Connect with us

Editorial

മുന്നാക്ക സംവരണം പുനഃപരിശോധിക്കണം

Published

|

Last Updated

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനെന്ന പേരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കിയിരിക്കുന്ന പത്ത് ശതമാനം സംവരണം സംവരണത്തിന്റെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാണ്. സംവരണമെന്ന ആശയം എന്തിന് വേണ്ടിയാണോ വിഭാവന ചെയ്തത് അതിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതും അതിന് അര്‍ഹരായ ജനവിഭാഗങ്ങളെ അപമാനിക്കുന്നതുമാണ്. ഒപ്പം രാഷ്ട്രീയ ലക്ഷ്യത്തോടെ വന്‍ ചതിയാണ് മുന്നാക്ക സംവരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നത്. കേരള സമൂഹത്തിലെ ചെറിയ ശതമാനം വരുന്ന മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരുടെ സാമ്പത്തിക അവശത പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങളും ഉത്തരവും മറികടന്ന് സംവരണ വിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് കാര്യമായ ഉപാധികളൊന്നുമില്ലാതെ മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നത് ഏറെ ആശങ്കാജനകമാണ്. മുന്നാക്ക സംവരണത്തില്‍ നിന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒഴിവാക്കിയ ന്യൂനപക്ഷ പദവിയുള്ള എന്‍ജിനീയറിംഗ് കോളജുകളായ കൊല്ലം ടി കെ എം, കോതമംഗലം മാര്‍ അത്തനേഷ്യസ് എന്നിവിടങ്ങളില്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് നിയമം ലംഘിച്ച് മുന്നാക്ക സംവരണ പ്രകാരം അലോട്ട്‌മെന്റ് നടത്തിയ അധികൃതര്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നിയമലംഘനത്തെ ന്യായീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.
നിലവില്‍ ഭരണഘടന അനുവദിച്ച അവകാശത്തിന് വേണ്ടി ദളിത് ന്യൂനപക്ഷങ്ങള്‍ ഉദ്യോഗസ്ഥ പ്രഭുക്കളുടെ ആട്ടുംതുപ്പും സഹിക്കേണ്ടി വരുന്ന കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കി മണിക്കൂറുകള്‍ക്കകം ഉത്തരവ് മറികടന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ പോലും സംവരണം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കുന്നുവെന്നത് സമീപ ഭാവിയില്‍ ഇതില്‍ വരാനിരിക്കുന്ന അപകടം വിളിച്ചോതുന്നതാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറുകള്‍ പൂര്‍ണ പരാജയമെന്ന് പലവുരു തെളിയിച്ച കേരളത്തില്‍ ഇത്തരമൊരു സംവരണം നടപ്പാക്കുമ്പോള്‍ അതിന്റെ ആഘാതം എത്രയായിരിക്കുമെന്നതിന്റെ സൂചന കൂടിയാണിത്.

ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്‌കരമായിരിക്കുമെന്ന് നമുക്ക് ബോധ്യമുള്ളതാണ്. വര്‍ഷക്കണക്കിന് കാലം നീളുന്ന കമ്മീഷനുകളും സമര്‍പ്പിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാന്‍ എടുക്കുന്ന സമയ ദൈര്‍ഘ്യവും പിന്നീട് അതില്‍ വെള്ളം ചേര്‍ത്ത് നടപ്പാക്കുമ്പോള്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനവും ഒപ്പം ഇതിനെതിരെ ശക്തമായി രംഗത്തെത്തുന്നവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഭരണകൂടങ്ങള്‍ വരുത്തുന്ന തിരുത്തലുകളും കഴിഞ്ഞ് നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രമായിരിക്കും ലഭിക്കുക. ജീവിക്കുന്ന തെളിവുകള്‍ സമര്‍പ്പിച്ചാല്‍ പോലും ഉദ്യോഗസ്ഥ-ഭരണകൂട ചുവപ്പ് നാടയില്‍ കുരുങ്ങി ഒടുവില്‍ കഞ്ഞിപാത്രത്തിലെ അവസാന വറ്റ് പോലെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണുക. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പാലോളി കമ്മിറ്റിയുമെല്ലം ഇതിന്റെ ഉദാഹരണങ്ങളാണ്.
രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാറുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡപ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍ പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവന്‍ സീറ്റിലെയും പത്ത് ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെക്കുന്നുവെന്നത് വഞ്ചനാപരമാണ്. ഇതോടൊപ്പം ഏത് ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം പത്ത് ശതമാനമാക്കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ അനുബന്ധ ഉത്തരവിന് വിരുദ്ധമായി സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഭേദഗതികള്‍ വരുത്തിയതിലെ താത്പര്യം സര്‍ക്കാറിനെതിരെ സംശയം ജനിപ്പിക്കുന്നതാണ്. നാലര ലക്ഷം ഭവന രഹിതരുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന നാട്ടില്‍ സാമ്പത്തിക പിന്നാക്കാവസ്ഥക്കുള്ള മാനദണ്ഡമായി പഞ്ചായത്തില്‍ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയില്‍ മുക്കാല്‍ ഏക്കറും കോര്‍പറേഷനില്‍ അരയേക്കറും പരിധി നിശ്ചയിച്ചത് സാമ്പത്തിക അവശതയുടെ ഏത് അളവുകോല്‍ വെച്ചാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും വഞ്ചനാപരമായ നീക്കത്തെ തുടര്‍ന്ന് നിലവില്‍ നടന്നു കഴിഞ്ഞ പ്ലസ് വണ്‍ പ്രവേശനത്തില്‍ പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളേക്കാള്‍ മാര്‍ക്ക് കുറവുള്ള മുന്നാക്ക വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതിനെ കുറിച്ചും പിന്നാക്ക വിഭാഗക്കാര്‍ക്ക് നിര്‍ദിഷ്ട സംവരണത്തിലെ തോത് ലഭിക്കാതിരുന്ന സാഹചര്യത്തെ കുറിച്ചും സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എം ബി ബി എസ്, മെഡിക്കല്‍ പി ജി വിഭാഗങ്ങളിലുള്‍പ്പെടെ നിലവിലെ സംവരണ സമുദായങ്ങളേക്കാള്‍ മീതെ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തൊഴിലിന് സമാനമായ രീതിയില്‍ സംവരണം നല്‍കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് മുന്നാക്ക വിഭാഗത്തിന് മുഴുവന്‍ കോഴ്‌സുകള്‍ക്കും പത്ത് ശതമാനം സംവരണം. ഈ സാഹചര്യത്തില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ, സവര്‍ണ താത്പര്യം മാനദണ്ഡമാക്കി മാത്രമാണ് മുന്നാക്ക സംവരണം നടത്തിയതെന്ന് കേരളത്തിന് വിശ്വസിക്കേണ്ടി വരും. മുന്നാക്ക സംവരണത്തിന് നിലവിലുള്ള റിസര്‍വേഷന് പുറമെ എന്ന് പ്രത്യേകമായി ഭരണഘടനാഭേദഗതി ചെയ്തിരിക്കെ, റൊട്ടേഷന്‍ ക്രമത്തില്‍ ആദ്യം സംവരണ വിഭാഗങ്ങള്‍ക്ക് പ്രവേശനം ഉറപ്പാക്കാതെ, തൊഴില്‍ നിയമനങ്ങളില്‍ ഇപ്പോള്‍ പുറത്തിറക്കിയ മാതൃകാ റൊട്ടേഷന്‍ ചാര്‍ട്ടില്‍ മുന്നാക്കക്കാരെ ആദ്യം മുതല്‍ തന്നെ ക്രമത്തില്‍ ഉള്‍പ്പെടുത്തിയതിലും ചതി ഒളിച്ചിരിപ്പുണ്ട്.

---- facebook comment plugin here -----

Latest