോർട്ടിലെത്തിയിട്ടുണ്ട്. വിശ്രമവും ജുമുഅ നിസ്‌കാരവും ഭക്ഷണവും ഇവിടെ നിന്നും ഇരുപത്തിയാറ് കിലോമീറ്റർ അകലെയുള്ള ദാറുൽ മുസ്ഥഫയുടെ ഓഫ് ക്യാമ്പസായ “രിബാത്വു സ്വഫ”യിലാണെന്ന് ആരിഫ് മഹ്ഫൂസ് പറഞ്ഞു.

സ്വൻആ എയർപോർട്ട്

വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയതോടെത്തന്നെ ആ രാജ്യത്തിന്റെ ദരിദ്രാവസ്ഥ ഏറെക്കുറെ വ്യക്തമായിരുന്നു. യാചകരായ സ്ത്രീകളും കുട്ടികളും യാത്രക്കാരുടെ ചുറ്റും കൂടാൻ തുടങ്ങി. ഒരു ഇന്ത്യൻ രൂപക്ക് നാല് യമനി റിയാൽ കിട്ടുമെന്ന് അറിഞ്ഞപ്പോൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ഏകദേശം ബോധ്യമായി.
നുഖ്മ്, അയ്ബാൻ എന്നീ രണ്ട് മലകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്‌റ്റേഷനാണ് സ്വൻആ പട്ടണം. യമനിന്റെ തലസ്ഥാന നഗരിയാണിത്. അതിപുരാതന ഇസ്്ലാമിക പട്ടണം എന്ന ഖ്യാതിയും സ്വൻആക്കുണ്ട്.
താമസ സ്ഥലമായ രിബാത്വുസ്വഫയിലേക്ക് യാത്ര തുടങ്ങി. ആരിഫ് മഹ്ഫൂസിനൊപ്പം ടാക്‌സിയിലാണ് യാത്ര. പൗരാണികത മുറ്റിനിൽക്കുന്ന നഗരവീഥിയിലൂടെയുള്ള സഞ്ചാരം ചരിത്രത്തിന്റെ വർത്തമാന കാഴ്ചകളാണ് സമ്മാനിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ സ്ഥാനം പിടിച്ച പൗരാണിക പട്ടണത്തിലൂടെയാണിപ്പോൾ വാഹനം നീങ്ങുന്നത്. രണ്ടായിരത്തി അഞ്ഞൂറിൽ പരം വർഷം പഴക്കമുണ്ട് സ്വൻആ ഓൾഡ് സിറ്റിക്ക്. പ്രധാന വീഥികളിൽ ഇരു ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങൾ കാണാം. അധികവും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. മൺകട്ടകൾ അടുക്കി വെച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റിന് പകരം മരക്കമ്പുകളും പലകകളും മറ്റുമുപയോഗിച്ചാണ് ഓരോ നിലകളും പണിതിരിക്കുന്നത്. സഊദിയിൽ നിന്നും മറ്റും കാലാവധി കഴിഞ്ഞ് വിറ്റഴിക്കുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് നിരത്തിലധികവും ടാക്‌സികളായി വിലസുന്നത്. നമ്മുടെ നാടിനേക്കാൾ അത്യാവശ്യം ഭേദപ്പെട്ട റോഡുകളാണ്. തണുപ്പിൽ നിന്നും രക്ഷക്കായി കട്ടിയുള്ള വസ്ത്രങ്ങളും ഓവർ കോട്ടും സ്‌കാഫും ധരിച്ചാണ് ആളുകൾ നടക്കുന്നത്. വഴിയരികിലിരിക്കുന്ന പലരുടെയും കവിളുകൾ വീർത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. “ഖാത്” എന്ന് പേരുള്ള ഒരു തരം ലഹരിച്ചെടിയുടെ ഇലകൾ ചവച്ചു വെച്ചതാണത്രെ ആ മുഴകൾ !

സ്വൻആ പട്ടണത്തിന്റെ മധ്യത്തിൽ നാഷനൽ മ്യൂസിയത്തിന് സമീപമായി “തഹ്്രീർ സ്‌ക്വയർ ” എന്നെഴുതിയ ഒരു സ്തൂപം കണ്ടു. അറബ് വസന്തത്തിന്റെ ഭാഗമായുള്ള ഈജിപ്ത് വിപ്ലവത്തിന്റെ പ്രതീകമായ തഹ്”രീർ ചത്വരം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കാലമായത് കൊണ്ടാണ് ദൃഷ്ടിയിൽ പെട്ടെന്ന് അത് പതിഞ്ഞത്. രണ്ടായിരത്തി പന്ത്രണ്ടിലെ ചില വാർത്തകളും ചിത്രങ്ങളും മനസ്സിൽ മിന്നിമറഞ്ഞു. മുപ്പത്തഞ്ച് വർഷമായി അധികാരത്തിൽ തുടരുന്ന യമൻ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെതിരെ മുല്ലപ്പൂ വിപ്ലവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട വിദ്യാർഥിസമൂഹം ആരംഭിച്ച സമരജ്വാലകൾ, സർക്കാർ അനുകൂലികളുടെയും പ്രതികൂലികളുടെയും ശക്തിപ്രകടനങ്ങൾ, താൻ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന അലി സ്വാലിഹിന്റെ പ്രഖ്യാപനം, പിന്നീട് താൻ സ്ഥാനമൊഴിയാൻ തയ്യാറല്ലെന്ന തിരുത്തൽ. എല്ലാത്തിനും മൂക സാക്ഷിയായ ആ ചത്വരത്തിന് സമീപത്തുകൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
പട്ടണത്തിരക്കുകളിൽ നിന്നും ഗ്രാമ വീഥിയിലേക്ക് പ്രവേശിച്ചു. പാതകൾക്കിരുവശങ്ങളിലും അങ്ങിങ്ങായി ചെറുമരങ്ങൾ, വരണ്ട മൊട്ടക്കുന്നുകൾ, അവക്ക് സമാന്തരമായി പുരാതന നാട്ടുപാതകൾ, മൺകട്ടകൾ അടുക്കി വെച്ച് നിർമിച്ച കൊച്ചു കൂരകൾ തുടങ്ങി യമനിന്റെ അരക്ഷിതാവസ്ഥകൾ വിളിച്ചോതുന്ന ജാലകക്കാഴ്ചകളാണ് കൺമുന്നിൽ തെളിയുന്നത്.

മസ്ജിദ് അലി സ്വാലിഹ്

യാത്രക്കിടയിൽ വിദൂരതയിൽ വലിയ മിനാരങ്ങൾ പ്രത്യക്ഷപ്പെട്ടു. മുന്നോട്ട് പോകുന്തോറും വശ്യമനോഹരമായ ആ മസ്ജിദ് അടുത്തേക്ക് വരുന്നതായി അനുഭവപ്പെട്ടു. മസ്ജിദ് അലി സ്വാലിഹ് എന്ന ആധുനിക യമനിലെ വലിയ പള്ളിയാണിത്. അന്ന് യമനിന്റെ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സ്വാലിഹാണ് നിർമാണം നടത്തിയത്. 44,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ മസ്ജിദ് നിർമിക്കാൻ ഏകദേശം അറുപത് ദശലക്ഷം യു എസ് ഡോളർ ചെലവായിട്ടുണ്ടെന്നാണ് കണക്ക്.(പിന്നീട്, രണ്ടായിരത്തി പതിനേഴിൽ അലി അബ്ദുല്ല സ്വാലിഹിന്റെ മരണത്തോടെ സമാപിച്ച ഹൂത്തി സ്വാലിഹ് പിളർപ്പിന് ശേഷം ഹൂത്തികളുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ പള്ളിക്ക് “പീപ്പിൾസ് മോസ്‌ക്” എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.) ചുവപ്പും വെളുപ്പും കറുപ്പും നിറങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകളുൾപ്പെടെ വിവിധ തരം കല്ലുകൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം നടത്തിയിരിക്കുന്നത്. യമൻ വാസ്തുവിദ്യ ചാരുതയിൽ നിരവധി ഖുർആൻ വാക്യങ്ങൾ ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. മനോഹരമായ ഉദ്യാനങ്ങൾക്ക് നടുവിൽ തലയുയർത്തി നിൽക്കുന്ന പുണ്യ ഗേഹത്തെ വലയം ചെയ്ത് ഞങ്ങൾ മുന്നോട്ടു നീങ്ങി. അധികം വൈകിയില്ല, ഞങ്ങൾ രിബാത്വുസ്വഫയിലെത്തി.
ദാറുൽ മുസ്ഥഫയിൽ പഠിക്കാൻ വരുന്ന വിദേശ വിദ്യാർഥികൾ സ്വൻആ വിമാനത്താവളത്തിലിറങ്ങിയാൽ, വടക്കൻ യമനിലെ സ്വൻആയിൽ നിന്നും തെക്കെ അറ്റത്തുള്ള ഹളർമൗത്തിലെ തരീമിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക രേഖ ശരിയാക്കണമെന്നും അതുവരെ രിബാത്വു സ്വഫയിൽ നിൽക്കണമെന്നും ആരിഫ് മഹ്ഫൂസ് ഓർമപ്പെടുത്തി.

Latest