ബാര്‍കോഴ കേസിന് പിന്നില്‍ രമേശ് ചെന്നിത്തല; കേരള കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് പുറത്ത്

Posted on: October 18, 2020 3:14 pm | Last updated: October 18, 2020 at 6:18 pm

കോട്ടയം | മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്്. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോര്‍ജ്ജും ഗൂഢാലോചന നടത്തിയെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ കേരളാ കോണ്‍ഗ്രസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍്ട്ടില്‍ പറയുന്നുണ്ട്.കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിത ഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബാര്‍കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കെഎം മാണി അടക്കം കേരളാ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നതും ഇല്ല. യുഡിഎഫ് വിട്ട് ജോസ് കെ മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് പറയുന്നത് അല്ലാതെ ആരുടെയെങ്കിലും പേരെടുത്ത് പറയാന്‍ കഴിഞ്ഞ ദിവസങ്ങളിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല. കെഎം മാണിക്കെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതാക്കള്‍ നടത്തിയിരുന്ന പ്രതിഷേധ പ്രസ്താവനകളെല്ലാം ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനൊപ്പം വീണ്ടും വാര്‍ത്തയില്‍ നിറയുന്നതിനിടെയാണ് റിപ്പോര്‍ട്ട് തന്നെ പുറത്ത് വിട്ട് കേരളാ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.

സിഎഫ് തോമസ് അധ്യക്ഷനായ സമിതിയെ പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല, തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ കെഎം മാണി അന്വേഷണം ഏല്‍പ്പിക്കുന്നത്. ഇതാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേരളാ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നതും.