ഞങ്ങളെ വോട്ട് നേടി ജയിച്ചവര്‍ രാജിവെച്ചാല്‍ ഞങ്ങളും രാജിവെക്കാം: കേരള കോണ്‍ഗ്രസ്

Posted on: October 20, 2020 11:25 am | Last updated: October 20, 2020 at 11:25 am

കോട്ടയം | എല്‍ ഡി എഫിലേക്ക് പോകാന്‍ തീരുമാനിച്ചവര്‍ യു ഡി എഫില്‍ നിന്ന് നേടിയ സ്ഥാനമാനങ്ങല്‍ രാജിവെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേരള കോണ്ടഗ്രസ് എം. കേരള കോണ്‍ഗ്രസ് എമ്മിന്റെ എം പിയും എം എല്‍ എമാരും സ്ഥാനം രാജിവെക്കണമെന്ന് പറയുന്നത് അപഹാസ്യമാണ്. കേരള കോണ്‍ഗ്രസിന്റെ വോട്ട് നേടി ജയിച്ച യു ഡി എഫ് പ്രതിനിധികള്‍ രാജിവെക്കാന്‍ തയ്യാറായാല്‍ ആ നിമിഷം തങ്ങളും രാജിവെക്കാം. കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയ ധാര്‍മിക പഠിപ്പിക്കാന്‍ ആരും വരേണ്ടന്നും താമസ് ചാഴികാടന്‍ എം പി, എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ യു ഡി എഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണ്. മാണിസാറിനെ പിന്നില്‍ നിന്നുകുത്തുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ ഇന്ന് കെ എം മാണിയുടെ പേരുപറഞ്ഞ് നടത്തുന്ന സ്നേഹപ്രകടനം അപഹാസ്യമാണ്. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 1982ല്‍ ഇടതുമുന്നണി ബാന്ധവം അവസാനിപ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ എം പിമാരും എം എല്‍ എമാരും രാജിവച്ചിരുന്നില്ല. എംഎല്‍എ ആയിരുന്ന ഇപ്പോഴത്തെ യു ഡി എഫ് കണ്‍വീനറും അന്ന് രാജിവച്ചില്ല. വലതുമുന്നണി വിട്ട് സി പി ഐ ഇടതുമുന്നണിയിലേക്കു മാറിയപ്പോഴും ജനപ്രതിനിധികള്‍ സ്ഥാനമൊഴിഞ്ഞിരുന്നില്ല.

1989ലും 2010ലും പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണി മാറിയപ്പോഴും എം എല്‍ എമാര്‍ സ്ഥാനമൊഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ്-എം ഇല്ലാത്ത മുന്നണി മുങ്ങുന്ന കപ്പലാണെന്ന വിഷമമാണ് ചില കോണ്‍ഗ്രസുകാരുടെ സമരാഭാസത്തിനു പിന്നില്‍. പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാതെ യു ഡി എഫിനെയും കേരള കോണ്‍ഗ്രസ്-എമ്മിനെയും വഞ്ചിച്ചവരുടെ കൈപിടിച്ചു കൊണ്ട് മാണി സാറിന്റെ ഓര്‍മകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചു പറയുന്നതിന് എന്ത് അര്‍ഥമാണുള്ളത്.

കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളുമാണ് കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്നു തിരിച്ചറിഞ്ഞാണ് എല്‍ ഡി എഫ് പാര്‍ട്ടിയെ മാന്യമായാണ് സ്വീകരിച്ചതെന്നും ഇവര്‍ പറഞ്ഞു.