Connect with us

Kerala

എം ശിവശങ്കര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകളിലാണ് അറസ്റ്റ്. ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങള്‍ക്കകം തന്നെ ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.
ശിവശങ്കര്‍ ചികിത്സയിലുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ആശുപത്രിയിലെത്തി സമന്‍സ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി നടപടിയുണ്ടായത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അറസ്റ്റിന് തടസ്സമില്ലെന്നും അറിയിച്ചിരുന്നു. സ്വപ്ന സുരേഷ് മുഖം മാത്രമാണെന്നും, സ്വപ്നയെ മുന്‍ നിര്‍ത്തി സ്വര്‍ണക്കടത്ത് നടത്തിയത് എം ശിവശങ്കറാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, കസ്റ്റംസും അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്.

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.

Latest