കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

Posted on: October 21, 2020 11:20 am | Last updated: October 21, 2020 at 3:08 pm

കൊച്ചി |  രോഗികള്‍ക്കുണ്ടാകുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. മികച്ച ചികിത്സക്ക് ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടുവെന്ന പരാതിയുമായി കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരു രോഗി ബൈ ഹഖ് ബന്ധുക്കള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നു. ചികിത്സയിരിക്കെ മരിച്ച ജമീലയുടെ മകള്‍ ഹൈറുന്നീസയും പുതിയ പരാതിയുമായി എത്തി. ഐ സി യുവില്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി മാതാവ് പറഞ്ഞെന്ന് ഹൈറുന്നീസ പറഞ്ഞു.

കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പണം വേണമെന്ന് ബൈ ഹഖ് പറയുന്ന ശബ്ദ സന്ദേശമാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. ചെക്ക് വഴിയോ പണമായോ എത്രയും വേഗം സഹായമെത്തിക്കണമെന്ന് രോഗി ഓഡിയോയില്‍ അപേക്ഷിക്കുന്നുമുണ്ട്. ഇയാള്‍ക്ക് മികച്ച ചികിത്സയോ, വെന്റിലേറ്റര്‍ സൗകര്യമോ ഒരുക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പണം എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ സഹായം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളെജിനെതിരെ ബൈ ഹൈക്കിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് പരിചരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.