കോഴിക്കോട് | വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ടു ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിവാഹപ്രായം 21ലേക്ക് ഉയർത്തുന്നത് സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ലോകത്തെ 160ഓളം രാഷ്ട്രങ്ങളിൽ പതിനെട്ടാണ് പെൺകുട്ടികൾക്ക് വിവാഹം കഴിക്കാനുള്ള പ്രായമായി നിയമമുള്ളത്. അവയിൽ, മാതാപിതാക്കളുടെയോ ജുഡീഷ്വറിയുടെയോ അനുമതിയുണ്ടെങ്കിൽ പതിനെട്ടിന് മുമ്പേ വിവാഹപ്രായം അനുവദിക്കുന്ന ധാരാളം രാഷ്ട്രങ്ങളും ഉണ്ട്.
ഈ സ്ഥിതിവിശേഷം ലോകത്ത് പൊതുവെ നിലനിൽക്കുമ്പോൾ, ഇന്ത്യയിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത് നമ്മുടെ സാമൂഹിക സാഹചര്യങ്ങളെ സങ്കീർണതയിലാഴ്ത്തും. വിവാഹപ്രായം ഉയർത്തുന്നത് ദരിദ്ര കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. ഉന്നത വിദ്യാഭ്യാസം ചെലവേറിയ പ്രക്രിയയായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന പെൺകുട്ടികളിൽ പലരുടെയും വിദ്യാഭ്യാസം തുടരാൻ നിമിത്തമാകുന്നത്, വിവാഹ ശേഷം ഭർത്താക്കന്മാർ നൽകുന്ന സാമ്പത്തികവും മാനസികവുമായ പിന്തുണകളാണ്.
മതപരവും സാമൂഹികവുമായ ഘടകങ്ങൾ പരിഗണിച്ചു കൊണ്ട്, വിവാഹപ്രായം ഉയർത്തി നിയമ ഭേദഗതി വരുത്തരുതെന്നും സമസ്ത നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.