Connect with us

Kozhikode

നിയമസഭാ സീറ്റ്: ലീഗിൽ കെ എം സി സി സമ്മർദം തുടങ്ങി

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ പുതിയ രാഷ്ട്രീയസാഹചര്യം മുൻനിർത്തി മുസ്‌ലിം ലീഗിൽ നിന്ന് സീറ്റുകൾ ചോദിച്ചു വാങ്ങാൻ വിവിധ കെ എം സി സി കമ്മിറ്റികൾ ശ്രമം തുടങ്ങി. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കേരളത്തിൽ യു ഡി എഫ് രാഷ്ട്രീയത്തെ സഹായിക്കുന്നതിൽ കെ എം സി സി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലക്ക്, വരുന്ന നിയമസഭയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം.

എൽ ജെ ഡി, കേരളാ കോൺഗ്രസ് മാണി വിഭാഗങ്ങൾ യു ഡി എഫ് വിട്ടതോടെ അവരുടെ സീറ്റുകൾ വീതിക്കുമ്പോൾ മുസ്‌ലിം ലീഗിന് വർധിക്കുന്ന സീറ്റുകൾക്ക് തീർച്ചയായും കെ എം സി സിക്ക് അവകാശമുണ്ടെന്നാണ് അവർ പറയുന്നത്. കേരളം നേരിട്ട രണ്ട് പ്രളയങ്ങൾ, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച അസാധാരണ നേതൃപാടവത്തിൽ യു ഡി എഫ് സ്തംഭിച്ചു നിന്നപ്പോൾ കെ എം സി സി നടത്തിയ പ്രവർത്തനമാണ് യു ഡി എഫിന് ഊർജം പകർന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പടർന്ന ആദ്യ നാളുകളിൽ പ്രവാസികളുടെ വിഷയങ്ങൾ ഉയർത്തി സർക്കാറിനെ മുൾമുനയിൽ നിർത്തുന്നതിലും കെ എം സി സി വിജയിച്ചു എന്നാണ് സംഘടന പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായ കെ എം സി സിക്ക് പ്രവർത്തിക്കുന്ന വിവിധ ഗൾഫ് രാജ്യങ്ങളിലെ നാഷനൽ കമ്മിറ്റികൾ തങ്ങളുടെ പ്രതിനിധികളെ നിർദേശിച്ചെങ്കിലും ഖത്വർ കെ എം സി സിക്കാണ് നറുക്ക് വീണത്.

ഖത്വർ കെ എം സി സി മുൻ ജനറൽ സെക്രട്ടറിയും ചന്ദ്രിക ഖത്വർ എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാനുമായ പാറക്കൽ അബ്ദുല്ല കുറ്റ്യാടിയിൽ വീണ്ടും മത്സരിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ രണ്ട് സീറ്റുകൂടി കെ എം സി സി ചോദിക്കും. ലീഗ് മത്സരിക്കുന്ന 24 സീറ്റുകൾ വർധിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ പ്രവാസികൾ കൂടുതലുള്ള കാസർകോട്, തൃശൂർ ജില്ലകളിൽ സീറ്റ് വേണമെന്നായിരിക്കും കെ എം സി സി ആവശ്യപ്പെടുക.

എന്നാൽ ഇത്തരത്തിലുള്ള ഒരു ചർച്ചക്കും സമയമായിട്ടില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. ആദ്യം തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ്. അതുകഴിഞ്ഞിട്ടേ നിയമസഭാ തിരിഞ്ഞെടുപ്പു ചർച്ചകളിലേക്ക് പ്രവേശിക്കുകയുള്ളൂ എന്ന് പാർട്ടി ജന. സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.
ഖത്വർ കെ എം സി സിക്ക് സ്ഥാനാർഥിയെ കിട്ടിയ സ്ഥിതിക്ക് അടുത്ത ഊഴം തങ്ങൾക്കാണെന്നാണ് ദുബൈ കെ എം സി സി പറയുന്നത്. ഇവരുടെ പ്രമുഖ നേതാവ് ഇബ്‌റാഹിം എളേറ്റിലാണ് ഇതിനായി മുന്നിലുള്ളത്. നേരത്തേ കൊടുവള്ളിയിൽ ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരിക്കും രണ്ടാം പ്രതിനിധിക്ക് മുഖ്യ പരിഗണന എന്നാണ് സൂചന.

അടുത്തത് സഊദി അറേബ്യ കെ എം സി സിയാണ്. സഊദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടിയെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ കഴിഞ്ഞ വർഷം പാണക്കാട്ടെത്തിയിരുന്നു. ഇപ്പോൾ മറ്റു പല പേരുകളും ചർച്ചയിൽ ഉയരുന്നുണ്ട്. കാസർകോട്ട് ഖമറുദ്ദീൻ എം എൽ എയുടെ പ്രതിച്ഛായ തകർന്ന സാഹചര്യത്തിൽ ഒരു പ്രവാസി പ്രതിനിധിയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ വിവിധ കെ എം സി സി കമ്മിറ്റികൾ സംഘടിത നീക്കം നടത്തുന്നുണ്ട്.

കെ എം സി സി പ്രതിനിധി ജയിച്ച കുറ്റ്യാടി സുരക്ഷിത മണ്ഡലമല്ലെന്ന വാദവും ഇവർ ഉന്നയിക്കുന്നു. ഇടതു കോട്ടയായിരുന്ന മേപ്പയ്യൂർ, പേരും അതിരും മാറ്റിയെങ്കിലും 2011 ലും സി പി എമ്മിലെ കെ കെ ലതിക വിജയം ആവർത്തിച്ച മണ്ഡലമാണ് കുറ്റ്യാടി. ഇടതുപക്ഷത്തിന്റെ സൂക്ഷ്മതക്കുറവുകൊണ്ടു പാറക്കൽ അബ്ദുല്ല പിടിച്ചെടുത്ത ഈ മണ്ഡലത്തിൽ വിജയം ആവർത്തിക്കാൻ കടമ്പകളേറെയുണ്ടെന്നും അതിനാൽ കുറ്റ്യാടിയിൽ പരാജയപ്പെട്ടാലും കെ എം സി സിക്ക് കൂടുതൽ പ്രതിനിധികൾ നിയമസഭയിൽ ഉണ്ടാവുന്ന തരത്തിൽ മൂന്ന് സീറ്റുകളെങ്കിലും അനുവദിക്കണമെന്നും ശക്തമായി വാദിക്കാനാണ് അവരുടെ നീക്കം.
കെ എം സി സി അത്തരമൊരു ആവശ്യവുമായി ശക്തമായി മുന്നോട്ടു വന്നാൽ ആർക്കും അവരെ തള്ളിക്കളയാനാവില്ലെന്നാണ് പ്രമുഖ ലീഗ് നേതാക്കളും പറയുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest