Connect with us

Pathanamthitta

ലേല കാലാവധി നീട്ടി നല്‍കണം; ശബരിമലയിലെ വ്യാപാരികള്‍ സമരത്തിന്

Published

|

Last Updated

പത്തനംതിട്ട | ലേല കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. നിലക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ഥാടന വര്‍ഷത്തില്‍ സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്. കൊവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്.

വ്യാപാര നഷ്ടം മൂലം വ്യാപാരികള്‍ കടക്കെണിയിലായി. കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബ സംരക്ഷണ ചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലുമുണ്ടായ നഷ്ടം തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യാ വക്കിലാണ് ശബരിമലയിലെ വ്യാപാരികള്‍.

2020-21 വര്‍ഷത്തെ തീര്‍ഥാടന കാലത്ത് 1000 പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി നല്‍കൂ എന്നും ബോര്‍ഡിന്റെ തീരുമാനം ഉണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ ടെന്‍ഡര്‍ നടപടികളില്‍ നിന്നും പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതിന് അനുകൂലമായ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല യൂനിറ്റ് ഭാരവാഹികള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണ നടത്തുന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ് എസ് മനോജ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഭാരവാഹികളായ ജെ ജയകുമാര്‍, അബ്ദുല്‍ സലീം, പി ആര്‍ രാജേഷ് സംബന്ധിക്കും.