Connect with us

Covid19

ദുബൈ, അബുദാബി വിമാന യാത്ര: അറിയേണ്ടതെല്ലാം 

Published

|

Last Updated


അബുദാബി | കൊവിഡ് 19 വ്യാപനത്തിന് ശേഷം യു എ ഇയിലേക്കുള്ള വിസ താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും അബുദാബിയും ദുബൈയും വിനോദ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുകയാണ്. ദുബൈയിൽ ജൂലൈ മാസത്തിൽ തന്നെ സന്ദർശക വിസ അനുവദിച്ചു തുടങ്ങിയിരുന്നെങ്കിലും അബുദാബിയും മറ്റ് എമിറേറ്റുകൾ ആറ് മാസത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബർ അവസാനത്തോടെയാണ് നൽകാൻ തുടങ്ങിയത്. സന്ദർശക വിസയിൽ യു എ ഇ യിൽ എത്തുന്നവർക്ക് അബുദാബിയിലേക്കും ദുബൈയിലേക്കും പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ വ്യത്യസ്തമാണ്.

ദുബൈ- വടക്കൻ എമിറേറ്റ്

ദുബൈയിലേക്ക് യാത്ര ആരംഭിക്കുന്നതിന് മുമ്പ് വിസ ഉണ്ടോയെന്ന് പരിശോധിക്കണം. എമിറേറ്റ്സ് എയർലൈൻ യാത്രക്കാരോട് അവർ പോകുന്ന രാജ്യത്തിന്റെ പുറപ്പെടൽ ആവശ്യകതകൾ രണ്ടുതവണ പരിശോധിക്കാൻ നിർദേശിക്കുന്നു. യു ‌എ ഇ അവരുടെ അവസാന ലക്ഷ്യസ്ഥാനമാണെങ്കിൽ‌, യാത്ര‌ പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് കൊവിഡ് -19 പി‌സി‌ആർ സ്വാബ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. ആന്റിബോഡി പരിശോധന ഫലങ്ങളും ഹോം ടെസ്റ്റിംഗ് കിറ്റുകളിൽ നിന്നുമുള്ള പരിശോധനാ ഫലങ്ങളും സ്വീകരിക്കില്ല. എല്ലാ സന്ദർശകരും ചെക്ക്-ഇൻ സമയത്ത് ഇംഗ്ലീഷിലോ അറബിയിലോ ഉള്ള അച്ചടിച്ച പരിശോധന ഫലങ്ങൾ ഹാജരാക്കണം. എസ് എം എസ് , ഡിജിറ്റൽ പരിശോധന ഫലങ്ങൾ സ്വീകരിക്കില്ല. ദുബൈയിലൂടെ യാത്ര ചെയ്യുന്നവർക്ക് പറക്കുന്നതിന് മുമ്പ് പി സി ആർ പരിശോധന നടത്തേണ്ടതില്ല. പി സി ആർ പരിശോധന നടത്താൻ കഴിയുന്ന അംഗീകൃത ലബോറട്ടറികളുടെ പട്ടിക കഴിഞ്ഞ മാസം യു എ ഇ പുറത്തിറക്കിയിരുന്നു. യാത്രക്കാർക്ക് വിശ്വസനീയമായതും പുറപ്പെടുന്ന രാജ്യത്തെ സർക്കാർ അംഗീകരിച്ചതുമായ ലാബിൽ നിന്നും പരിശോധന നടത്താൻ കഴിയും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് യു എ ഇ യിലേക്ക് യാത്ര ചെയ്യുന്നവർ യു എ ഇ അംഗീകരിച്ച ലാബുകളിൽ നിന്നാണ് പരിശോധിക്കേണ്ടത്.

എല്ലാ യാത്രക്കാരും ചെക്ക്-ഇൻ സമയത്ത് ആരോഗ്യ ഫോം പൂരിപ്പിച്ചു നൽകണം. ദുബൈ യാത്രക്കാരുടെ അന്തിമ ലക്ഷ്യസ്ഥാനമാണെങ്കിൽ വിമാനത്തിൽ നിന്നും ക്വാറന്റീൻ ഫോം പൂരിപ്പിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടും. ദുബൈയിൽ എത്തുമ്പോൾ ഇത് ഹെൽത്ത് അതോറിറ്റി ജീവനക്കാർക്ക് കൈമാറണം. ദുബൈ വിമാനത്താവളത്തിൽ നിന്നും നടത്തുന്ന കൊവിഡ് -19 പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ  യാത്രക്കാർക്ക് ദുബൈയിൽ ക്വാറന്റീൻ കഴിയേണ്ട ആവശ്യമില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികളേയും മിതമായതോ കഠിനമോ ആയ വൈകല്യമുള്ള യാത്രക്കാരെയും  കൊവിഡ് -19 പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില യാത്രക്കാർ അവർ എവിടെ നിന്ന് യാത്ര പുറപ്പെടുന്നു എന്നതിനെ ആശ്രയിച്ച് ദുബൈയിൽ എത്തിച്ചേരുമ്പോൾ ഒരു പരിശോധന നടത്തേണ്ടതുണ്ട്.

ദുബൈ വിമാനത്താവളത്തിൽ നിന്നും പി‌ സി‌ ആർ‌ പരിശോധന നടത്തുന്നവർ ഫലം ലഭിക്കുന്നതുവരെ ‌ ഹോട്ടലിലോ താമസസ്ഥലത്തോ കഴിയണം. ഫലം പോസിറ്റീവ് ആണെങ്കിൽ, ദുബൈ ഹെൽത്ത് അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അവർ ക്വാറന്റൈനിൽ പ്രവേശിക്കണം. സന്ദർശകർ കൊവിഡ് 19 – (dxb)  ഡി എക്സ് ബി സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണം. ദുബൈയിൽ നിന്ന് പുറപ്പെടുന്ന സഞ്ചാരികൾ യാത്രക്കാരൻ യാത്ര ചെയ്യുന്ന രാജ്യം നിർബന്ധമാക്കിയാൽ മാത്രമേ പി സി ആർ പരിശോധന നടത്തേണ്ടതുള്ളൂ. കൂടുതൽ വിവരങ്ങൾ എമിറേറ്റ്സ് വെബ്സൈറ്റിൽ ലഭ്യമാകും. ദുബൈയിലെ അംഗീകൃത ലബോറട്ടറികളുടെ പട്ടിക വെബ്സൈറ്റിൽ ഉണ്ട്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ

അബുദാബിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്ന സഞ്ചാരികൾ പുറപ്പെടുന്നതിന് മുമ്പ് പി‌ സി‌ ആർ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ചെക്ക്-ഇൻ സമയത്ത് ഫലം കാണിക്കുകയും വേണം. ദുബൈയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ അബുദാബിയിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ ഒരു റിസ്റ്റ്ബാൻഡ് ഉപയോഗിച്ച് ക്വാറന്റൈൻ കാലയളവ് നിരീക്ഷിക്കും. അബുദാബിയിൽ പ്രവേശിക്കുന്നതിന് എത്ര ദിവസം മുമ്പാണ് യു എ ഇ യിൽ എത്തിയത് അത്രയും ദിവസം ക്വാററ്റൈൻ കാലാവധിയിൽ നിന്നും കുറക്കും. ആറ് ദിവസം മുമ്പ് ഒരു വിനോദ സഞ്ചാരി ദുബൈയിൽ വന്നിറങ്ങിയാൽ അവർക്ക് എട്ട് ദിവസം മാത്രമേ അബുദാബിയിൽ ക്വാറന്റൈനിൽ കഴിയേണ്ടതുള്ളൂ.

അബുദാബിയിലേക്ക് പോകേണ്ടുന്ന ദുബൈ യാത്രക്കാർക്ക്  96 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പി സി ആർ പരിശോധനാ ഫലം നിർബന്ധമാണ്. അതിർത്തിയിൽ ഡിഫ്രാക്ടീവ് ഫേസ് ഇന്റർഫെറോമെട്രി (ഡി പി ഐ) പരിശോധന നടത്തണം. അതിർത്തിയിൽ വെച്ച് റിസ്റ്റ്ബാൻഡ് ഘടിപ്പിക്കും. 12 ദിവസത്തിനുശേഷം രണ്ടാമത്തെ പരിശോധന നിർബന്ധമാണ്. ഫലം നെഗറ്റീവ് ആണെങ്കിൽ 14 ദിവസത്തിന് ശേഷം റിസ്റ്റ്ബാൻഡ് നീക്കം ചെയ്യും. 14 ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുന്നർക്ക് അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിൽ  ക്വാറന്റൈൻ ആവശ്യമില്ല.

എന്നാൽ അവർ ആറ് ദിവസത്തിൽ കൂടുതൽ അബുദാബിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിർത്തിയിൽ നിന്നും  ഒരു ഡി പി ഐ പരിശോധന നടത്തുന്നതിന് പുറമെ  ആറാം ദിവസം പി സി ആർ പരിശോധന നടത്തുകയും വേണം. പി സി ആർ പരിശോധന നടത്തിയില്ലെങ്കിൽ പിഴ ലഭിക്കും. കുട്ടികളടക്കം അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും സർക്കാർ കേന്ദ്രത്തിലോ ഹോട്ടലിലോ വ്യക്തിയുടെ വീട്ടിലോ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ച ആളുകളെ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല. ഹോട്ടലിലോ വീട്ടിലോ ക്വാറന്റീനിൽ കഴിയുകയാണെകിൽ അവർ അവിടെത്തന്നെ തുടരുമെന്ന് ഉറപ്പുവരുത്താൻ അവർക്ക് സൗജന്യമായി ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഘടിപ്പിക്കും. ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നവർ ഈ കാലയളവിൽ അവരുടെ മുറിയിൽ നിന്ന് പുറത്തുപോകരുത്. ടൂറിസ്റ്റിന്റെ സ്വന്തം ചെലവിൽ 12-ാം ദിവസം രണ്ടാമത്തെ പി സി ആർ പരിശോധന നടത്തണം. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ ഒരു പ്രതിനിധി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി ( സഹ ) കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിന് അവരുമായി ബന്ധപ്പെടും. ഫലം നെഗറ്റീവ് ആണെങ്കിൽ, 14 ദിവസം സഹ സെന്ററിൽ നിന്നും റിസ്റ്റ്ബാൻഡ് നീക്കംചെയ്യാം.

നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ നേരിടേണ്ടിവരും. അബുദാബിയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ പി സി ആർ പരിശോധന നടത്തണം. ഒക്ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ ഇത്തിഹാദ് എയർവേസ് ടിക്കറ്റുകളിൽ യാത്രചെയ്യുന്ന യാത്രക്കാർക്ക് പരിശോധന സൗജന്യമാണ്, എന്നാൽ ചൈനയിലേക്കുള്ള യാത്രക്കാർ ലഭിക്കില്ല.  വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സ്വന്തം വീട്ടിൽ നിന്നും പരിശോധന നടത്താനുള്ള സൗകര്യം ഇത്തിഹാദ് നൽകുന്നുണ്ട്.

പി സി ആർ പരിശോധന ആവശ്യമുള്ള രാജ്യക്കാർ

മിഡിൽ ഈസ്റ്റ് – ആഫ്രിക്ക
അംഗോള, റുവാണ്ട, ഐവറി കോസ്റ്റ്, സാംബിയ, ഘാന, സെനഗൽ, ടുണീഷ്യ, ഉഗാണ്ട, സുഡാൻ, ഈജിപ്ത്, എത്യോപ്യ, സൊമാലിയ, ടാൻസാനിയ, സിറിയ, എറിത്രിയ, കെനിയ, ജോർദാൻ, മൊറോക്കോ, ഇറാഖ്, ദക്ഷിണ സുഡാൻ, ജിബൂട്ടി, ഗ്വിനിയ , സിംബാബ്‌വെ, ഇറാൻ, ലെബനൻ, ഇസ്രായേൽ.

യൂറോപ്പ്  
ചെക്ക് റിപ്പബ്ലിക്, റൊമാനിയ, മോണ്ടിനെഗ്രോ, മാൾട്ട, ജോർജിയ, ഉക്രെയ്ൻ, ഗ്രീസ്, ക്രൊയേഷ്യ, സൈപ്രസ്, ഹംഗറി, റഷ്യ, സ്ലൊവാക്യ, മോൾഡോവ.

ഏഷ്യ
പാകിസ്ഥാൻ, ഇന്ത്യ, വിയറ്റ്നാം, മ്യാൻമർ, കംബോഡിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, നേപ്പാൾ, ഉസ്ബെക്കിസ്ഥാൻ.

വടക്കേ അമേരിക്ക
യു എസ് (കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ്).

തെക്കേ അമേരിക്ക 
അർജന്റീന, ബ്രസീൽ, ചിലി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest