മുന്നാക്ക സംവരണത്തിന് കോണ്‍ഗ്രസ് പിന്തുണ: മുല്ലപ്പള്ളി

Posted on: October 28, 2020 11:50 am | Last updated: October 28, 2020 at 4:11 pm

തിരുവനന്തപുരം | മുന്നാക്ക വിഭാഗത്തിന് അനുകൂലമായ സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗിന്റെ
നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കാനിരിക്കെ ലീഗ് നിലപാടിനെ തള്ളി യു ഡി എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അതേ നിലപാടാണ് കേരളത്തിലെ പാര്‍ട്ടിക്കെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി പി എം വര്‍ഗീയ ദ്രുവീകരണത്തിലൂടെ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യു ഡി എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് ഈ വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ മുസ്ലിം ലീഗും എസ് എന്‍ ഡി പിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നിലപാട് സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമായതിനാല്‍ വിഷയത്തില്‍ ഇനി മുസ്ലിംലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.